Saturday, November 28, 2009

മണ്ണിന്‍റെ പുത്രന്‍

മദ്ദൂരിലെ കെ (കര്‍ണാടക) എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ബസ്സ് നിര്‍ത്തിയപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. ഉച്ചയൂണിനുള്ള സമയം. എനിക്കൂണ് മാണ്ഡ്യ എത്തിയതിനു ശേഷം - പ്രീതുവിന്‍റെ വീട്ടില്‍. ഒരര മണിക്കൂര്‍ കൂടെ കാത്തിരിക്കണം.

തൊട്ടടുത്ത സീറ്റില്‍ ഒരു കര്‍ഷക കുടുംബം. പാടത്ത് പണിയെടുത്തു പരുക്കനായ ശരീരം. മകനെ ഭക്ഷണം കഴിപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന ചേച്ചിക്ക് കാക്കക്കറുപ്പ്‌ നിറം. ഇത്ര കറുപ്പ് നിറം ആദ്യമായാണ് കാണുന്നത് :) ചേട്ടനത്രക്ക് നിറം പോര! അപ്പോഴാണ്‌ കക്ഷി കാലെടുത്തു സീറ്റില്‍ വെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. പാടത്തെ ചെളിയില്‍ മുങ്ങിയ പാദങ്ങള്‍ - പകുതിയും സീറ്റിലായിരിക്കുന്നു. കഷ്ടം എന്നൊരു നിമിഷം ഓര്‍ത്തു - പിന്നെ മനസ്സു ചെന്നു നിന്നത് 'വാത്സല്യം' എന്ന ചിത്രത്തിലെ ഒരു രംഗത്തിലേക്ക്. പാടത്ത് നിന്നും ചെളിയും വിയര്‍പ്പും പറ്റിയ ശരീരവുമായി കയറി വരുന്ന മേലേടത്ത് രാഘവന്‍ നായര്‍ പട്ടണത്തില്‍ വളര്‍ന്ന അനിയന്‍റെ ഭാര്യക്ക് ഓക്കാനം വരുത്തുന്നത്! ഒരു പക്ഷെ ഞാനും ഒരു പട്ടണ പരിഷ്കാരി ആയിരിക്കുന്നു!

കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ പുള്ളി നിലക്കടല തിന്നുന്നു. തോടു പൊളിച്ചിടുന്നത് നേരെ താഴേക്ക് ... ഇതു ശരിക്കും കഷ്ടം തന്നെ. ഏത് മണ്ണിന്‍റെ പുത്രനാണെങ്കിലും ഇരിക്കുന്ന സ്ഥലം വൃത്തികേടാക്കുന്നത് കഷ്ടം തന്നെ. അതോ ... ഞാന്‍ വല്ലാതെ പരിഷ്കാരിയായോ?

പി എസ്: മാണ്ഡ്യക്ക് പോയത് പ്രീതുവിനെയും മനുവിനെയും തിരിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍. അവര്‍ ഇനി ബെംഗളൂരുവില്‍ ... എന്‍റെ കൂടെ :)

Wednesday, July 22, 2009

ഗ്രഹണം

രാവിലെ ആറു മണിക്ക് തന്നെ സൂര്യ ഗ്രഹണം കാണാന്‍ ടെറസ്സിന്‍റെ മുകളില്‍ കുത്തിയിരുന്നിട്ട് ആകെ കാണാന്‍ കഴിഞ്ഞത് മേഘങ്ങളെയാണ്. എന്തൊരു ചതി :( സൂര്യഗ്രഹണം ബെംഗളൂരുവില്‍ എന്തായാലും കാണാന്‍ പറ്റില്ല. എന്നാലും ഒരര ഗ്രഹണം എങ്കിലും കാണാം എന്ന് പ്രതീക്ഷിച്ചതാ. ഈ മേഘങ്ങളെക്കൊണ്ടു തോറ്റു!

പൂര്‍ണ സൂര്യഗ്രഹണം ഒരത്യപൂര്‍വ കാഴ്ച്ചയാണത്രേ. ഇനിയിപ്പോ ഇന്ത്യയില്‍ ഈയടുത്തൊന്നും പൂര്‍ണ സൂര്യഗ്രഹണം ഇല്ല. വേറെ വല്ല നാട്ടിലുമൊക്കെ പോയി കാണേണ്ടി വരും :( ഇപ്രാവശ്യം തന്നെ വല്ല ബീഹാറിലോ വാരാണസിയിലോ ഒക്കെ പോവാമായിരുന്നു.

എന്തായാലും എന്‍റെ ഒരു സമാധാനത്തിനു കഴിഞ്ഞ ജനുവരിയിലെ ഭാഗിക സൂര്യ ഗ്രഹണ സമയത്തു ഞാനെടുത്ത ചില ചിത്രങ്ങള്‍ പോസ്റ്റുന്നു:


ഒരു ബിസ്കറ്റ്‌ ആരോ കടിച്ച പോലെ ഇല്ലേ? എക്സ്-റേ ഫിലിം ലെന്‍സിനു മുന്നില്‍ പിടിച്ച് എടുത്തതാണ്. എന്നിട്ടും പരമാവധി വെളിച്ചം കുറച്ചിട്ടാണ് ഇങ്ങനെ കിട്ടിയത്. ഗ്രഹണം കഴിഞ്ഞപ്പോള്‍ സൂര്യ ബിംബത്തിന്‍റെ ഒരു പടവും പിടിച്ചിരുന്നു:


ഈ ക്യാമറ സെറ്റിങ്ങില്‍ (1/3200 സെക്കന്റ്‌, f/22, ISO100) സൂര്യനെ അല്ലാതെ വേറെന്തെടുത്താലും ഒന്നും കാണില്ല. എക്സ്-റേ ഫിലിം ലെന്‍സിനു മുന്നില്‍ വെച്ചിട്ടുള്ള കാര്യമാണ് പറയുന്നതെന്നോര്‍ക്കണം. അത്രയ്ക്ക് സ്ട്രോങ്ങാണ് പുള്ളി!

Sunday, June 28, 2009

റാഗി - 3

കുപ്പിയില്‍ ഇട്ടിരിക്കുന്നത് കണ്ടപ്പോള്‍ കടുകാണെന്നാ ആദ്യം വിചാരിച്ചത്. പിന്നെ തോന്നി ഇതിനെന്താ ഒരു നിറം??


പിന്നെ അമ്മ പറഞ്ഞു തന്നു ... ഇതാണ് റാഗി! അല്ല... ഇതിനെ പറ്റിയല്ലേ ഞാന്‍ ഇവിടേം ഇവിടേം പോസ്റ്റിയത്. എന്നാ പിന്നെ ഒരു മൂന്നാം ഭാഗം ആയിക്കോട്ടെ. ഇല്ലേ :)

Thursday, June 18, 2009

മെട്രോ

ബെംഗളൂരു എം ജി റോഡിലെ മെട്രോ നിര്‍മാണത്തിന്‍റെ ചില ദൃശ്യങ്ങള്‍:


Wednesday, June 10, 2009

റാഗി - 2

വിളഞ്ഞു കഴിഞ്ഞ റാഗി കൊയ്തെടുത്ത് ഇവര്‍ റോഡുകളില്‍ കറ്റ കൂട്ടിയിടും. കൊയ്ത്തു കാലമായാല്‍ പിന്നെ എല്ലാ ചെറിയ റോഡുകളിലും ഇങ്ങനെ കറ്റ കൂട്ടിയിട്ടത് കാണാം. വാഹനങ്ങള്‍ മുകളില്‍ കൂടെ പോവുമ്പോള്‍ റാഗി പതിരില്‍ നിന്നും വേര്‍പെടും.
വൈകുന്നേരമായാല്‍ റോഡില്‍ നിന്നും റാഗി അടിച്ചെടുത്ത്, പിന്നെ ചേറിയെടുക്കും.

റാഗി

കര്‍ണാടകയിലെ പാടങ്ങളില്‍ നെല്ലിനെക്കാളും കാണാറുള്ളത്‌ റാഗിയാണ്... മാണ്ഡ്യയക്കടുത്തുള്ള പാടങ്ങളില്‍ കണ്ട കാഴ്ചകളില്‍ ചിലത്:


Sunday, June 07, 2009

സോഡെര്‍ലിങ്ങിനു നന്ദി!

റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ ഈ വിജയം ഫെഡറര്‍ എത്ര മാത്രം കൊതിച്ചതാണ് എന്ന് ഊഹിക്കാവുന്നതെയുള്ളു. അവസാനത്തെ പോയിന്റ്‌ നേടിയ ശേഷം റോജര്‍ ഫെഡറര്‍ ഒരിക്കല്‍ കൂടെ കരഞ്ഞു. പക്ഷെ, ഇത്തവണ അതൊരു പരാജിതന്‍റെ വിതുമ്പല്‍ ആയിരുന്നില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള മധുരമായ വിജയത്തിന്റെതായിരുന്നു.


കഴിഞ്ഞ നാല് ഫ്രഞ്ച് ഓപ്പണിലും ഫെഡററുടെ ആധിപത്യം തല്ലിത്തകര്‍ത്ത റാഫേല്‍ നദാലിന് ഇത്തവണ അതിന് അവസരം കിട്ടിയില്ല. നാലാം റൌണ്ടില്‍ സോഡെര്‍ലിങ്ങിനോട് തോറ്റ് നദാല്‍ പുറത്തായതാണ് ഫെഡററുടെ വിജയത്തിന് വേദിയൊരുക്കിയത് എന്ന് തന്നെ പറയാം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ 6-1, 6-3, 6-0ന്‍റെ നാണം കെട്ട തോല്‍വിക്ക് ശേഷം ഫെഡററുടെ ആത്മവിശ്വാസം പാടെ തകര്‍ന്നിരുന്നു. ആ തോല്‍വിക്ക് പിന്നാലെ വിമ്പിള്‍ഡണും ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയന്‍ ഓപ്പണും നദാലിന് അടിയറവു പറഞ്ഞതോടെ ഫെഡറര്‍ക്ക് ലോക ഒന്നാം നമ്പര്‍ പദവിയും നഷ്ടമായി. സോഡെര്‍ലിങ്ങിന്‍റെ അപ്രതീക്ഷിത വിജയം ആണ് ഫെഡററെ ഇത്ര ദൂരം എത്തിച്ചത് എന്ന് സമ്മതിക്കാതെ വയ്യ :)

ഇപ്പോഴും ഫെഡറര്‍ മികച്ച ഫോമില്‍ ആണെന്ന് പറയാന്‍ വയ്യ. ഡെല്‍ പോര്‍ട്ടോക്കെതിരെ സെമി ഫൈനലില്‍ തട്ടി മുട്ടിയാണ് ജയിച്ചത്‌. പക്ഷെ ഫൈനലില്‍ ഫെഡറര്‍ തന്‍റെ വിശ്വരൂപം പുറത്തെടുത്തു. തിരിച്ചു വരാന്‍ ഇട കൊടുക്കാത്ത വിധം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ ഫൈനല്‍ ജയിച്ചത്‌. നാലാം റൌണ്ടില്‍ നദാലിനെ തോല്പിച്ച സോഡെര്‍ലിങ്ങിനെതിരെയാണ് ഈ വിജയം എന്നത് അതിനല്‍പമെങ്കിലും മധുരം കൂട്ടിയിരിക്കും.

14 ഗ്രാന്‍ഡ്‌ സ്ലാം കിരീടം നേടിയ ഫെഡറര്‍ സംപ്രസ്സിന്‍റെ ലോക റിക്കാര്‍ഡിനൊപ്പമെത്തി. നാല് ഗ്രാന്‍ഡ്‌ സ്ലാം വേദികളിലും - മെല്‍ബണ്‍ പാര്‍ക്ക്‌, റോളണ്ട് ഗാരോസ്, ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ്, ഫ്ലഷിംഗ് മീഡോവ്സ് - കിരീടം ചൂടുന്ന അഞ്ചാമത്തെ മാത്രം പുരുഷ താരവുമായി. ഇതോടെ ഫെഡററുടെ ആത്മവിശ്വാസം തിരിച്ചു വരും എന്ന് നമുക്കു പ്രതീക്ഷിക്കാം. ആത്മവിശ്വാസം തകര്‍ന്ന ഫെഡററെ നദാല്‍ കശാപ്പ് ചെയ്യുന്നത് എനിക്ക് കണ്ടു നില്‍ക്കാന്‍ വയ്യ. കഴിഞ്ഞ 20 ഗ്രാന്‍ഡ്‌ സ്ലാം ടൂര്‍ണമെന്റിലും ഒന്നൊഴിയാതെ സെമിയിലെത്തിയ ഈ ചാമ്പ്യന്‍ അതിലും കൂടുതല്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്. ഇനിയുമൊരു പാടു തീ പാറുന്ന നദാല്‍ - ഫെഡറര്‍ പോരാട്ടങ്ങള്‍ക്ക് ഗ്രാന്‍ഡ്‌ സ്ലാം ഫൈനലുകള്‍ വേദിയൊരുക്കട്ടെ.