Saturday, August 30, 2008

ഒരു വാരഫലവും പോയ വാരവും!

സാധാരണ അച്ഛനോ അമ്മയോ ടി വിയില്‍ വാരഫലം കണ്ടിരിക്കുന്നത് കാണുമ്പോള്‍ ഞാന്‍ അവരെ കളിയാക്കാറാണ്. പക്ഷെ കഴിഞ്ഞ കുറെ കാലമായിട്ട് സമയം ശരിയല്ലാത്തത് കൊണ്ടാവും, ഈ കഴിഞ്ഞ ഞായറാഴ്ച സൂര്യ ടി വിയില്‍ വാരഫലം കണ്ടപ്പോള്‍ വെറുതെയൊന്നു നോക്കി. ആദ്യം കേട്ട കാര്യങ്ങള്‍ നല്ലതായിരുന്നു:

1. കുറെ കാലങ്ങളായിട്ട് നടക്കാത്ത കാര്യങ്ങള്‍ നടക്കും
2. അവിചാരിതമായി പണം കിട്ടും

ഇത്രയും കേട്ടപ്പോള്‍ തന്നെ ഞാന്‍ ചിരി തുടങ്ങി. ഉടനെ അച്ഛന്‍റെ വക ഉപദേശം:
നിന്‍റെ സമയം ഇത്രയും കാലം മോശമായിരുന്നു. അത് കൊണ്ടാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായത്. ഇനിയങ്ങോട്ട് സമയം നല്ലതാണ്. തല്കാലത്തേക്ക് ഞാന്‍ ഉറക്കേയുള്ള ചിരി നിര്‍ത്തി ... എന്നിട്ട് മനസ്സില്‍ ചിരിച്ചു. ഈ വാരഫലങ്ങളില്‍ എനിക്കാകെ ഓര്‍മയുള്ളത് 'കണ്ടകശ്ശനി കൊണ്ടേ പോവൂ' എന്ന ഏതോ സിനിമയിലെ ഡയലോഗ് ആണ്. ആ കണക്കിന് എന്നെയും കൊണ്ടെ ഇതു പോവൂ :( പിന്നെ എങ്ങനെ ചിരിക്കാതിരിക്കും :)

എന്തായാലും ആഴ്ച തുടങ്ങിയത് നല്ല പോലെ. കുറച്ചു കാലമായിട്ട് അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്നത്തിനു ഞായറാഴ്ച തന്നെ സമാധാനമായി (ഇതെന്താണെന്നു ഞാന്‍ പിന്നെ പറയാം - കൃത്യമായിട്ട്‌ പറഞ്ഞാല്‍ ഒക്ടോബര്‍ ഒന്നാം തിയതി പറയാം :)).

യെര്‍ക്കാട്ട് നിന്നെടുത്ത ചില ചിത്രങ്ങള്‍ ജെറ്റ് ലൈറ്റ് മാസികയിലേക്ക്‌ വേണം എന്ന് പറഞ്ഞ് ഒരു ചേച്ചി കഴിഞ്ഞാഴ്ച മെയില്‍ അയച്ചിരുന്നു. കുറച്ചു സാമ്പിള്‍ ചിത്രങ്ങള്‍ ഞാന്‍ അയച്ചു കൊടുത്തിരുന്നു. ആ ചിത്രങ്ങള്‍ അവര്‍ക്ക് വേണമെന്നും അതിന് പകരമായി ഒരു ചെക്ക് അയച്ചു തരാമെന്നായിരുന്നു അടുത്ത മെയില്‍. എങ്ങിനെയാ വേണ്ടാ എന്ന് പറയുക :) പാവങ്ങളല്ലേ ... അവര്‍ പ്രസിദ്ധീകരിച്ചോട്ടെ അല്ലെ?

ഇതിലുമൊക്കെ നല്ല ഒരു വാര്‍ത്തയുണ്ട്. പക്ഷെ അതും തല്‍കാലം ഇവിടെ പറയാന്‍ വയ്യ. ജോലി സംബന്ധം ആണെന്ന് മാത്രം പറയാം :) നടന്നാല്‍ വഴിയേ അറിയിക്കാം :)

പക്ഷെ ... ഈ പോസ്റ്റ് എഴുതാന്‍ ഉള്ള കാരണം കോഴിക്കോട് നിന്നുള്ള ഒരു വിശേഷം ആണ്. കുറച്ചു കാലമായി പ്രശ്നത്തിലായിരുന്ന കോഴിക്കോട്ടെ ഫ്ലാറ്റ് ആണ് വിഷയം. ഒരു വഷളന്‍ തട്ടിപ്പുകാരന്‍ (ഇതിലും കുറഞ്ഞ ഒരു വിശേഷണം എനിക്കറിയില്ല) ആ വീട്ടില്‍ കയറിയിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുന്നില്‍ വെച്ചു കൊടുത്ത വാക്ക് ഇയാള്‍ തെറ്റിച്ചതിനാല്‍ അദ്ദേഹം നന്നായി സഹായിച്ചു. അവസാനം ഇപ്പോള്‍ പെട്ടിയും കിടക്കയും എടുത്തു സ്ഥലം കാലിയാക്കുന്നു. രണ്ടു മാസത്തെ വാടക ബാക്കി അവിടെ ഏല്പ്പിച്ചിട്ടുണ്ടത്രേ (ഒരു 15000 രൂപ വരും)! ഇതിലും വലിയ ഒരു സന്തോഷ വാര്‍ത്ത ഈ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല :)

ആ വാരഫലം പറഞ്ഞ ആളുടെ നാവു പൊന്നാവട്ടെ :) നാളെ ഇതിലും നല്ല ഒരു വാരഫലം അയാള്‍ പറയട്ടെ! വാരഫലം കി ജയ്. സൂര്യ ടി വി കീ ജയ്!!!

5 Comments:

Blogger Vinu said...

വിഷുക്കണി നന്നായാല്‍ ആ വര്‍ഷം പിന്നെ വിഷമിക്കേണ്ടന്നാണ്. പിന്നെന്തിനാ നാം വാരഫലം ശ്രദ്ധിക്കുന്നത്. ഏതായാലും നന്നായി. അല്ലെങ്കില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം അഭിനയിക്കേണ്ടി വരുമായിരുന്നു.

August 30, 2008 9:08 PM  
Blogger ശിവ said...

ഒരിക്കല്‍ ഞാനും വാരഫലമൊക്കെ വായിക്കുമായിരുന്നു.

ഇപ്പോള്‍ അതൊക്കെ അവസാനിപ്പിച്ചിരിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം മുതല്‍ ഇനി അതൊക്കെ തുടങ്ങിയാലോ എന്ന ചിന്തയിലാ...

August 31, 2008 8:11 AM  
Blogger നരിക്കുന്നൻ said...

വാരഫലം ഇത്രക്ക് ശക്തമാണല്ലേ.. എങ്കിലും സമയ ദോഷം മാറിയല്ലോ...

ആശംസകള്‍

August 30, 2008 11:01 PM  
Blogger smitha adharsh said...

അപ്പൊ,നല്ല കാലം തുടങ്ങി അല്ലെ...?? നന്നായി....ഞാനും വാര ഫലം ശ്രദ്ധിക്കാറില്ല....ഇങ്ങനെ ധന "ലാഫം" ഒക്കെ ഉണ്ടാകുമെന്കില്‍ ഒന്നു നോക്കാം..

August 30, 2008 9:25 PM  
Blogger അനൂപ് തിരുവല്ല said...

:)

August 30, 2008 10:00 PM  

Post a Comment

<< Home