Friday, September 12, 2008

ഓണദിന യാത്ര

ഒരു മാതിരി ഉച്ചയായപ്പോള്‍ എനിക്കു ശരിക്കും സംശയമായി - ഇനിയിപ്പോ വീട്ടില്‍ പോവുന്ന കാര്യം കഷ്ടം തന്നെ. ഓണത്തിന് നാട്ടിലേക്കുള്ള ബസ്സിലൊക്കെ കൊള്ളാവുന്നതില്‍ കു‌ടുതല്‍ ആള്‍കാര്‍ ഉണ്ടാവും എന്ന് പണ്ടു മുതലേ അറിയാവുന്നത് കൊണ്ടു ടിക്കറ്റൊന്നും ഞാന്‍ ആദ്യമേ എടുത്തില്ല. വേര്‍സ ഉള്ളപ്പോ എന്തിനാ ബസ്സ് ടിക്കറ്റ് :) പക്ഷെ ഒരു 3 മണിക്ക് മുന്നേ ഇറങ്ങിയാലെ അര്‍ദ്ധരാത്രിക്കെങ്കിലും വീട്ടിലെത്തൂ... ഇതിപ്പോ പണി തീരുന്ന ഒരു ലക്ഷണവും കാണുന്നില്ല ... പിന്നെങ്ങനെ പോവും?

ഏതാണ്ട് രാത്രി 7.30 ആയപ്പോള്‍ ഒരദ്ഭുതം സംഭവിച്ചു. ശരിയാവില്ല എന്ന് വിചാരിച്ച കാര്യം അങ്ങോട്ട് ശരിയായി. മാനേജര്‍ക്ക് ഒരു ഫോണ്‍ കാള്‍, കുറച്ചു മെയിലുകള്‍, രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞപ്പോള്‍ സമയം 9 മണി. ബെംഗളൂരു ട്രാഫിക് അല്ലെ. നഗരപരിധി വിടുമ്പോള്‍ 10.30 ആയി. പിന്നെ കത്തിച്ചു വിട്ടു. 11 മണിക്ക് രാമനഗരം, 11.30 മാണ്ഡ്യ. രാത്രി അവിടെയാണ് തങ്ങിയത്. 3.30 ആയപ്പോള്‍ എണീച്ചു. 4 മണിക്ക് വീണ്ടും റോഡില്‍.

മൈസൂര്‍ കഴിഞ്ഞു ഗുണ്ടുല്‍പേട്ട് എത്തിയപ്പോഴേക്കും നേരം വെളുത്തു. ബന്ദിപൂര്‍ വന്യ ജീവി സങ്കേതത്തില്‍ എത്തിയപ്പോള്‍ കുറച്ചു നേരം നിര്‍ത്തിയിട്ടു. നല്ല വിശപ്പ് ... റംസാന്‍ മാസത്തിലെ ഓണദിനം ആയത്‌ കാരണം ഹോട്ടല്‍ ഒന്നും തുറക്കില്ല എന്നുറപ്പ്. അത് കൊണ്ടു തന്നെ ഒരു പകുതി വത്തക്കയും (ഇതെന്താണെന്നറിയാത്തവര്‍ക്ക് വേണ്ടി ... പരിഭാഷ: വാട്ടര്‍ മെലണ്‍) ഒരു കത്തിയും കരുതിയിരുന്നു. അത് കുറച്ച് അകത്താക്കി. അപ്പോഴേക്കും കുറച്ചു കൂടെ വെളിച്ചം വന്നു. പിന്നെ യാത്ര തുടര്‍ന്നു ... ഇത്തവണ കുറച്ചു പതുക്കെ ...

കാലങ്ങളായി ഞാന്‍ ബെംഗളൂരു നിന്നും കോഴിക്കോട്ടേക്ക് ഡ്രൈവ് ചെയ്തു വരുന്നു. കുറഞ്ഞത് ഒരമ്പത് തവണയെങ്കിലും. ആദ്യമൊക്കെ സ്ഥിരമായി ബസ്സില്‍ ആയിരുന്നു. ഒരിക്കല്‍ ബൈക്കില്‍. ഇപ്പൊ സ്ഥിരമായി കാറില്‍ തന്നെ. കുറച്ചു സമയം അധികം വേണമെങ്കിലും ഇതു തന്നെ സൗകര്യം. നേരത്തെ പ്ലാന്‍ ചെയ്തു ടിക്കറ്റ് എടുക്കേണ്ട ... ഇടക്കൊന്നു മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ ഡ്രൈവറുടെ ദയ കാത്തു നില്‍ക്കേണ്ട ... ഇതിലൊക്കെ പ്രഥാനമായി വഴി നിറയെ നല്ല കാഴ്ചകള്‍ ... ബെംഗളൂരു - മൈസൂര്‍ റോഡ് ഇപ്പോഴൊരു വളരെ നല്ല നാല് വരിപ്പാതയാണ്. ഒരു രാമനഗരം കഴിഞ്ഞാല്‍ പിന്നെ ഗുണ്ടുല്‍പേട്ട് വരെ രണ്ടു വശത്തും പാടങ്ങള്‍ ... നെല്ല് അല്ലെങ്കില്‍ കരിമ്പ്‌. ഗുണ്ടുല്‍പേട്ട് ഒരു മനോഹരമായ സ്ഥലമാണ്. മലകളും, പച്ചപ്പും, പൊയ്കകളും, പൂക്കളും നിറഞ്ഞ ഒരു സുന്ദരമായ ഗ്രാമം. ഇതു കഴിഞ്ഞാല്‍ ബന്ദിപൂര്‍ വന്യ ജീവി സങ്കേതം ... കൊമ്പനാന മുതല്‍ അപൂര്‍വ തരം പക്ഷികള്‍ വരെ ... പലതും. കാടു കഴിഞ്ഞാല്‍ പിന്നെ നാട് ... വയനാട്. ഈ നാടിന്‍റെ ഭംഗിയെ കുറിച്ചു ഞാന്‍ പറയണോ? വയനാട് കഴിഞ്ഞാല്‍ ചുരം! ചുരുക്കത്തില്‍ ഒരു ക്യാമറ കയ്യിലുണ്ടെങ്കില്‍ നിര്‍ത്താനെ സമയം കാണു :)


ഇന്നു ബന്ദിപൂരില്‍ കുറച്ചു മാനുകളേയും കുരങ്ങമ്മാരെയും മാത്രമെ കണ്ടുള്ളൂ. മാനുകളൊക്കെ കണ്ടപ്പോഴേ ഓടി രക്ഷപ്പെടുകയും ചെയ്തു. വെളിച്ചവും അത്രക്കില്ലാഞ്ഞത് കൊണ്ടു നല്ല പടങ്ങളൊന്നും കിട്ടിയില്ല. എന്നാലും കിട്ടിയത് ചേര്‍ക്കുന്നു :)7 മണി ആയപ്പോള്‍ കേരള - കര്‍ണാടക അതിര്‍ത്തിയിലെത്തി. പിന്നെ സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി ഒക്കെ പെട്ടെന്ന് കഴിഞ്ഞു. 8 മണിക്ക് കല്പറ്റ. 8.30 ആയപ്പോള്‍ ചുരത്തിനടുത്തും. അവിടുന്നാണ് മു‌ന്നാമത്തെ ചിത്രം.


മഴയായി കഴിഞ്ഞാല്‍ പിന്നെ ചുരത്തില്‍ ഒരു നൂറു വെള്ളച്ചാട്ടങ്ങള്‍ കാണും. പല സ്ഥലത്തും നിര്‍ത്തി പടങ്ങളെടുത്തു. അതിലൊരെണ്ണം ആണ് നാലാമത്തേത്. ഇടക്ക് വിശപ്പ് കൂടിയപ്പോള്‍ ബാക്കിയുള്ള വത്തക്കയും തീര്‍ത്തു :) താഴെ ഏത്താറായപ്പോള്‍ ഞാന്‍ ഇതു വരെ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു അരുവി കണ്ടു. അതിന്‍റെ ചിത്രങ്ങള്‍ ഇവിടെ പോസ്റ്റിയിട്ടുണ്ട്.

ചുരം ഇറങ്ങിയപ്പോഴേക്കും സമയം 9.30. മഴ പെയ്തതിനാല്‍ റോഡ് ഒക്കെ നനഞ്ഞിരിക്കുന്നു. അതിനാല്‍ സൂക്ഷിച്ചാണെങ്കിലും ഒട്ടും വേഗം കുറക്കാതെ ബാക്കി യാത്ര. താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, കാരന്തൂര്‍, മലാപ്പറമ്പ് ഒക്കെ പെട്ടെന്ന് കഴിഞ്ഞു. ഈസ്റ്റ് ഹില്‍ വഴി കണ്ണൂര്‍ റോഡിലേക്ക്. 10.30 ആയപ്പോഴേക്കും വീട്ടിലെത്തി. ആദ്യം അമ്മയുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും :) ഏട്ടത്തിയമ്മ പുക്കളം ഇട്ടു തീര്‍ന്നിട്ടില്ല ... മുറ്റത്ത്‌ മാവേലി വേഷങ്ങള്‍ ... ഓണം തുടങ്ങിയിട്ടെയുള്ളു :)

എല്ലാര്‍ക്കും ഓണദിനാശംസകള്‍!

6 Comments:

Blogger പഥികന്‍ said...

ഭൂലോകത്തും ബ്ലോഗ്ലോകത്തുമുള്ള സര്‍വ ചരാചരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍

September 13, 2008 3:54 PM  
Blogger ശിവ said...

സന്തോഷം നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു....

ഞാനും കുഞ്ഞു നാളില്‍ ഇതു വഴി രണ്ട് പ്രാവശ്യം വന്നിട്ടുണ്ട്...ഇന്ന് അതൊക്കെ നേരിയ ഓര്‍മ്മ മാത്രം....

ഇനിയും ഒരിക്കല്‍ കൂടി ആ വഴിയിലൂടൊക്കെ യാത്ര ചെയ്യണം...

September 14, 2008 12:01 PM  
Blogger അനൂപ് തിരുവല്ല said...

:)

September 14, 2008 3:04 PM  
Anonymous Anonymous said...

:)

September 13, 2008 10:42 AM  
Blogger സന്ദീപ്‌ ഉണ്ണിമാധവന്‍ said...

ആനണീ: എന്താ ഒരു ചിരി? ഈ ആനണിയെ എനിക്കറിയാം :)
പഥികന്‍: നന്ദി സര്‍. താങ്കള്‍ക്കും ഒരിക്കല്‍കൂടെ എന്‍റെ ഓണാശംസകള്‍
ശിവ: നന്ദി. തീര്‍ച്ചയായും യാത്ര ചെയ്യൂ. എന്നിട്ട് അനുഭവങ്ങള്‍ പങ്കു വെക്കൂ.
അനൂപ്: :)

September 15, 2008 12:58 PM  
Blogger smitha adharsh said...

അപ്പൊ,ഓണത്തിന് വീട് പിടിച്ചല്ലോ...നല്ല കുട്ടി..
വൈകിയ ഒരു ഓണാശംസ..

September 15, 2008 8:34 PM  

Post a Comment

<< Home