Sunday, September 28, 2008

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ - അഥവാ കേശപുരാണം

കോളേജില്‍ പഠിക്കുന്ന കാലത്തൊക്കെ എളുപ്പമായിരുന്നു. മാസത്തിലൊരിക്കല്‍ മുടി വെട്ടും. ആഴ്ചയിലൊരിക്കല്‍ താടി വടിക്കും. ആകെ രണ്ടു കോലങ്ങള്‍ മാത്രം - മുടി വെട്ടാത്ത കോലവും മുടി വെട്ടിയ കോലവും അഥവാ താടി വടിക്കാത്ത കോലവും താടി വടിച്ച കോലവും. റാഗിംഗ് കാരണം കോളേജില്‍ ഒന്നാം വര്‍ഷം മീശ വടിക്കേണ്ടി വന്നതൊഴിച്ചാല്‍ ഇത്രയൊക്കെ വിശേഷങ്ങള്‍ പറയാനുള്ളൂ.


അവസാന വര്‍ഷം എടുത്ത പടമാണ്, ഇത്. ബെംഗളൂരു വന്നതില്‍ പിന്നെയാണ് മടി പിടിച്ചു തുടങ്ങിയത്. ആദ്യം താടി വടിക്കാന്‍. കുറച്ചു താടി വന്നു കഴിഞ്ഞപ്പോള്‍ ഒരു ജാഡ ആയിക്കോട്ടെ എന്ന് വിചാരിച്ചു ... ഊശാന്‍ താടി ഒന്നു പരീക്ഷിച്ചു. അതായിരുന്നു തുടക്കം :)

സല്‍മാന്‍ ഖാന്‍, ജോണ്‍ അബ്രഹാം തുടങ്ങി എല്ലാവരും മുടി നീട്ടിയത് കണ്ടപ്പോഴാണ് ഇതൊന്നു നോക്കിയാലോ എന്ന് തോന്നിയത്. പക്ഷെ ഇവരുടെയൊക്കെ മുടി വടി പോലെ നില്‍ക്കുമ്പോള്‍ എന്‍റെ മുടി എന്ത് ചെയ്താലും ചുരുണ്ടു കൂടി കാടു പിടിച്ചു കിടക്കും. വെള്ളമൊഴിക്കുകയും കെട്ടി വെക്കുകയും ഒക്കെ ചെയ്തു നോക്കി. നോ രക്ഷ. അവസാനം എന്‍റെ സ്ഥിരം ബാര്‍ബര്‍ ആണ് ഐഡിയ പറഞ്ഞു തന്നത് ... മുടി കുറച്ചധികം നീണ്ടു കഴിഞ്ഞാല്‍ പിന്നെ ശരിക്കും കെട്ടി വെക്കാം. അത് വരെ ഇത് കൊണ്ടു നടക്കാനുള്ള തൊലിക്കട്ടി ഉണ്ടായാല്‍ മതി. അത് കൊള്ളാമല്ലോ എന്നെനിക്കും തോന്നി. അങ്ങനെ മുടി നീട്ടി, ഒരു ആറ് മാസം കൊണ്ടു മുടി അത്യാവശ്യം കെട്ടി വെക്കാന്‍ പാകമായി. ഇതിനിടക്ക് അണ്ണിയനില്‍ വിക്രമിന്‍റെ മുടി കണ്ടപ്പോള്‍ ഒന്നു കളറും അടിച്ചു :)


ഈ മുടി നേരെയാക്കുന്ന വിദ്യയും അതിനിടക്ക് (ഇതും ആ ബാര്‍ബര്‍ ചേട്ടന്‍ പറഞ്ഞു തന്നതാണ്) പിടി കിട്ടി. ഒരു ക്രീം ഉണ്ട് - അത് പുരട്ടി കുറച്ചു നേരം വെച്ചാല്‍ മതി പോലും. ജര്‍മന്‍ സായിപ്പ് കണ്ടു പിടിച്ചതാണ് ഈ സാധനം. ആദ്യം ഈ ചെട്ടനെക്കൊണ്ടു തന്നെ അത് ചെയ്യിച്ചു. പിന്നെ ഇമ്മിണി കാശ് മുടക്കി വേറൊരു സ്ഥലത്തു വെച്ചും ചെയ്തു. അപ്പോഴത്തെ കോലം ആണ് ഇത്.


ഇങ്ങനെ ചില നാരികളെ വരെ തോല്‍പ്പിക്കുന്ന കേശഭാരവും പേറി നടക്കുമ്പോഴാണ് ഒരു വിസയുടെ പേരില്‍ ഇടിത്തീ തലയില്‍ വീണത്‌. ചെന്നയില്‍ സായിപ്പിനെ കാണാന്‍ പോവുമ്പോള്‍ മുടി വെട്ടിയേ തീരൂ എന്ന് പലരുടെയും അന്ത്യശാസനം കിട്ടിയപ്പോള്‍ അവസാനം അത് സംഭവിച്ചു! ഊഴം കാത്തു ബാര്‍ബര്‍ ഷാപ്പില്‍ ഇരിക്കുമ്പോള്‍ എടുത്തതാണ് ഈ പടം.മൊട്ടത്തല മാത്രമെ ഇനി പരീക്ഷിക്കാന്‍ ബാക്കിയുള്ളു‌ എന്ന് തോന്നിയതിനാല്‍ ഇടക്ക് അതും ഒന്നു നോക്കി. വീണ്ടും മുടി വന്നപ്പോള്‍ വെട്ടാന്‍ നിന്നില്ല. അമേരിക്ക യാത്ര അപ്പോഴേക്കും കഴിഞ്ഞതിനാല്‍ ആരും അന്ത്യശാസനവും തന്നില്ല. എന്നാല്‍ പിന്നെ അതവിടെ ഇരുന്നോട്ടെ എന്ന് ഞാനും വിചാരിച്ചു. ഇപ്രാവശ്യം മുടി കോലന്‍ ആക്കണോ, കളര്‍ അടിക്കാനോ ഒന്നും മിനക്കെട്ടില്ല. അവസാനം ഒരു കുരുവിക്കൂട് തലയില്‍ വളര്‍ന്നു വലുതായി ...


ദാ ... ഇത്ര വരെയായി. അവസാനം നാട്ടുകാരും, ബന്ധുക്കളും കു‌ട്ടുകാരും എല്ലാവരും ഇടപെട്ടു. വെട്ടേണ്ടി വന്നു. കഴിഞ്ഞാഴ്ച ആയിരുന്നു ആ പുണ്യകര്‍മം. ആദ്യത്തെ ഒരു റൌണ്ട് കഴിഞ്ഞിട്ടും മുടി ഒതുങ്ങാത്തതിനാല്‍ ഇന്നലെ ഒരിക്കല്‍ കു‌ടി പോയി വെട്ടി ...


അങ്ങനെ മു‌ഷിക സ്ത്രീ വീണ്ടും മു‌ഷിക സ്ത്രീ. മലയാളത്തില്‍ പറഞ്ഞാല്‍ എനിക്ക് പിന്നെയും മനുഷ്യക്കോലം വന്നു :) ഒരു പത്തു വയസ്സ് കുറഞ്ഞോ എന്നൊരു സംശയം :) നിങ്ങള്‍ക്കും അങ്ങിനെ തോന്നിയോ?

പീ എസ്: ഈ പല വിധ അവതാരങ്ങളുടെയും ഒരു വിപുലമായ ശേഖരം ഇവിടെ കിട്ടും.

8 Comments:

Blogger പുസ്തകപുഴു said...

വിശ്വ രൂപവും അവതാരങ്ങളും കലക്കി.
ആ മൊട്ട തലയനെ ആണ് കു‌ടുതല്‍ ഇഷ്ടമായത്.

September 30, 2008 2:21 PM  
Blogger Dhanya said...

eeshwaraa.. mudi vechu inganeem koolam maaraamnnu iyaalude 'vipula sheegharam' kandappoozhaa pidi kittiye :) enthaayaalam ippo manushyakkoolam vannittundu.. athu pookunnathinu munpu kalyaanam nadathunnille? :)

September 28, 2008 8:05 PM  
Blogger ശിവ said...

തലയില്‍ കുരുവിക്കൂട് വളര്‍ത്തിയ മുഖം നല്ല ഗ്ലാമര്‍ ആയിരുന്നു...

September 29, 2008 6:43 PM  
Blogger സന്ദീപ്‌ ഉണ്ണിമാധവന്‍ said...

ധന്യ: എന്നെ കുഴിയില്‍ ചാടിക്കാന്‍ എന്താ ഇത്ര ആഗ്രഹം?
ശിവ: എനിക്കും അങ്ങനെ തന്നെ തോന്നി. പക്ഷെ വേറെ ആരും സമ്മതിച്ചു തരുന്നില്ല :(
പുസ്തകപ്പുഴു: ഹാവൂ ... ഒരാള്‍ക്കെങ്കിലും ഇഷ്ടമായല്ലോ :)

September 30, 2008 5:16 PM  
Blogger smitha adharsh said...

ഭഗവാനെ...ഇങ്ങനെ ഒരു ജീവ ചരിത്രം...ആദ്യമായാണ്‌ കാണുന്നത്...ഈ കേശാലങ്കാരങ്ങള്‍ അടങ്ങുന്ന ചിത്രങ്ങള്‍ സൂക്ഷിച്ചു വച്ചോളൂ...ഭാവിയില്‍ എടുത്തു നോക്കി ഓര്‍മ്മകള്‍ അയവിറക്കാം..

October 1, 2008 6:16 PM  
Blogger സന്ദീപ്‌ ഉണ്ണിമാധവന്‍ said...

സ്മിത: അതിനല്ലേ ഒരു പേജ് ഉണ്ടാക്കി വെച്ചത് :) അത് കുറച്ചു കാലം അവിടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു :)

October 2, 2008 9:15 PM  
Blogger Sajjad.c said...

തലയില്‍ കുരുവിക്കൂട് വളര്‍ത്തിയ മുഖം സക്കീര്‍ ഹുസ്സൈന്‍ സ്റ്റെയില്‍ ആയിരുന്നു, അത ബെറ്റര്‍...

October 6, 2008 10:34 AM  
Blogger Jyothi Sanjeev : said...

innaan njan ee blog vaayichath. oru thalayum aayiram kathayum enna thala kurippum idhin cherum.
enikkendhaayalum aa motta thalayan ishta pettath. oru mature look. athinde koode aa thaadi adipoli.

July 31, 2009 4:23 PM  

Post a Comment

<< Home