Friday, October 31, 2008

ഒബാമയും ഒസാമയും പിന്നെ ഞാനും!

ആദ്യമായി ഒബാമ ഒബാമ എന്ന് കേട്ടപ്പോള്‍ "ങേ ഒസാമയോ??? ഇങ്ങോര്‍ക്കെന്താ ഈ അമേരിക്കയില്‍ കാര്യം?" എന്നാണ് ഞാന്‍ ഓര്‍ത്തത്‌. പിന്നെയാണ് മനസ്സിലായത് ഇതു ഒസാമയല്ല വേറെ ഒരാമയാണെന്ന്. എന്തായാലും സംഗതി കൊള്ളാം. സര്‍വ വിധ സംസ്കാരങ്ങളും ഐക്യത്തോടെ കഴിയുന്ന അമേരിക്കന്‍ ഐക്യ നാടുകളെ അവസാനം ഒരു താണ ജാതിക്കാരന്‍ ഭരിക്കാന്‍ പോവുന്നു. കേള്‍ക്കുമ്പോള്‍ ഒരു സുഖം ഒക്കെയുണ്ട്.

പക്ഷെ ഈയിടെയായി ഇപ്പോള്‍ എവിടെ നോക്കിയാലും ചര്‍ച്ചാവിഷയം ഒബാമയും മാക്‌ കെയിനും തന്നെ. നമ്മടെ രാജ് താക്കറെയും ലാലു പ്രസാദ് യാദവിനെയും ഒന്നും ആര്‍ക്കും വേണ്ട. രാജ് താക്കറെ ആണെങ്കില്‍ അങ്ങ് മുംബെയില്‍ വടക്കെ ഇന്ത്യക്കാരെ ഒക്കെ അടിച്ചോടിക്കുന്നു, ബസ്സുകളും ട്രെയിനും കത്തിക്കുന്നു, എന്തിനധികം ജയിലില്‍ വരെ കിടന്നു. എന്നിട്ടും ഈ ഒബാമക്ക് കിട്ടുന്ന ശ്രദ്ധ പുള്ളിക്ക് കിട്ടുന്നില്ല. കഷ്ടം തന്നെ!

വാര്‍ത്താ മാധ്യമങ്ങളെ കുറ്റം പറയാന്‍ പറ്റില്ല കേട്ടോ. അത്രയ്ക്ക് ഉശിരന്‍ വാര്‍ത്തകളല്ലേ കിട്ടുന്നെ. സാറാമ്മയുടെ ഏറ്റവും ഇളയ മകള്‍ ശരിക്കും മകളാണോ അതോ കൊച്ചുമകളാണോ? ജോ എന്ന ഏതോ ഒരാള്‍ക്ക് ഒബാമയെ ഇഷ്ടപെട്ടോ? അങ്ങനെ പലതും. പക്ഷെ ഇന്നാളു കോയമ്പത്തൂരിലെ ഒരണ്ണന്‍ ഒബാമക്ക് വേണ്ടി ശത്രുസംഹാര പൂജ നടത്തുന്നു എന്ന വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. വന്ന് വന്ന് അമേരിക്കയോട് പരമ പുച്ചമായ മലയാളി വരെ ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പിനെ കുറിച്ചേ സംസാരിക്കുന്നുള്ളൂ! കലികാലം അല്ലാതെന്തു പറയാന്‍!

എന്‍റെ സംശയം അതല്ല. ഈ ഒബാമയും ഒസാമയും തമ്മിലെന്താണാവോ ബന്ധം? എന്ന് മാത്രല്ല ഒബാമ - ബിദന്‍ എന്ന് പറയുന്നത് ഒസാമ - ബിന്‍ - ലാദന്‍ എന്നതിന്‍റെ ഒരു കോഡ് പോലെ. ഇതിലെന്തോ കളിയില്ലേ? അതിനിടക്ക് ഒബാമയുടെ മുഴുവന്‍ പേരു ബാരക്ക് ഹുസ്സയിന്‍ ഒബാമ എന്നാണത്രേ? സദ്ദാം ഹുസ്സയിനും ഒരു ഹുസ്സയിന്‍ ആയിരുന്നില്ലേ. ബുഷിന്‌ പറ്റിയ എതിരാളി തന്നെ ഈ ഒബാമ. "ധ്രുവം" സിനിമയില്‍ പറഞ്ഞ പോലെ "ഹുസ്സയിന്‍ ഒബാമ - ഹാല്‍ഫ്‌ ഹുസ്സയിന്‍ ഹാല്‍ഫ്‌ ഒസാമ!" ഈ അമേരിക്കക്കാര്‍ ഇത്രയൊക്കെ കേട്ടിട്ടും ഒബാമയെ പിന്തുണക്കുന്നത് അദ്ബുദം തന്നെ.

ഒബാമ ജയിച്ചാല്‍ സാറാമ്മ തോല്കില്ലേ എന്നായിരുന്നു എന്‍റെ വേറൊരു സംശയം. 2012 തിരഞ്ഞെടുപ്പില്‍ സാറാമ്മക്ക് ഒരു കൈ കൂടെ നോക്കാമല്ലോ എന്നാരോ പറഞ്ഞപ്പോഴാണ് ഒരു സമാധാനം. സാറാമ്മയും ഒസാമയും കൂടാവുമ്പോള്‍ സംഭവം കൊഴുക്കും. ഹിലാരിയെക്കാളും എനിക്കിഷ്ടമായത് സാറാമ്മയെയാണ് :)

ഒബാമ വിജയിച്ചാല്‍ ചരിത്രം സൃഷ്ടിക്കും എന്നത് ഉറപ്പാണ്. ലോകസമ്പദ് വ്യവസ്ഥയെയും, അമേരിക്ക, ഇറാഖ്, അഫ്ഘാനിസ്ഥാന്‍, വടക്കന്‍ കൊറിയ, ഇറാന്‍ തുടങ്ങിയ ചില തെമ്മാടി രാഷ്ട്രങ്ങളെയും രക്ഷിക്കാന്‍ പറ്റിയില്ലെങ്കിലും, തൊലി കറുത്ത ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലക്കെങ്കിലും. നമ്മടെ കെ ആര്‍ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയതാണ് ഇതിന് മുന്‍പേ ഞാന്‍ അറിയുന്ന ഒരു ചരിത്ര സംഭവം. അത് എത്ര പേര്‍ക്ക് ഓര്‍മ്മയുണ്ടോ ആവോ?

2 Comments:

Blogger Niyaz said...

kastam

November 1, 2008 2:34 PM  
Blogger smitha adharsh said...

ഒബാമയുടെ മുഴുവന്‍ പേരു ബാരക്ക് ഹുസ്സയിന്‍ ഒബാമ എന്നാണു എന്ന് കേട്ടപ്പോള്‍ ഞാനും ഒന്നു ഞെട്ടിയിരുന്നു..നമുക്കു കാത്തിരുന്നു കാണാമെന്നെ..എന്തുണ്ടാകും എന്ന്.കെ.ആര്‍.നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയ ചരിത്രനിമിഷം ആരും അത്ര പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല സഖാവേ..

November 1, 2008 2:47 PM  

Post a Comment

<< Home