Wednesday, November 12, 2008

പക്ഷി പിടിത്തവും, നിരീക്ഷണവും...

പിടിത്തം എന്നാല്‍ പടം പിടിത്തം ആണ് ഉദ്ദേശിച്ചത് ട്ടോ :) ഇത്തവണ കോഴിക്കോട്ടെ വീട്ടില്‍ പോയപ്പോള്‍ രാവിലെ തന്നെ ക്യാമറ എടുത്തിറങ്ങി - പുഴക്കരയിലേക്ക്. കുറെ കാലമായി അവിടത്തെ പക്ഷികളോടു ഹലോ പറഞ്ഞിട്ട്.


ഈ സുന്ദരിപ്പക്ഷിയെ ആണ് ആദ്യം കണ്ടത്. സാധാരണ മീന്‍കൊത്തികളുടെ അത്ര വര്‍ണപകിട്ട് ഇതിനില്ല, വലുപ്പവും. പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന ഒരു മരക്കൊമ്പിലിരുന്ന് മീനുകളെ നോക്കി വെള്ളമിറക്കുകയാണ് പുള്ളി. ഞാന്‍ ഫോട്ടോ എടുക്കുന്നതൊന്നും അറിഞ്ഞതേ ഇല്ല :) ഒരു മൂന്നു മീറ്റര്‍ അടുത്തു വരെ പോയി നിന്നിട്ടും ഒരു കുഴപ്പവുമില്ല. അവസാനം ബോറടിച്ചപ്പോള്‍ ഞാന്‍ പോയി :)

ഈ ചിത്രത്തില്‍ ഒരു കുളക്കൊക്കിനെ കാണുന്നുണ്ടോ? ഇവനും (അതോ ഇവളോ?) മീനുകളെ നോക്കി വെള്ളമിറക്കല്‍ തന്നെ പണി. പൊന്മ(മീന്‍കൊത്തി)യുടെ അത്ര വേഗത ഇല്ലാത്തത് കൊണ്ടാവും വെള്ളത്തിന്‍റെ നേരെ മുകളിലുള്ള കൊമ്പിലിരിക്കുന്നെ.

പിറ്റേ ദിവസം വീട്ടിലെ ടെറസ്സിന്‍റെ മുകളില്‍ വായ നോക്കി നടക്കുമ്പോള്‍ കുറെ അധികം പക്ഷികളെ കണ്ടു.


ഒരു കൃഷ്ണപ്പരുന്തും കാക്കകളും തമ്മില്‍ ശണ്ട. കാക്കളെ ഓടിച്ചു വിട്ടിട്ട് 'ഇനി ആരെങ്കിലും ഉണ്ടോടാ?' എന്ന ഭാവത്തില്‍ ഇരിപ്പാണ് ഈ പരുന്ത്.

കുറച്ചപ്പുറത്ത്‌ ഓലയില്‍ തൂങ്ങി കളിക്കുകയായിരുന്നു ഈ പക്ഷി. ഇവന്‍റെ മലയാളത്തിലെ പേര് എനിക്കറിയില്ല. ഓലേഞ്ഞാലി എന്ന് പറയുന്നത് ഇതിനെ ആണോ? ഗൂഗിളില്‍ തപ്പി നോക്കിയപ്പോള്‍ ഇന്ത്യന്‍ ട്രീപൈ (Indian Treepie) എന്ന് കണ്ടു. പക്ഷി വിദഗ്ദ്ധന്‍ ആയ ഒരു സുഹൃത്തിനോട് (പേരു ഗൌതം) ചോദിച്ചപ്പോള്‍ റൂഫുസ് ട്രീപൈ (Rufous Treepie) എന്ന് പറഞ്ഞു. എനിക്കിതു രണ്ടും ഒന്നു തന്നെ :)
ഇവന്‍റെ പേരു മലയാളത്തില്‍ വാനമ്പാടി എന്നാണോ? എന്തായാലും ഇംഗ്ലീഷില്‍ ഡ്രോന്‍ഗോ (Drongo) ആണ്. നേരത്തെ പറഞ്ഞ ബുജി ഗൌതമിനോടു ചോദിച്ചപ്പോള്‍ റാക്കറ്റ് ടെയില്‍ഡ് ഡ്രോന്‍ഗോ (Racket Tailed Drongo) എന്നാണു മുഴുവന്‍ പേരത്രേ. ഈ വാലിനു നല്ല നീളമാണ്. റിബ്ബണ്‍ കെട്ടി വെച്ച പോലെ. ഓലയുടെ മറവില്‍ ആയിപ്പോയി.

ഈ പക്ഷിയെ ഞാന്‍ ആദ്യമായാണ്‌ കാണുന്നെ. ഗൌതം കണ്ട പാടെ ഗോള്‍ഡന്‍ ഓറിയോളെ (Golden Oriole) എന്ന് പറഞ്ഞു തന്നു. മലയാളം പേര് ആര്‍ക്കെങ്കിലും അറിയുമോ?

ഇനിയും ഒരു പാടു പക്ഷികള്‍ ഉണ്ടായിരുന്നവിടെ. നല്ല നിറപ്പകിട്ടുള്ള ഒരു മീന്‍കൊത്തി, ഒരു പച്ചക്കുട്ടുറുവന്‍ (ഇംഗ്ലീഷില്‍ ഗ്രീന്‍ ബാര്‍ബറ്റ് - Green Barbet), അങ്ങനെ പലതും. ഈ രണ്ടു പക്ഷികളെ ഞാന്‍ മുമ്പൊരിക്കല്‍ ഫോട്ടോ ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട് ഇവിടെയും, ഇവിടെയും. പോയി നോക്കാന്‍ ഞാന്‍ പറയുന്നില്ല. കഴിഞ്ഞ പ്രാവശ്യം പറഞ്ഞതിന്‍റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല :)

തിരിച്ചു ബെംഗളൂരുവിലേക്ക് പോകാനുള്ള സമയം ആയത്‌ കൊണ്ടു തല്‍കാലം ക്യാമറ കെട്ടിപ്പൂട്ടി വെച്ചു. ബാക്കി പക്ഷി പിടുത്തം അടുത്ത വരവിനാവാം അല്ലേ?

4 Comments:

Blogger smitha adharsh said...

കിടിലന്‍ പടംസ്..
എല്ലാത്തിന്റെം പേരു എനിക്കറിയാം..പക്ഷെ,പറയില്ല.. കണ്ണ് വച്ചു ആ സിദ്ധി പോയാലോ?(ചുമ്മാ)

November 13, 2008 1:48 PM  
Blogger lakshmy said...

ഇതിലെ മഞ്ഞക്കിളിയെ ഒഴികെ എല്ലാ പക്ഷികളേയും കണ്ടിട്ടുണ്ട്. പക്ഷെ പേരറിയാവുന്നത് ആദ്യത്തെ മൂന്ന് പക്ഷികളുടെ മാത്രം. ഒലേഞ്ഞാലി എന്നു പേരു പറഞ്ഞ കിളിയുടെ താഴെയുള്ള പടത്തിലൂള്ളതല്ലേ ഓലവാലൻ കിളി?

മനോഹരമായ ചിത്രങ്ങൾ. ഇനിയും ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു

[ഇവിടേയും ഇവിടേയും ഓപ്പൺ ആയില്ല]

November 15, 2008 1:55 AM  
Blogger അനൂപ്‌ കോതനല്ലൂര്‍ said...

മനോഹരമായ ഫോട്ടോസ്

November 14, 2008 7:26 PM  
Blogger സന്ദീപ്‌ ഉണ്ണിമാധവന്‍ said...

സ്മിത: എന്നാ പിന്നെ സിദ്ധി എപ്പോ പോയീന്ന് ചോദിച്ചാ മതി. ഞാന്‍ എപ്പഴേ കണ്ണ് വെച്ചു ;-)

അനൂപ്: നന്ദി അനൂപേ

ലക്ഷ്മി: ചിത്രങ്ങള്‍ പോസറ്റല്‍ അല്ലെ എന്‍റെ പ്രഥാന പണി :) സമയം ഉള്ളപ്പോള്‍ 'എന്‍റെ ലെന്‍സിലൂടെ' എന്ന ലിങ്കും ഒന്നു ക്ലിക്കിക്കോളൂ. പേരുകള്‍ എനിക്ക് ശരിക്കറിയില്ല. പോസ്റ്റില്‍ എഴുതിയത് മിക്കതും എന്‍റെ സംശയങ്ങളും പിന്നെ ഗൌതം പറഞ്ഞു തന്ന പേരുകളും ആണ്. വിദഗ്ദ്ധന്‍മാര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു. ഓപണ്‍ ആവാഞ്ഞത്‌ എന്താന്നാര്‍ക്കറിയാം. സൈറ്റ് കുറച്ചു സ്ലോ ആണ്. അതാവും. ഒന്നു കൂടെ നോക്കൂ.

November 18, 2008 5:03 PM  

Post a Comment

<< Home