Monday, December 01, 2008

അങ്ങനെ ഞാനും കല്യാണ രാമനായി!

വെള്ളിയാഴ്ച്ച രാത്രി, എടു പിടീന്നു ഭക്ഷണം കഴിച്ചു ബസ്സിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ ദേണ്ടെ ബിജുനു. നേരെ മുന്നിലെ സീറ്റില്‍ തന്നെ. ഞങ്ങളുടെ സീറ്റ് പുറകിലാണ്. സുനില്‍ നേരെ പുറകോട്ടു നടന്നു. ഞാന്‍ കുശലം പറയാന്‍ അവിടെ ചുറ്റിപ്പറ്റി നിന്നു.
"ഡേയ് ... നീയും വീട്ടിലെക്കാണോ?"
"പിന്നല്ലാതെ ഇതില്‍ കാണില്ലല്ലോ"
അവനെ കണ്ടിട്ട് കുറെ നാളായി. കല്യാണത്തിന് വിളിച്ചു കുറെ പേര്‍ക്കൊക്കെ മെയില്‍ അയച്ചിരുന്നു. അതായത്, ഒരു നാല് ദിവസത്തെ നോട്ടീസില്‍ പറ്റാവുന്നവര്‍ക്കൊക്കെ. അതിലിവന്‍റെ പേരു വെച്ചതോര്‍മയില്ല :(
"എന്താ ഇപ്പൊ വീട്ടിലേക്ക്?"...
"ഡാ ... ഞാന്‍ കല്യാണം കഴിക്കാന്‍ പോവുന്നു!"എന്തായാലും ബെറ്റര്‍ ലേറ്റ് ദാന്‍ നെവെര്‍ എന്നല്ലേ? ഞാന്‍ വിവരം പറഞ്ഞു. അവന്‍ ഞെട്ടിയൊന്നുമില്ല. "പെണ്ണെവിടുന്നാ?", "എങ്ങനാ പരിചയം?" തുടങ്ങിയ സ്ഥിരം ചോദ്യങ്ങള്‍. പുറകിലുള്ള ചില ചേട്ടന്മാര്‍ കൌതുകത്തോടെ നോക്കി. പെട്ടെന്നാണ്, എനിക്ക് ക്ഷണിക്കാന്‍ ഉള്ള ബോധോദയം ഉണ്ടായത്.
"ഡാ ... നീ ഈയാഴ്ച വീട്ടില്‍ കാണില്ലേ? കല്യാണത്തിന് വാ!"
"ഈ ആഴ്ച്ചയാണോ കല്യാണം??? എന്നിട്ടാണോ നീ ഇപ്പൊ പറയുന്നേ?" പിന്നിലിരിക്കുന്ന ചേട്ടന്മാരുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി.
"അതെയതെ, പെട്ടെന്നാണ്‌ എല്ലാം ഉറപ്പിച്ചത്. അത് കൊണ്ടു എല്ലാരേം കാര്യമായി ക്ഷണിക്കാണൊന്നും പറ്റിയില്ല. കല്യാണം ഞായറാഴ്ച ഗുരുവായൂരില്‍ ആണ്. അതിന് വരാന്‍ പറ്റിയില്ലെങ്കിലും വീട്ടില്‍ റിസെപ്ഷനു വാ"
"എങ്ങനെ വരും. എനിക്ക് നിന്‍റെ വീട് അറിയില്ലല്ലോ?"
"അതൊക്കെ വരാം. ദാ ... ആ ഇരിക്കുന്നത് എന്‍റെ വകയിലെ ഒരനിയന്‍. പേരു സുനില്‍. അവന്‍റെ നമ്പര്‍ തരാം"
"ഓക്കേ ശരി ... ഞാന്‍ അവനെ വിളിച്ചോളാം."
സുനിലിന്‍റെ നമ്പരും, കല്യാണക്കത്തും കൊടുത്തു.
"എപ്പോഴാ തിരിച്ചിങ്ങോട്ട്?"
"അടുത്ത തിങ്കളാഴ്ച"
"കല്യാണത്തിന്‍റെ പിറ്റേന്നോ?" പുറകിലിരിക്കുന്ന ചേട്ടന്മാര്‍ ഒരു നിമിഷം എന്നെ അവിശ്വസനീയതോടെ നോക്കി.
"അല്ലേടാ. അതിനടുത്ത തിങ്കളാഴ്ച!"
"ഓ. ഓക്കേ" ചേട്ടന്മാര്‍ക്ക് എന്നിട്ടും വിശ്വാസം വന്നിട്ടില്ല.
ഇനിയെന്ത് പറയും എന്നാലോചിച്ചു തുടങ്ങിയപ്പോഴേക്ക് ബസ് പോവാനുള്ള സമയമായി.
"നിന്‍റെ സീറ്റ് എവിടെയാ?"
"പുറകിലാ. 31ഉം, 32ഉം. ബുക്ക് ചെയ്തപ്പോ ലേറ്റ് ആയി."
"ഞാന്‍ ഇന്നു വൈകുന്നേരം ബുക്ക് ചെയ്തതാ. ആരെങ്കിലും ക്യാന്‍സല്‍ ചെയ്തതാവും." അവന്‍റെ മുഖത്ത് ചിരി.
"ദുഷ്ടന്‍ ... എന്നാ നീ പുറകില്‍ ഇരിക്ക്. ഞാന്‍ ഒന്നുമില്ലേല്‍ കല്യാണം കഴിക്കാന്‍ പോവുകയല്ലേ?"
"നല്ലതാ ... ഇനിയങ്ങോട്ടുള്ള ജീവിതത്തിനു ഒരു ട്രെയിനിംഗ് ആയിക്കോട്ടെ"... അതും ശരിയാണ്, സമ്മതിക്കാതെ തരമില്ല :(ഏറ്റവും പുറകിലെ സീറ്റ് ആയത്‌ കൊണ്ടു കുലുങ്ങി കുലുങ്ങി സുഖകരമായ യാത്രയായിരുന്നു. ബസ് ഇറങ്ങിയത് താമരശ്ശേരിയില്‍. പുലര്‍ച്ചെ 5.30. നേരെ അമ്മയുടെ തറവാട്ടില്‍. വലിയമ്മാവന് അത്ര സുഖം ഇല്ലാത്തതിനാല്‍ കല്യാണത്തിന് വരാന്‍ പറ്റില്ല. അത് കൊണ്ടു ഞാന്‍ പോയി അമ്മാവനെയും, അമ്മായിയെയും കണ്ടിട്ട് പോവാം എന്ന് വിചാരിച്ചു. പിന്നെ രണ്ടാമത്തെ അമ്മാവന്‍റെ വീട്ടില്‍. വീട്ടിലെത്തിയപ്പോ പത്തു മണിയായി. അതിഥികള്‍ വന്നു തുടങ്ങി. കുളി, പാക്കിംഗ്, കഴിഞ്ഞു നേരെ അച്ഛന്‍റെ തറവാട്ടിലേക്ക്. ചേട്ടന്‍റെ കൂടെ. അവിടുത്തെ പ്രാര്‍ത്ഥന കഴിഞ്ഞു , മൂന്നാമത്തെ അമ്മാവനെയും, വലിയച്ചനെയും കൂട്ടി വീട്ടില്‍ എത്തിയപ്പോഴേക്ക് ഉച്ചയായി. പിന്നെ ഊണ് കഴിച്ചതിനു ശേഷം എല്ലാവരുടെയും അനുഗ്രഹം വാങ്ങല്‍. എന്നിട്ട് ബസ് കയറി. ഗുരുവായൂരേക്ക്. അവിടെ എത്തിയപ്പോഴേക്ക് സമയം 7 മണി. അമ്മ ഓടിച്ചു .... താലി പൂജിക്കാന്‍. കല്യാണചെക്കനായിട്ടും, ഒരു താലി കയ്യിലുണ്ടായിട്ടും അവര്‍ അകത്തേക്ക് കടത്തിയില്ല. അത്രയ്ക്ക് തിരക്കാണ്. അമ്മയെയും അമ്മായിമാരേയും കാത്ത് ഒരു രണ്ടു മണിക്കൂര്‍ അവിടെ നിന്നു. ചുറ്റും നല്ല ഭംഗിയുള്ള പെണ്‍കൊടികള്‍. "ഈശ്വരാ ... ഈ സമയത്തു ദുശ്ചിന്തകള്‍ തോന്നിപ്പിക്കരുതെ" എന്നുറക്കെ പ്രാര്‍ത്ഥിച്ചു ... കൂടെയുണ്ടായിരുന്ന അംബിചേച്ചി ഇടക്ക് ചെവി പിടിച്ചു സഹായിച്ചു! തിരിച്ചു വരുന്ന വഴിക്ക് എല്ലാവര്‍ക്കും ഒരു കാര്യം അറിഞ്ഞാ മതി "നീ തൊഴുതില്ലേ?". "ഇല്ല". "ങേ? താലി പൂജിക്കാന്‍ നീയല്ലേ പോയത്?". "അതെ, പക്ഷെ അവരകത്തു കയറ്റിയില്ല!" "ആണോ? എന്നാ പിന്നെ നാളെ രാവിലെ എണീച്ചു പോയാല്‍ മതി" ....

ചേച്ചിമാരെയും, അമ്മായിമാരെയുമൊക്കെ പരിചയപ്പെടുത്താന്‍ ആണെന്ന് പറഞ്ഞു ഒരിക്കല്‍ പ്രീത ഉള്ളിടത്തേക്ക് പോയി. പെട്ടെന്ന് തന്നെ എല്ലാരും കൂടെ ചെവിക്കു പിടിച്ച് ഓടിച്ചു വിടുകയും ചെയ്തു :( എല്ലാം കഴിഞ്ഞ് ഒരു 11 മണിക്ക് ഒരു കിടക്ക കണ്ടു പിടിച്ചു ചാഞ്ഞപ്പോള്‍ ചെവി മാത്രമല്ല, മേലാസകലം വേദനിക്കുന്നു. മണിയേട്ടനും, വിനോദേട്ടനും ഇരുന്നു ടി വി കാണുന്നു. കൊതുകുകള്‍ മൂളിപ്പറക്കുന്നു. പുതപ്പൊന്നും ഇല്ല. ഒന്നു കണ്ണടഞ്ഞു തുടങ്ങിയപ്പോള്‍ ഏട്ടന്‍ കയറി വന്നു. "നീ നാളെ രാവിലെ അമ്പലത്തില്‍ പോവുന്നില്ലേ?" "ങും". "എന്നാല്‍ മണിയെട്ടന്‍റെ കൂടെ പൊയ്ക്കോ". മണിയേട്ടന്‍ മാലയൊക്കെ ഇട്ടു സ്വാമി ആണ്. "ഞാന്‍ 2 മണിക്ക് പോവും!". "ഒരു 3 മണി പോരെ മണിയെട്ടാ??" "പോര അപ്പോഴേക്കും തിരക്കാകും!" ഞാന്‍ വാച്ചില്‍ നോക്കി. സമയം ഏകദേശം 12 മണി. ഒരവസാന ശ്രമം എന്ന നിലയില്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.ഞാന്‍ എണീച്ചു കുളിച്ചു തയ്യാറായി കഴിഞ്ഞപ്പോള്‍ സമയം 2.30 ആയി. പടിഞ്ഞാറെ നടയുടെ ഒരറ്റത്ത് നിന്നു തുടങ്ങി, കിഴക്കേ നടയിലുള്ള ക്യു‌വിന്‍റെ ഒരറ്റത്ത് എത്തിയപ്പോഴേക്കും സമയം 3മണി. ക്യുവിന്‍റെ നീളം ഒരു രണ്ടു കി മി എങ്കിലും കാണും. ഈശ്വരാ! ഈ ദിവസം ഈയുള്ളവനെ ഇങ്ങനെ പരീക്ഷിക്കരുതേ! ദൈവം കേട്ടോ എന്നറിയില്ല. എന്തായാലും മണിയേട്ടന്‍ കേട്ടില്ല. "കുറച്ചു കൂടെ നേരത്തെ വന്നിരുന്നേല്‍ ഇത്ര തിരക്ക് കാണില്ലായിരുന്നു!" എന്ന് മാത്രം പറഞ്ഞു. "വളരെ ശരിയാണ്!" അര മണിക്കൂര്‍ കഴിഞ്ഞപ്പോ ക്യു പതുക്കെ നീങ്ങിത്തുടങ്ങി. 4 മണി ആയപ്പോഴേക്കും ഞങ്ങള്‍ റോഡില്‍ നിന്നും പന്തലിനകത്തെത്തി. "ഈശ്വരാ... സിനിമ കാണാന്‍ പോലും ഇത്ര നേരം ക്യു നിന്നിട്ടില്ല!" ദാഹിച്ചിട്ടു വയ്യ. ഒരു കാപ്പിയെങ്കിലും കുടിക്കാമായിരുന്നു. ഒരഞ്ചു മണിയായപ്പോള്‍ നടക്കകത്ത് കടന്നു. പിന്നെ ഒരു ഫ്ലൈ ഓവര്‍ ഒക്കെ കയറി ശ്രീകോവിലിനു മുന്നിലേക്ക്. ചുറ്റും കൂട്ട പ്രാര്‍ഥനകള്‍, ശരണം വിളികള്‍ ... നേരെ മുന്നില്‍ ശ്രീ ഗുരുവായൂരപ്പന്‍. ആര്‍ക്കും ഭക്തി തോന്നിപ്പോവും. പല തവണ ഗുരുവായൂര്‍ വന്നിട്ടുണ്ടെങ്കിലും, ഇതിനകത്തേക്ക് കയറിയത് അവസാനം സ്കൂളില്‍ പഠിക്കുമ്പോഴാണ്. ശരിക്ക് പ്രാര്‍ത്ഥിച്ചു. കഷ്ടപെട്ടത്‌ അവസാനം നന്നായി.

തിരിച്ചു വരുന്ന വഴിക്ക് ഒരു കുപ്പി വെള്ളവും, ഒരു കഷ്ണം ഹല്‍വയും വാങ്ങി! അതൊക്കെ അകത്തു ചെന്നപ്പോഴാണ് ഒരു സമാധാനം ആയത്‌. 10 മിനിട്ടു കിടന്നുറങ്ങാനും പറ്റി. ഒരു 7 മണി ആയപ്പോള്‍ ഷേവ് ഒക്കെ ചെയ്തു, പ്രാതല്‍ കഴിക്കാനിറങ്ങി, പിന്നെ പുറപ്പെട്ടു, 9 മണിക്ക് വീണ്ടും അമ്പലത്തില്‍. വലിയ തിരക്കൊന്നും ഇല്ലായിരുന്നു ... കല്യാണത്തിന് ... നാല് ദിവസത്തെ നോട്ടീസ് മാത്രം കിട്ടിയിട്ടും കുറെ സുഹൃത്തുക്കള്‍ ഒക്കെ വന്നു. സുര്‍ജി, അമ്മ, ടിജു, ദീപ, രാജീവ്, രാജേഷ്, വിശാല്‍, സാജിദ്, മിലി ... കുറച്ചു വൈകിയിട്ടാണേലും സുജിത് (വൈകിയിട്ടു എന്ന് പറഞ്ഞാല്‍ ഊണ് കഴിക്കുന്നതിനു തൊട്ടു മുന്നേ ;-), ഇവരില്‍ പലരുടെയും യഥാര്‍ത്ഥ പേരുകള്‍ പുറത്തു പറയാന്‍ കൊള്ളില്ല. വളരെ കഷ്ടപ്പെട്ടിട്ടാണ് ഔദ്യോകിക പേരുകള്‍ ഓര്‍ത്തെടുത്തത്‌).

ഈ പരിപാടികളൊക്കെ പുറത്തു നിന്നും കാണാന്‍ എന്തെളുപ്പം ആയിരുന്നു. സ്വന്തം കാര്യം വന്നപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍. ഉദാഹരണത്തിന്, "നിന്‍റെ ഭാര്യയുടെ അനിയത്തി" എന്ന് ടിജു പറഞ്ഞപ്പോള്‍ "ങേ ... ആര്???" എന്നായിരുന്നു എന്‍റെ ചോദ്യം. "ഭാര്യ" അടുത്തില്ലാതിരുന്നത് കൊണ്ടു തല്ലു കിട്ടിയില്ല. ഇനി ഈ അബദ്ധം പറ്റാതിരിക്കാന്‍ "ഭാര്യ, wife, അനിയത്തി" മുതലായ വാക്കുകള്‍ ഉരുവിട്ട് പഠിച്ചു. "ഭാര്യ" ഇടക്കിടക്ക് സാരി മാറാന്‍ പോയത് കൊണ്ടു ഇഷ്ടം പോലെ സമയം കിട്ടി :) കുറച്ചു പടമെടുപ്പിനും, പാര വെപ്പിനും ശേഷം ഊണ് കഴിക്കാന്‍ സമയം ആയി. അതിന് പ്രത്യേകിച്ച് കണ്‍ഫ്യൂഷന്‍ ഒന്നും ഇല്ലായിരുന്നു. "ഭാര്യ"യുടെയും, ചേട്ടന്‍റെയും, ചേട്ടത്തിയമ്മയുടെയും കൂടെയിരുന്നു നന്നായിട്ട് തട്ടി. അത് കഴിഞ്ഞു ഒരു സാരി മാറ്റം കൂടെ കഴിഞ്ഞതോടെ തിരിച്ചു പോവാന്‍ സമയമായി. വണ്ടി ഓടിക്കാന്‍ അമ്മാവന്മാരും, ഏട്ടനും സമ്മതിക്കാഞ്ഞതിനാല്‍, "ഭാര്യ"യുടെ കൂടെ പുറകിലിരുന്നു. ആകപ്പാടെ ഒരു വിമ്മിട്ടം. എന്നെക്കാളും "വിമ്മിട്ടം" "ഭാര്യ"ക്കായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അത് ച്ചര്‍ദ്ദി ആയി പുറത്തോട്ടു വന്നു. എന്തായാലും ഗുരുവായൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വഴി കണ്ടു പിടിക്കാന്‍ ഇനി ബുദ്ധിമുട്ടേണ്ട! ചേട്ടത്തിയമ്മക്ക് മാത്രം സന്തോഷമായി. ഇനിയിപ്പോ കളിയാക്കാനും ച്ചര്‍ദ്ദിക്കാനും വേറെ ആളായല്ലോ!


4 മണിക്ക് വീട്ടിലെത്തി. 6 മണിയായപ്പോഴേക്കും ഒരു സാരി മാറ്റം കൂടെ ... അത് കഴിഞ്ഞ് അടുത്ത പരിപാടി. റിസെപ്ഷന്‍. ഇത്തവണ ഞാനും ഒന്നു ഡ്രസ്സ് മാറി. ഒരു സൂട്ടും ഷൂവും ഒക്കെ ഇട്ടു. നാട്ടിലുള്ള ചില സുഹൃത്തുക്കളെ നാളുകള്‍ക്കു ശേഷം കാണുകയല്ലേ? മാത്രമല്ല, അച്ഛന്‍റെയും, അമ്മയുടെയും, ചേട്ടന്‍റെയും കുറെ കൂട്ടുകാരും, വേറെ കുടുംബക്കാരുമൊക്കെ വരുന്നതല്ലേ? ഇത്തിരി ജാടയായിക്കോട്ടേ :) ബെംഗളൂരുവില്‍ നിന്നും പപ്പനും ജംഷിയും സകുടുംബം എത്തിയിരുന്നു ... പടമെടുപ്പും, ഭക്ഷണവും ഒക്കെ കഴിഞ്ഞ് ഒരു 10 മണി ആയപ്പോള്‍ വീട്ടില്‍ ഞങ്ങള്‍ മാത്രമായി ... ഏട്ടന്‍ ടി വി വെച്ചു നോക്കിയപ്പോള്‍, യുവരാജ് സിംഗ് അടിച്ചു തകര്‍ക്കുന്നു. മഴ കാരണം കളി തുടങ്ങാന്‍ വൈകിയത്രേ. ഹാവൂ ... കളി കാണാന്‍ കഴിയും എന്ന് പ്രതീക്ഷിച്ചതല്ല ... മഴക്ക് സ്തുതി.
പിന്നെയുള്ള ഒരാഴ്ച പെട്ടെന്ന് തീര്‍ന്നു. അച്ഛന്‍, അമ്മ, ചേട്ടന്‍, ചേട്ടത്തിയമ്മയുടെ കൂടെ മനോഹരങ്ങളായ കുറച്ചു ദിവസങ്ങള്‍. അതിനിടക്ക് കുടുംബവീടുകളിലൊക്കെ ഒരോട്ടപ്രദക്ഷിണം. കോഴിക്കോട്ടെ പ്രധാന സംഭവങ്ങളായ, ബീച്ച്, ഷാര്‍ജ ജ്യൂസ്‌, ചെമ്മീന്‍, കടുക്ക, ഞണ്ട്, പത്തിരി, മാനാഞ്ചിറ തുടങ്ങി പലതും. ബിരിയാണിയും, മില്‍ക്ക് സര്‍ബത്തും ബാക്കിയായി. അതിനി അടുത്ത വരവിലാവാം. ഈ ശനിയാഴ്ച പതിവു പോലെ, വേര്‍സയില്‍, തിരിച്ചു ബെംഗളൂരുവിലേക്ക്. ഒരു വ്യത്യാസം ഉള്ളത്, കൂടെയൊരു "ഭാര്യ" ഉണ്ട് എന്നതാണ് :) മാണ്ഡ്യയില്‍ ഒരു ദിവസം, ഇന്നിപ്പോ ഓഫീസില്‍ ... ബൂലോകത്ത് ... അല്ലാതെ നമ്മളെവിടെ പോവാന്‍?

13 Comments:

Blogger Preetha Nair said...

....കൃഷ്ണാ
ഗുരുവായൂരിലും വായനോകി അല്ലെ….
ദുഷ്ട രാജാവേ…
അപ്പൊ ജയചെച്ചി പറഞ്ഞതോക്കെ സത്യമായിരുന്നു ല്ലേ ......

December 2, 2008 11:10 AM  
Blogger smitha adharsh said...

അങ്ങനെ "ഭര്‍ത്താവായി" അല്ലെ?
വിവാഹ വിശേഷം വായിച്ചപ്പോള്‍ തന്നെ വിവാഹത്തില്‍ പങ്കെടുത്ത ഒരു പ്രതീതി.ഫോട്ടോസും ഉഗ്രന്‍!
അപ്പൊ,"ഭാര്യ"യ്ക്കും,"ഭര്‍ത്താവിനും" ആശംസകള്‍..പോട്ടെ..പോട്ടെ..വണ്ടി പോട്ടെ..

December 1, 2008 6:17 PM  
Blogger sreedevi said...

Happy Married life maashe..
varshangal kazhinju randu aalkkum vayichu rasikkam... :)

December 2, 2008 10:37 AM  
Blogger Sophroniscus Dialectic said...

Didn't know you had this blog!

December 1, 2008 11:01 PM  
Blogger കുമാരന്‍ said...

wishes for a happy married life..

December 2, 2008 1:34 PM  
Blogger സന്ദീപ്‌ ഉണ്ണിമാധവന്‍ said...

സ്മിത: സത്യായിട്ടും മുഴുവന്‍ വായിച്ചോ :)
സോഫ്രോനിക്കസ് ... അല്ലേല്‍ വേണ്ട വിശാലേ: ഇപ്പൊ മനസ്സിലായില്ലെ? ഇനി ഇടക്ക് ഈ വഴി വാ :)
ശ്രീദേവി: നന്ദി മാഷേ. പിന്നീട് വായിച്ചു ചിരിക്കാന്‍ ആണ് ഈ എഴുതി വെക്കുന്നതൊക്കെ :) അത് നിങ്ങളൊക്കെ വായിക്കുന്നുണ്ടല്ലോ എന്നതാണ് എന്‍റെ അദ്ഭുതം :)
പ്രീതു: ഏയ് ... ഞാന്‍ ആ ടൈപ്പ് അല്ലേയല്ല ...
കുമാരേട്ടാ: താങ്ക്സ്

December 2, 2008 9:04 PM  
Blogger കൊച്ചുത്രേസ്യ said...

ഹാവൂ ഒരു കല്യാണരാമന്റെ ഡയറികുറിപ്പുകൾ :-)

ആശംസാസ്‌... ആശംസാസ്‌

December 3, 2008 10:06 AM  
Blogger Dhanya said...

Narration kollamtto :) But as Preetha said kalyana divasoom pooyi vayikookkiyo? kashtam ;)

December 3, 2008 11:46 AM  
Blogger BS Madai said...

വധൂവരന്മാരെ....വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ.... (പഴയ ഒരു പാട്ട്)

ഷാര്‍ജ ജ്യൂസ്‌, ചെമ്മീന്‍, കടുക്ക, ഞണ്ട്, പത്തിരി - മനുഷ്യനെ വെറുതെ കൊതിപ്പിക്കല്ലേ...!ഹ ഹ..

December 3, 2008 12:28 AM  
Blogger kaithamullu : കൈതമുള്ള് said...

ഹൃദയംഗമായ ആശംസകള്‍!
(‘കല്യാണ രാമന്‍‘ ആരാ?)

December 3, 2008 1:28 PM  
Blogger സന്ദീപ്‌ ഉണ്ണിമാധവന്‍ said...

മാടായി: പൂക്കള്‍ക്ക് നന്ദി .... പിന്നെ ഷാര്‍ജ, ചെമ്മീന്‍, കടുക്ക .... ഇനിയിപ്പോ കുറച്ചു ദിവസത്തേക്ക് എനിക്കും കൊതിക്കാനേ കഴിയൂ :(
കൊച്ചുത്രേസ്യ: എന്താ ഒരു ഹാവൂ? അശംസകള്‍ക്ക് നന്ദി
ധന്യ: വായൊന്നും നോക്കിയില്ലാന്ന്. നോക്കാന്‍ തോന്നിപ്പിക്കരുതെ എന്ന് പ്രാര്‍ത്ഥിച്ചതല്ലേ. ഞാന്‍ ആ ടൈപ്പ് അല്ലാന്ന്. സത്യം.
കൈതമുള്ള്: നന്ദി സുഹൃത്തേ. കഴിഞ്ഞ ആഴ്ച കല്യാണ രാമന്‍ ഞാന്‍ ആയിരുന്നു. ഇനിയിപ്പോ ആര്‍ക്കും ആവാം :)

December 4, 2008 10:39 AM  
Blogger Prasanth AG said...

aliya.. kalayana visheshangal asalaayi.. :) All the best

December 13, 2008 5:40 PM  
Blogger Bindhu Unny said...

ഗുരുവായൂരില്‍ ഒരു കല്യാണം കൂടീട്ട് വര്‍ഷങ്ങളായി. ഇതുവായിച്ചപ്പോ കൂടിയപോലായി.
:-)

December 16, 2008 11:06 AM  

Post a Comment

<< Home