Friday, December 26, 2008

പാണ്ഡവരുടെ നഗരത്തില്‍ ...

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പാണ്ഡവപുര തന്നെയാണ് ഈ പാണ്ഡവരുടെ നഗരം. അരക്കില്ലത്തില്‍ നിന്നു രക്ഷപ്പെട്ട ശേഷം പാണ്ഡവരും കുന്തിയും ഒളിച്ചു താമസിച്ചത് ഇവിടെ ആണത്രേ.

ഈ സ്ഥലം ഇപ്പോള്‍ മൈസൂരിനടുത്താണ്. കൃത്യമായി പറഞ്ഞാല്‍ ബെംഗളൂരു - മൈസൂരു റോഡില്‍ നിന്നും പടിഞ്ഞാറോട്ടു (മൈസൂരേക്ക് പോവുകയാണേല്‍ വലത്തോട്ട്) തിരിയണം. മാണ്ഡ്യ കഴിഞ്ഞ് ഒരു ഇരുപതു കിമി കഴിഞ്ഞും, ശ്രീരംഗപട്ടണം എത്തുന്നതിനു തൊട്ടു മുന്നേയും രണ്ടു വഴികളുണ്ട് പാണ്ഡവപുരത്തെത്താന്‍. എന്‍റെ ഭാര്യ വീട് മാണ്ഡ്യയില്‍ ആയത്‌ കൊണ്ട്, ഒരു ഞായറാഴ്ച രാവിലെ കുടുംബ സമേതം ആണ് ഞങ്ങള്‍ പാണ്ഡവപുരക്കു പുറപ്പെട്ടത്‌. കുടുംബസമേതം എന്ന് പറഞ്ഞാല്‍ പ്രീതു, അമ്മ, അച്ഛന്‍, പിന്നെ ഞാനും.

ബെംഗളൂരു - മൈസൂരു റോഡില്‍ നിന്നും തിരിഞ്ഞു കഴിഞ്ഞാല്‍ പിന്നെ രണ്ടു വശത്തും നെല്‍പ്പാടങ്ങളും, കരിമ്പ്‌ പാടങ്ങളും, കരിമ്പ്‌ ഫാക്ടറികളും ആണ്. മൈസൂരിലെ കേ ആര്‍ എസ്സില്‍ നിന്നും വരുന്ന കനാലുകള്‍ ഉള്ളതിനാല്‍ വെള്ളത്തിന്‌ യാതൊരു പഞ്ഞവുമില്ല. രാവിലെയുള്ള ഈ യാത്ര നല്ല രസമായിരുന്നു. മഞ്ഞണിഞ്ഞു നില്ക്കുന്ന പാടങ്ങളും, പക്ഷികളുടെ കളകളാരവും ...


പക്ഷികളുടെ കാര്യം പറഞ്ഞപ്പോഴാണ്. കുറെ തരം പക്ഷികളെ കാണാനൊത്തു. പൊന്മ മുതല്‍ കുട്ടുറുവന്‍ വരെ പലതും. പക്ഷെ മനസ്സില്‍ തങ്ങി നിന്നത് ഞാനിന്നേ വരെ കണ്ടിട്ടില്ലാത്ത ഒരിനം ആണ് - വേഴാമ്പലുകള്‍, ഒന്നല്ല രണ്ടെണ്ണം. കേരളത്തിന്‍റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പല്‍ (Great Hornbill) അല്ല ഇത്. കുറച്ചു കൂടെ സാധാരണയായി കാണപ്പെടുന്ന ഗ്രേ ഹോണ്‍ബില്‍ (Grey Hornbill) ആണ്.


പാണ്ഡവപുര ടൌണില്‍ എത്തിയിട്ട് ആദ്യം പോയത് ഹുക്കട അമ്പലത്തിലെക്കാണ്. വഴി ചോദിച്ചപ്പോള്‍ ആദ്യം റെയില്‍വേ സ്റ്റേഷനിലേക്ക് പോവാന്‍ പറഞ്ഞു. ടൌണില്‍ നിന്നും ശ്രീരംഗപട്ടണം റോഡിലൂടെ നാല് കിമി ദൂരമുണ്ട് റെയില്‍വേ സ്റ്റേഷനിലേക്ക്. അവിടെ എത്തിയാല്‍ വലത്തോട്ട് ഒരു റോഡ് കാണാം. അത് വഴി ഏകദേശം ഒരു കിമി കൂടെ പോയാല്‍ ഒരു ധാബ കാണാം. അവിടുന്നു ഇടത്തോട്ടു തിരിഞ്ഞ് അല്പം കൂടെ മുന്നോട്ടു പോയാല്‍ ഹുക്കട എത്തി.

വളരെ പ്രശസ്തം ആണത്രേ ഈ അമ്പലം. അമാവാസി ദിവസങ്ങളില്‍ ഇവിടെ ഭയങ്കര തിരക്കാണ്. ഇന്നു തന്നെ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. അവിടെ ചെന്നിറങ്ങിയപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് കുറെ കോഴിക്കടകള്‍ ആണ്. അമ്പലത്തിനു മുന്നില്‍ കോഴിക്കടകള്‍ക്ക് എന്ത് കാര്യം എന്ന ചോദ്യത്തിന് പെട്ടെന്ന് തന്നെ ഉത്തരം കിട്ടി. ആളുകള്‍ ഇവിടെ നേര്‍ച്ചയായി കൊടുക്കുന്നത്, തേങ്ങ, കള്ള്, കോഴിമുട്ട, കോഴി, ആട് മുതലായ സാധനങ്ങള്‍ ആണ്. അമ്പലത്തിലേക്ക് കയറുന്ന വഴിയുടെ രണ്ടു വശത്തുമുള്ള കച്ചവടക്കാര്‍ നേര്‍ച്ചക്കുള്ള താലം തയ്യാറാക്കി വെച്ചതില്‍ ഓരോ തേങ്ങയും പച്ചമുട്ടയും ഉണ്ട്. മറ്റുള്ള സാധനങ്ങള്‍ നമ്മള്‍ വേറെ വാങ്ങണം. ഭയങ്കര തിരക്കായതിനാല്‍ ഞങ്ങള്‍ ക്യൂ നില്ക്കാനൊന്നും മിനക്കെട്ടില്ല. പുറത്തു നിന്നും തൊഴുതിട്ടു പോന്നു.

വൈശാലി സിനിമ പാണ്ഡവപുരത്താണ് ചിത്രീകരിച്ചത് എന്ന് അച്ഛന്‍ പറയുന്നുണ്ടായിരുന്നു. പ്രീതു പണ്ട് ഇവിടെ വന്നപ്പോള്‍ പാറകള്‍ കുറെ ഉള്ള ഒരു സ്ഥലത്തു വന്നതായി പറയുകയും ചെയ്തു. ആ സ്ഥലം ശ്രീ ശിവ ശൈലം ആണെന്ന് ഓട്ടോക്കാരോട് ചോദിച്ചപ്പോള്‍ മനസ്സിലായി. എന്നാല്‍ പിന്നെ അവിടെയും പോയിക്കളയാം. ശ്രീ ശിവ ശൈലത്തെത്താന്‍ ഞങ്ങള്‍ വന്ന വഴിക്ക് തന്നെ തിരിച്ചു വരണം. പാണ്ഡവപുരം ടൌണ്‍ കഴിഞ്ഞു മാണ്ട്യ പോവുന്ന വഴിക്ക് ഒരു മൂന്നു നാല് കിമി പോയാല്‍ ഇടത്തോട്ടു തിരിയണം. പിന്നെയും ഒന്നു രണ്ടു ചെറിയ വഴികളിലൂടെയൊക്കെ പോയാലേ ശ്രീ ശിവ ശൈലത്തെത്തൂ.


അവിടെയെത്തിയപ്പോള്‍ ആ സ്ഥലം ആകെ മാറിയിരിക്കുന്നു. മനോഹരമായ ഒരമ്പലം, പല തരത്തിലുള്ള ചെടികളും, മതിലിനു പുറത്തു കൂടെ ഒഴുകുന്ന ഒരു തോടും. തോടില്‍ കാല് കഴുകിയിട്ട് വേണം അമ്പലത്തില്‍ കയറാന്‍. അമ്പലത്തിനടുത്തൊന്നും ആരുമില്ല. ആകെ ഒരു പൂജാരി മാത്രം. അത് കൊണ്ടു സുഖമായി തൊഴുതു.

തൊഴല്‍ കഴിഞ്ഞ് അവിടെയൊക്കെ ചുറ്റി നടന്നു. തിരിച്ചെത്താന്‍ നേരത്താണ് ചൊറിയന്‍ പുഴു പോലിരിക്കുന്ന ഒരു കായ കണ്ടത്. പ്രീതുവിന് ഭയങ്കര കൌതുകം - അവളതു പൊട്ടിച്ചെടുത്തു. ചൊറിയും എന്ന അച്ഛന്‍റെ താക്കീത് വക എന്നെ നിര്‍ബന്ധിച്ചു അത് പൊളിപ്പിച്ചു. അകത്തു പയറുമണി പോലെ ഒരു സാധനം. കാറ്റത്ത്‌ അതിന്‍റെ പുറത്തുള്ള രോമം പോലുള്ള സാധനങ്ങള്‍ മേല് മുഴുവനായി - അത്ര തന്നെ. കുറച്ചു കഴിഞ്ഞപ്പോള്‍ ഭയങ്കര ചൊറിച്ചില്‍.കാലും, കയ്യും, കഴുത്തും ... എല്ലാം. ഒന്നും പറയണ്ട ... വേഗം അവിടുന്നു രക്ഷപ്പെട്ടു.


തിരിച്ചു വരുന്ന വഴിക്ക് ഒരു പൊന്മയെയും കണ്ടു. അതിന്‍റെ പടം പിടിക്കുന്നതിനിടയില്‍ പ്രീതുവാണ് ഒരു പയ്യനോട് ചോദിച്ചത്, ഇവിടെ ഇനി എന്താണ് കാണാനുള്ളതെന്ന് - അവന്‍ ആദ്യം പറഞ്ഞത് കുന്തി ബെട്ട പോയോ എന്നാണ്. പാണ്ഡവരുടെ കൂടെ ഇവിടെ ഒളിച്ചു താമസിക്കുമ്പോള്‍ കുന്തിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ആയിരുന്നത്രെ ഈ കുന്തി ബെട്ട. 'ബെട്ട' എന്നാല്‍ കന്നഡ ഭാഷയില്‍ കുന്ന് എന്നാണര്‍ത്ഥം. അപ്പോള്‍ കുന്തി ബെട്ട എന്നാല്‍ 'കുന്തിയുടെ കുന്ന്' എന്നര്‍ത്ഥം.


കുന്തി ബെട്ടയിലേക്ക് പോവാന്‍ ഇനി തിരിച്ചു പാണ്ഡവപുര ഭാഗത്തേക്ക് തന്നെ പോവണം. ഒരു കിമി പോയാല്‍ വലത്തേക്ക് തിരിയണം. അവിടുന്നു പിന്നെയും ഒരു കിമി പോയാല്‍ കുന്തി ബെട്ട ആയി. അവിടെ എന്തൊക്കെയോ പണി നടക്കുന്നു. കുറെ ലോറികളും, ജീപ്പുകളും, പണിക്കാരും. താഴെയൊരു മരത്തിനടുത്ത് നാഗ ദേവതയുടെ ഒരു കല്‍പ്രതിമ. അവിടുന്നങ്ങോട്ട് പടികള്‍ കയറണം. മുകളില്‍ ഒരമ്പലം. രണ്ടു വശത്തും കുന്നുകള്‍. അച്ഛനും അമ്മയും താഴെ നിന്നു. ഞാനും പ്രീതുവും ഒരു കുന്ന് കയറാന്‍ തുടങ്ങി.

കുറച്ചു കയറിക്കഴിഞ്ഞപ്പോള്‍ നല്ല ഭംഗി. എതിരെയുള്ള കുന്നിന്‍റെ പുറകിലായി ഒരു തടാകം. കുറച്ചു നേരം അവിടെ നിന്നു ഭംഗിയൊക്കെ ആസ്വദിച്ചു. കുറച്ചു ചിത്രങ്ങളും എടുത്തു. എന്നിട്ട് തിരിച്ചു പോന്നു. കുന്തി ബെട്ടയില്‍ നിന്നുള്ള രണ്ടു ചിത്രങ്ങള്‍ ഇവിടെ പോസ്റ്റിയിട്ടുണ്ട്.

എല്ലാം കഴിഞ്ഞ് താഴെയെത്തിയപ്പോള്‍ ഒരു മണിയായി. നല്ല വിശപ്പ്. ഇനി സ്ഥലം കാണാനൊന്നും പറ്റില്ല. തിരിച്ചു പോവാന്‍ സമയമായി. ഒരു അര മണിക്കൂര്‍ കൊണ്ടു മാണ്ട്യ എത്തി. ഇനിയിപ്പോ ഊണൊക്കെ കഴിച്ചു സുഖായിട്ടൊന്നു മയങ്ങണം ... ഇനിയിപ്പോ അതൊക്കെ കഴിഞ്ഞിട്ട് കാണാം.

പി എസ്: കഴിഞ്ഞാഴ്ച അവധിയെടുത്ത് രണ്ടു സ്ഥലത്തു കൂടെ പോയി. സോമവാര്‍പേട്ട് നിന്നും പുഷ്പഗിരി / കുമാരപര്‍വതയിലേക്ക് ഒരുഗ്രന്‍ ട്രെക്ക്. അവിടുന്ന്, ഗിരിഗഡ്ഡെ വഴി കുക്കെ സുബ്രമണ്യയിലേക്കിറങ്ങി. ആംഗലേയത്തില്‍ വിശദമായ യാത്രാവിവരണം ഇവിടെ ഉള്ളതിനാല്‍ ഇനി മലയാളത്തിലും എഴുതുന്നില്ല. രണ്ടാമത്തെ സ്ഥലം തുഷാരഗിരി ആണ്. കോഴിക്കോട്, ചെമ്പുകടവിനടുത്ത്. അവിടെ ഒരു ട്രെക്കിനുള്ള കോളുണ്ട്. ഒത്താല്‍ വിശദമായി എഴുതാം :)

6 Comments:

Blogger നിരക്ഷരന്‍ said...

പാണ്ഡവപുരത്തെപ്പറ്റിയും , കുന്തി ബെട്ടയെപ്പറ്റിയും അറിഞ്ഞു. നന്ദി മാഷേ. ബാംഗ്ലൂര്‍ ജീവിച്ചിരുന്ന കാലത്ത് നഷ്ടമായ കാഴ്ച്ചകളാണിതൊക്കെ.

December 26, 2008 11:11 PM  
Blogger ശിവ said...

ഈ പോസ്റ്റ് ഇഷ്ടമായി.....ഒരു നാള്‍ ഞാനും വരുന്നുണ്ട് പാണ്ഡവപുരയിലേയ്ക്ക്.....

December 27, 2008 7:26 AM  
Blogger smitha adharsh said...

സൂപ്പര്‍ പോസ്റ്റ്...സഞ്ചരിക്കാന്‍ കൂട്ടായല്ലോ..അപ്പൊ,ഇനി കൂടുതല്‍ യാത്രാവിവരണങ്ങള്‍ പ്രതീക്ഷിക്കാം അല്ലെ?പാണ്ഡവപുരത്തെപ്പറ്റി കേട്ടിട്ടുണ്ട്..വൈശാലി ഷൂട്ട് ചെയ്തത് അവിടെയാണെന്ന് കെ.പി.എ.സി.ലളിത കുറച്ചു ദിവസം മുന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു കേട്ടിരുന്നു.

December 27, 2008 12:56 PM  
Anonymous നൊമാദ്|aneesh said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

December 30, 2008 12:37 PM  
Blogger Bindhu Unny said...

Read the post on Pushpagiri/Kuamraparvatha/Subramanya trek. Did not find an option to comment there. It was quite adventurous of both of you to do trekking and camping alone. Hats off to the young couple.
Since we keep hearing bad things happened to trekkers at various places in Maharashtra (may be Karnataka is safer), we suggest you guys to be careful, and whenever possible go only in groups.

Happy new year :-)

January 2, 2009 9:48 AM  
Blogger സന്ദീപ്‌ ഉണ്ണിമാധവന്‍ said...

നിരക്ഷരന്‍: ഞാനും ഈ അടുത്ത കാലത്താണ് അവിടെ പോവുന്നത്. പിന്നെ ഏത് സ്ഥലത്തായാലും അവിടത്തെ കാഴ്ചകള്‍ ഇല്ലേ :)

ശിവ: വരൂ വരൂ :)

സ്മിത: അതെയതെ :) വൈശാലി എന്ന് കേട്ടപ്പോളാണ് എനിക്കും താത്പര്യം ആയത്‌ :)

അനീഷ്: നന്ദി സഹോദരാ. താങ്കള്‍ക്കും 2009 തകര്‍പ്പന്‍ ആവട്ടെ

ബിന്ദു ചേച്ചി: ഇവിടെയും അത്ര സുരക്ഷിതം ഒന്നുമല്ല. പക്ഷെ പുഷ്പഗിരിക്ക് പോകാന്‍ അനുവാദം ഒക്കെ വേണം. പിന്നെ അതൊരു പ്രവര്‍ത്തി ദിവസം ആയിരുന്നു. അത് കൊണ്ടു റൌഡികള്‍ ഒന്നും കാണില്ല എന്ന വിശ്വാസത്തില്‍ പോയതാണ്.

February 9, 2009 12:38 PM  

Post a Comment

<< Home