Monday, May 26, 2008

അവസര വാദികളോ മതേതര വാദികളോ?

സാധാരണ നിലയില്‍ രാഷ്ട്രീയത്തെക്കുറിച്ചു അധികം അഭിപ്രായം പറയാത്ത ഒരു പാവം ആരാഷ്ട്രീയനാണ് ഞാന്‍. പിന്നെന്താ പറ്റിയതെന്ന് ചോദിച്ചാല്‍ രണ്ടു കാരണങ്ങളാണ്:
1. ദേവ ഗൌഡ കോണ്‍ഗ്രസ്സിന് ഉപാദികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചു എന്ന വാര്‍ത്ത
2. "മതേതര ശക്തികള്‍ ഒന്നിച്ചു നിന്നു ബി ജെ പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തണം" എന്ന് വേറൊരു ബ്ലോഗില്‍ കണ്ട ആഹ്വാനം

ആരാണ് വര്‍ഗീയ വാദികള്‍ എന്നതാണ് ആദ്യത്തെ ചോദ്യം. രാമജന്മ ഭൂമിയെ കുറിച്ചുള്ള ബി ജെ പിയുടെ നിലപാടാണല്ലോ അവരെ തൊട്ടു കൂടാത്തവരാക്കിയത്. മതത്തെ പോലെ തന്നെ ജാതിയും വര്‍ഗീയ വാദമല്ലേ? മന്ദിര്‍ പോലെ തന്നെ വര്‍ഗീയതയായിരുന്നില്ലേ മണ്ടല്‍? വി പി സിംഗ് മണ്ടല്‍ നടപ്പാക്കാന്‍ ഓടി നടന്നത് എന്തിനാണ് എന്നത് വേറെ കാര്യം! ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ വേണ്ടി ഒരു പാടു കഷ്ടപ്പെട്ട അര്‍ജുന്‍ സിങ്ങും ഒരു വര്‍ഗീയ വാദിയല്ലേ? ഇതിപ്പോ ചില വര്‍ഗീയ വാദികള്‍ തൊട്ടു കൂടാത്തവരും, മറ്റു ചിലര്‍ നല്ലവരും ആകുന്നതെങ്ങിനെ?

മതേതര ജനതാ ദളിനെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പിന്നെ എനിക്ക് കലി തുടങ്ങും. മതേതര വാദികള്‍ എന്നതിനെക്കാളും അവസര വാദികള്‍ എന്നതാണ് അവര്‍ക്ക് കൂടുതല്‍ ചേരുന്ന പേര്. കര്‍ണാടകയില്‍ നില നിന്നിരുന്ന സ്ഥിരതയില്ലായ്മ, ദുര്‍ഭരണം, കുതിരക്കച്ചവടം, അഴിമതി തുടങ്ങി പലതിനും കാരണക്കാര്‍ മതേതര (അവസര) വാദികളായ ഈ പാര്‍ട്ടിയാണ്. വെറുതെയാണോ ജനങ്ങള്‍ അവര്‍ക്ക് വോട്ടു ചെയ്യാതിരുന്നത്‌?

ബി ജെ പി ഒരു പ്രാവശ്യം ഭരിച്ചാല്‍ ഈ അവസര വാദികളേക്കാളും മോശമാവും എന്ന് തോന്നുന്നില്ല. എന്തായാലും അവര്‍ 5-6 കൊല്ലം ഇന്ത്യ ഭരിച്ചിട്ടും ഒന്നും സംഭവിച്ചില്ലല്ലോ. ഇവിടെയും ഒന്നും സംഭവിക്കില്ല! അവസര വാദ രാഷ്ട്രീയവും പാദസേവയും ആയിരുന്നു എന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ശാപം. ജനങ്ങളും, കോണ്‍ഗ്രസ്സും, ബി ജെ പിയും എന്ത് വില കൊടുത്തും ഈ അവസരവാദികളെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നു. കര്‍ണാടകത്തില്‍ മാത്രമല്ല ... ഇന്ത്യ മുഴുവന്‍!

പിന്നെ ആരോ ചോദിച്ച പോലെ, ഹിന്ദു പാര്‍ട്ടിയായത് കൊണ്ടു ബി ജെ പിക്കു മാത്രമാണോ വര്‍ഗ്ഗീയത? പേരില്‍ തന്നെ വര്‍ഗ്ഗീയതയുള്ള മുസ്ലിം ലീഗിനെക്കാളും വലിയ വര്‍ഗ്ഗീയ പാര്‍ട്ടിയാണോ ബി ജെ പി?

വാല്‍കഷ്ണം: പണ്ടാരോ പറഞ്ഞിരുന്നു, "നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍, രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും" എന്ന്.

Thursday, May 22, 2008

ഒമ്പത്തു ഗുഡ്ഡയും ആരോഗ്യവും!

വയസ്സായി വരുന്നുണ്ടോ എന്നൊരു സംശയം :( ഈ വാരാന്ത്യത്തില്‍ ഒമ്പത്തു ഗുഡ്ഡ പോയി വന്നപ്പോഴാണ് ഈ സംശയം തല പൊക്കിയത്. ആദ്യം തോന്നി ബാഗിന്‍റെ കനം കൂടുതലായിട്ടാണെന്ന് ... പക്ഷെ ഇച്ചിരി കനമുള്ള ബാഗ്‌ പൊക്കാന്‍ വേണ്ട ആരോഗ്യം ഇല്ലെങ്കില്‍ ഈ പണിക്കു പോണോ? വെള്ളം തീര്‍ന്ന് പോയിട്ടാണ്‌, വിശന്നിട്ടാണ് എന്നൊക്കെ വേണമെങ്കില്‍ വേറെ കാരണങ്ങള്‍ പറയാം ... പക്ഷെ അതൊക്കെ വെറുതെയാണെന്ന് എനിക്ക് തന്നെ അറിയാം :(

ഇനിയിപ്പോ എന്താ ചെയ്യാ? രാവിലെ എണീറ്റ് ഓടാന്‍ പോവുക, വ്യായാമം ചെയ്യുക എന്നൊക്കെ പറയുമ്പോള്‍ ഒരു മടി ... എന്തെങ്കിലും ചെയ്തേ പറ്റൂ ... ഇല്ലെങ്കില്‍ ഈ മല കയറാന്‍ പോവുന്ന പരിപാടി നിര്‍ത്തേണ്ടി വരും :( ഇപ്പൊ തന്നെ കുടവയര്‍ കണ്ടു തുടങ്ങി ... ചിത്രങ്ങളെടുക്കുമ്പോള്‍ ശ്വാസം വലിച്ചു പിടിച്ചിട്ടൊന്നും നില്‍ക്കുന്നില്ല ... ഇന്നാളൊരുത്തന്‍ ശ്രദ്ധിക്കാതെ നില്‍ക്കു‍മ്പോള്‍ ഫോട്ടോ പിടിച്ച് നാട്ടുകാരെ മുഴുവന്‍ കാണിച്ച്, എന്നെ നാറ്റിച്ചു ... ഈയിടെയായി അവനെ കാണുമ്പോഴേ മസ്സില്‍ പിടിച്ചാണ് നടപ്പ് ... വയസ്സാവുന്ന കാര്യം ആലോചിക്കുമ്പോഴേ പേടിയാവുന്നു :(

Wednesday, May 14, 2008

യെര്‍ക്കാടും നീന്തലും...

കുറെ ദിവസമായി വെള്ളക്കടലാസില്‍ എന്തെങ്കിലും എഴുതിപ്പഠിച്ചിട്ട് ... പ്രത്യേകിച്ച് ഒന്നും എഴുതാനില്ലാഞ്ഞിട്ടാണ് എന്ന് പറഞ്ഞാല്‍ അത് കള്ളമാകും ... ചില കാര്യങ്ങളൊക്കെ എഴുതാതിരിക്കുന്നതല്ലേ നല്ലത് :)

വിഷു കഴിഞ്ഞു ബെംഗ്ലൂരില്‍ തിരിച്ചെത്തിയ ആഴ്ച തന്നെ മാണ്ഡ്യക്കടുത്ത് മേല്‍ക്കോട്ടെ ക്ഷേത്രത്തില്‍ പോയിരുന്നു. ചില ചിത്രങ്ങള്‍ ഇവിടെ. യെര്‍ക്കാട് ഒരു ട്രെക്കിനു പോയതാണ് മറ്റൊരു പ്രഥാന സംഭവം ... 4 ദിവസം ഏതാണ്ട് 43 കിമി നടന്നു ... യെര്‍ക്കാട് ടൌണില്‍ നിന്നു തുടങ്ങി മഞ്ഞക്കുട്ട, വെള്ളക്കട, സെംഗളത്തുപട്ടി, സെമ്മനാഥം, നാഗളൂര്‍ ... എന്നീ ഗ്രാമങ്ങളിലൂടെ തിരിച്ചു യെര്‍ക്കാട്ടിലെത്തി ... പു‌ര്‍ണമായ യാത്രാവിവരണം ഇവിടെ.

വീട്ടിനടുത്ത് തന്നെ ഒരു നല്ല നീന്തല്‍കുളം കണ്ടു പിടിച്ചതാണ് വേറൊരു നല്ല കാര്യം :) കൂടെ ജോലി ചെയ്യുന്ന മഞ്ജുനാഥ് ആണ് സ്ഥലം കാണിച്ചു തന്നത്‌. യെര്‍ക്കാട് പോയപ്പോള്‍ ഒന്നു-രണ്ടു കുളങ്ങളിലും തോടുകളിലും ചാടിയതിനു ശേഷം വെള്ളത്തിലിറങ്ങാന്‍ തക്കം നോക്കിയിരിപ്പായിരുന്നു :) ഇതേതായാലും നന്നായി :ഇന്നു രാവിലെയും അവിടെ പോയി :) 15 അടി താഴ്ചയുള്ള ഭാഗത്ത് ഊളിയിട്ടു പോയി നിലം തൊട്ടതാണ് ഇന്നത്തെ പ്രധാന നേട്ടം! ക്യാമറ കൊണ്ടു പോവാന്‍ പാടില്ലാത്തതാണ്, പക്ഷെ ആരും ശ്രദ്ധിക്കാതെ മഞ്ജുവിന്‍റെ ഒന്നു രണ്ടു ചിത്രങ്ങളെടുത്തു. സ്ഥലം കാണിച്ചു തന്നതിന്‍റെ നന്ദിസൂചകമായി ആ ചിത്രങ്ങള്‍ മേലെ കൊടുത്തിരിക്കുന്നു :)

ഈ വാരാന്ത്യത്തില്‍ ഒരു ട്രെക് കൂടെ. ഒമ്പത്ത് ഗുഡ്ഡെ(സ്ഥലപ്പേര് കന്നടയില്‍ ... മലയാളത്തില്‍ ഒമ്പത് മലകള്‍)യിലേക്ക് ... ഇനിയിപ്പോ തിരിച്ചു വന്നിട്ടെഴുതാം.