Tuesday, June 24, 2008

ഒരു ബിരിയാണിയും ഇന്ത്യന്‍ മധ്യവര്‍ഗ്ഗവും ...

ഇന്നെന്താണെന്നറിയില്ല ... രാവിലെ മുതല്‍ നല്ല വിശപ്പ്. അമ്മ ഉണ്ടാക്കിയ എട്ടു പത്തിരിയാണ് രാവിലെ തന്നെ അകത്താക്കിയത്‌ ... എന്നിട്ടാണേ ഈ വിശപ്പ്. എന്തായാലും ... ഒരു 1 മണി വരെ പിടിച്ചു നിന്നു ... സാധാരണ കഴിക്കാറുള്ള ഡബ്ബ കഴിച്ചു കഴിഞ്ഞിട്ടും വിശപ്പിനു ഒരു അടക്കമില്ല. അടുത്തിരിക്കുന്ന മനീഷിനോടു കാര്യം പറഞ്ഞു. അപ്പോള്‍ അവന്‍ പറയുന്നു അവനും വിശക്കുന്നുണ്ടെന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല. ഹൈദരാബാദ് ബിരിയാണിക്കാരുടെ നമ്പര്‍ കറക്കി ... ഒരു കോഴി ബിരിയാണി പറഞ്ഞു!

കോഴി കടിച്ചു പറിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു ... എത്ര ആളുകള്‍ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നു. രണ്ടു നേരം ഉച്ചഭക്ഷണം കഴിക്കുന്നത്‌ കുറച്ചു ആര്‍ഭാടം തന്നെ. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തെക്കുറിച്ചു ബുഷ്ഷണ്ണന്‍ പറഞ്ഞതും ഇങ്ങനെയെന്തോ ആയിരുന്നില്ലേ? ഓ പിന്നെ ... അങ്ങോരെന്തു വേണേലും പറഞ്ഞോട്ടെ ... നാണ്യപ്പെരുപ്പം കൂടിക്കോട്ടെ ... അവികസിത രാജ്യങ്ങളില്‍ ആള്‍ക്കാര്‍ പട്ടിണി കിടന്നോട്ടെ ... എന്തായാലും ... എനിക്കെന്‍റെ ബിരിയാണി വേണം!

Friday, June 13, 2008

ഒമ്പത്തു ഗുഡ്ഡ ... വീണ്ടും

മഴക്കാലത്ത് ഒമ്പത്തു ഗുഡ്ഡ പോവുന്നത് ആത്മഹത്ത്യാപരം ആണെന്ന് പൊതുവെ അറിയപ്പെടുന്ന ഒരു കാര്യമാണ്. ആദ്യത്തെ പ്രാവശ്യം ഇവിടെ പോയത് തന്നെ ഞാന്‍ കുറച്ചു കഷ്ടപ്പെട്ടു. വയസ്സായോ എന്നൊരു സംശയവും തോന്നിയിരുന്നു. അത് കൊണ്ടു തന്നെ ഒന്നും കൂടെ ഇവിടെ പോകണം ... അതും കുറച്ചു ആള്‍ക്കാര്‍ മാത്രം ആയിട്ട് എന്ന് ഒരാഗ്രഹം ഉണ്ടായിരുന്നു. തന്നെ വഴി കണ്ടു പിടിച്ചു പോവുന്നതല്ലേ അതിന്‍റെ ഒരു രസം!

കഴിഞ്ഞാഴ്ച ഇറങ്ങിപ്പുറപ്പെട്ടു! ഭാരമുള്ള ലെന്‍സുകളും മറ്റു സാധനങ്ങളും ഇത്തവണ വീട്ടില്‍ തന്നെ വെച്ചു. ഷിറാഡി ചുരം റോഡു പണി തീര്‍ന്നതിനാല്‍ പോക്ക് എളുപ്പമായിരുന്നു. മജെസ്റ്റിക്കില്‍ നിന്നും ധര്‍മസ്ഥലക്ക് പോവുന്ന ഒരു ബസില്‍ കയറി. ഗുണ്ഡിയക്ക് ടിക്കറ്റ് എടുത്തു. ഒരു കന്നഡ പടം വെച്ചതിനാല്‍ ഉറക്കം തീരെ നടന്നില്ല. പുലര്‍ച്ചെ 4 മണിക്ക് സക്കലേഷ്പൂരില്‍ എത്തി, ഒരു 5 മണിക്ക് ഗുണ്ഡിയയും. ചെക്ക്-പോസ്റ്റില്‍ ഇറങ്ങാതെ അടുത്ത പാലത്തിനടുത്ത് ഇറക്കാന്‍ ഞാന്‍ കിളിയോട് പറഞ്ഞു. ഒരല്പം മുന്നോട്ടു പോയതേ ഉള്ളു‌, ബസ്സ് വഴിയില്‍ നിര്‍ത്തിയിട്ട ഒരു കെ.എസ്.ആര്‍.‍ടി.സി ബസ്സിന്‍റെ നേരെ പുറകില്‍ ചെന്നിടിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് എന്നാണ് എന്‍റെ ബലമായ സംശയം. എന്തായാലും കാബിനില്‍ ഇരുന്ന കുറച്ചു പേര്‍ക്ക് സാരമല്ലാത്ത പരിക്കുകള്‍ പറ്റി, ഡ്രൈവര്‍ക്കും - ആകെ ബഹളം!

ഇറങ്ങാന്‍ ഉള്ള സ്ഥലം ആയതിനാല്‍ പെട്ടെന്ന് ഇറങ്ങി നടന്നു. ഒരു 5 മിനിട്ട് നടന്നപ്പോഴേക്കും കബ്ബിനലെ ഹോളെ പാലം എത്തി, അത് കഴിഞ്ഞ് വലത്തു ഭാഗത്തായി ഒമ്പത്തു ഗുഡ്ഡക്കുള്ള വഴിയും.ഏതാണ്ട് വെളിച്ചം ആയി വരുമ്പോഴേക്കും ട്രെക്കിംഗ് തുടങ്ങിയിരുന്നു. കഴിഞ്ഞ തവണത്തേതിനെക്കാളും ഒരു മണിക്കൂറെങ്കിലും നേരത്തെ. പെട്ടെന്ന് നടന്നത് കാരണം ഒരു 8.30 ആയപ്പോഴേക്കും വീണ്ടും കബ്ബിനലെ ഹോളെ പുഴക്കടുത്തെത്തി. പെട്ടെന്ന് തന്നെ പല്ലു തേപ്പും പ്രാതലും കഴിച്ചു നടപ്പ് തുടര്‍ന്നു. കബ്ബിനലെ ഹോളെയുടെ ഒരു പോഷക നദിയുടെ - നമുക്കിവനെ ഒമ്പത്തു ഗുഡ്ഡ പുഴ എന്ന് വിളിയ്ക്കാം - വശത്തു കൂടെ ആണ് ഇനി പോവേണ്ടത്. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഒമ്പത്തു ഗുഡ്ഡ പുഴയുടെ അടുത്തു കൂടെ തന്നെയാണ് ഇത്തവണയും പോയത്. പുഴയില്‍ ഇത്തിരി വെള്ളം കൂടുതലായിരുന്നെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ ഒരു 11.30 ആയപ്പോഴേക്കും വെള്ളച്ചാട്ടത്തിനടുത്തെത്തി. കഴിഞ്ഞ തവണത്തേക്കാളും ഒരു 2 മണിക്കൂറെങ്കിലും നേരത്തെ :)

വെള്ളച്ചാട്ടത്തില്‍ പക്ഷെ അന്നത്തേക്കാളും വെള്ളം കൂടുതല്‍ ആയിരുന്നു. അതിന്‍റെ വശത്തു കൂടെ കയറാനും ബുദ്ധിമുട്ടായിരുന്നു. ഒരു വിധേന കയറി മുകളില്‍ എത്തിയപ്പോഴാണ് മനസ്സിലായത്, ഈ വെള്ളച്ചാട്ടം താഴത്തെ നിലയായിരുന്നെന്ന്. കഴിഞ്ഞ തവണ കണ്ട വെള്ളച്ചാട്ടം മുകളിലായിരുന്നു. അവിടുന്നങ്ങോട്ട് കയറാന്‍ കുറച്ചു അപകടം തന്നെ. ഒടുവില്‍ പാറയുള്ള ഭാഗം ഒഴിവാക്കി കാട്ടിലൂടെ മുകളിലേക്ക് കയറി. കുത്തനെയുള്ള കയറ്റം. പക്ഷെ കുറച്ചു കയറിക്കഴിഞ്ഞപ്പോള്‍ ഒരു വഴി കണ്ടു. വെള്ളത്തിന്‍റെ ശബ്ദം കേള്‍ക്കാനുള്ളത് കൊണ്ട്, പിന്നെ അതിലെ അങ്ങ് നടന്നു :)

കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചു വെള്ളതിനടുത്ത് തന്നെ എത്തി. അവിടുന്നങ്ങോട്ട് വഴി കാണാഞ്ഞത് കൊണ്ടു വെള്ളതിനടുത്ത് കൂടെ തന്നെ നടന്നു. ഒരു 3 മണിയായപ്പോള്‍ ഒരു മാതിരി അരുവിയുടെ തുടക്കത്തില്‍ എത്തി. അവിടുന്നങ്ങോട്ട് ആകെയുള്ള വഴി കാട്ടിലൂടെ മുകളിലേക്കായിരുന്നു. വേറെ വഴിയൊന്നും കാണാഞ്ഞപ്പോള്‍ നേരെ കയറാന്‍ തുടങ്ങി. അതിന് മുന്നേ വെള്ളക്കുപ്പികള്‍ നിറച്ചു. ഇനിയങ്ങോട്ട് വെള്ളം ഇല്ല :(

വെള്ളച്ചാട്ടത്തിന്റെ മുകളിലൂടെ ഉള്ള വഴിയിലൂടെ നടന്നപ്പോള്‍ ആവണം വഴി തെറ്റിയത്. തിരിച്ചു വന്നു ചേര്‍ന്നത് ഒമ്പത്തു ഗുഡ്ഡ പുഴയില്‍ ആയിരിക്കില്ല ... പകരം ഒരു ചെറിയ അരുവിയിലാവണം. എന്തായാലും ഇവിടുന്നു കയറിയാല്‍ മുകളിലെത്താവുന്നതേ ഉള്ളു‌. എത്തുകയും ചെയ്തു ... കുറച്ചു കഷ്ടപ്പെട്ടു എന്ന് മാത്രം. കയറ്റം കുറച്ചു കഠിനം ആയിരുന്നു. നനഞ്ഞ വഴിയിലൂടെ കുത്തനെയുള്ള കയറ്റം, ചെറിയ കുറ്റിച്ചെടികള്‍ ഒക്കെയുണ്ട്, പക്ഷെ അവ പിടിക്കുന്നത് സു‌ക്ഷിച്ചു വേണം ... പൊട്ടി വീഴാന്‍ നല്ല സാധ്യത ഉണ്ട്. ഇടക്കൊരു രണ്ടു മൂന്നു പ്രാവശ്യം തെന്നി വീഴുകയും ചെയ്തു ... പിടി കിട്ടിയത് കാരണം രക്ഷപ്പെട്ടു!

ഒരു നാല് മണി ആയപ്പോഴേക്കും പുല്ല് നിറഞ്ഞ ഒരു മല മുകളില്‍ എത്തി. അവിടുന്ന് ആകാശം കാണാം ... ചുറ്റുമുള്ള മലകളും :) ക്യാമ്പ് ചെയ്യാന്‍ പറ്റിയ സ്ഥലം. ടെന്റ്റ് പുറത്തെടുത്ത് ഉറപ്പിച്ചു കഴിഞ്ഞതും മഴ തുടങ്ങി .... ചോരാത്ത മഴ. രാത്രി മുഴുവനും, ടെന്റ്റിനകത്തെ വെള്ളം തുടച്ചു പിഴിഞ്ഞു പുറത്തു കളയുന്നതായിരുന്നു പ്രധാന പണി ... ഇന്നും ഉറക്കം നടന്നില്ല. രാവിലെ ഒരു 5 മണിക്ക് എണീറ്റു. മഴ കുറച്ചു കുറഞ്ഞിരുന്നു. ചുറ്റുപാടും നന്നായിട്ടു കാണാം, മേഘങ്ങള്‍ കാല്‍ച്ചുവട്ടില്‍ ... അതിമനോഹരമായ കാഴ്ചകള്‍ ... ക്യാമറ പുറത്തെടുത്ത് ഒന്നു രണ്ടു പടം പിടിച്ചു ... അപ്പോഴാണ് മനസ്സിലായത് ക്യാമറ നന്നായി നനഞ്ഞിരിക്കുന്നു ... പിന്നെ അവനെ ഓഫ് ആക്കി സഞ്ചിക്കകത്തിട്ടു!വേറെ പ്രത്യേകിച്ച് വഴിയൊന്നും ഇല്ലാഞ്ഞതിനാല്‍ നേരെ മുകളിലോട്ട് കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ ചുറ്റും കോടമഞ്ഞ്. ഒരു 5 മീറ്റര്‍ ദൂരം കഴിഞ്ഞാല്‍ ഒന്നും കാണാന്‍ കഴിയില്ല. നേരെ മുകളിലോട്ട് കയറണോ അതോ ഈ മല ചുറ്റിപ്പോകണോ എന്ന് സംശയം. പക്ഷെ ചുറ്റിപ്പോയാല്‍ എവിടെ എത്തും എന്ന് കണ്ടു പിടിക്കാന്‍ ഒരു വഴിയും ഇല്ലാഞ്ഞതിനാല്‍ നേരെ കയറി. ഒരു 8.30 ആയപ്പോള്‍ ഒരു കുന്നിന്‍റെ മുകളില്‍ എത്തി. അവിടുന്ന് എല്ലാ വശത്തേക്കും കുത്തനെ ഇറക്കം മാത്രം. മാപ്പ് എടുത്തു തുറന്നു നോക്കിയപ്പോള്‍ 678 മീറ്റര്‍ ഉയരമുള്ള ഒരു മലയുടെ മുകളിലാണ് നില്‍പ്‌ എന്ന് മനസ്സിലായി. നേരത്തെ കണ്ട വഴിയില്‍ ഈ മല ചുറ്റിപ്പോകേണ്ടതായിരുന്നു ... ഇനിയിപ്പോ എന്താ ചെയ്യാ? മഞ്ഞ് പോവുന്നതും കാത്ത് ഒരു 10 മണി വരെ അവിടിരുന്നു. ഒരു കാര്യവും ഉണ്ടായില്ല. അവസാനം വന്ന വഴിക്കു തിരിച്ചിറങ്ങാം എന്ന് തീരുമാനിച്ചു ... ഒമ്പത്തു ഗുഡ്ഡക്ക് ഇനി മഴ നിന്നിട്ടു പോവാം :(

കുത്തനെയുള്ള കാട്ടിലൂടെയുള്ള ഇറക്കം ഒന്നു കൂടെ ഇറങ്ങി :( ഒരു 11 മണി ആയപ്പോഴേക്കും അരുവിയുടെ അടുത്തെത്തി. കാട്ടിലൂടെ ഉള്ള വഴി കണ്ടു പിടിച്ചു ... പിന്നെ ഒറ്റ നടത്തമായിരുന്നു. 12 മണി ആയപ്പോഴേക്കും വെള്ളച്ചാട്ടത്തിന്‍റെ മുകളില്‍ എത്തി. താഴെക്കിറങ്ങാന്‍ മിനക്കെടാതെ അതേ വഴിയിലൂടെ നടന്നു. വഴി മുഴുവന്‍ അട്ടകളുടെ ബഹളം ... കാലില്‍ ഒരു നൂറു അട്ടയെങ്കിലും കയറിയിട്ടുണ്ടാവും. നിന്ന് അവരെ പറിച്ചെടുക്കാന്‍ നോക്കിയിട്ട് വലിയ കാര്യം ഇല്ല. പത്ത് അട്ടയെ കളയുന്ന നേരം കൊണ്ടു 100 എണ്ണം കയറും. അത് കൊണ്ട് ആവുന്ന വേഗത്തില്‍ നടന്നു. 1 മണി ആയപ്പോള്‍ ഒരു ചെറിയ അരുവിയുടെ അടുത്തെത്തി. അവിടിരുന്നു ഷൂസ് അഴിച്ചു മാറ്റി അട്ടകളെ മുഴുവന്‍ പുറത്തെടുത്തു. പിന്നെ അരുവി ഒഴുക്കുന്ന വഴിയേ നടന്നു ഒമ്പത്തു ഗുഡ്ഡ പുഴയിലെത്തി. പുഴക്കരയിലൂടെ നടക്കാം എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ ആ നടപ്പ് കുറച്ചു പതുക്കെ ആയിരുന്നു. അത് കൊണ്ട് ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ വലതു വശത്തെ കാട്ടിലൂടെ മുകളിലോട്ട് കയറി, തിരിച്ചു കാട്ടിലെ വഴിയിലെത്തി ... വേഗത്തില്‍ നടന്നു ... അല്ല ... അട്ടകളെ പേടിച്ച് ... ഓടി!

ഈ വഴി ആണ് യഥാര്‍ത്ഥത്തില്‍ മാപ്പില്‍ ഉള്ള വഴി. കഴിഞ്ഞ തവണത്തെ ട്രെക്കിനു ഞങ്ങള്‍ ഒമ്പത്തു ഗുഡ്ഡ പുഴയിലു‌ടെ ആണ് നടന്നത്. അതു കൊണ്ട് തന്നെ നടത്തം ഇത്തിരി ബുദ്ധിമുട്ടായിരുന്നു. ഈ വഴി നേരെ ചെന്നു കബ്ബിനലെ ഹോളെയിലെത്തും ... ഒമ്പത്തു ഗുഡ്ഡ പുഴ കബ്ബിനലെയില്‍ ചേരുന്നതിന്‍റെ തൊട്ടടുത്ത്. ഇവിടെ കബ്ബിനലെ കടന്നു കഴിഞ്ഞാല്‍ വേറെ ഒരു വഴി കാണാം. പുഴയിലു‌ടെ നടക്കാന്‍ വയ്യാഞ്ഞത് കാരണം ഈ വഴി തന്നെ വെച്ചു പിടിച്ചു. ഒരു അര മണിക്കൂറിനകം ഈ വഴി ഇങ്ങോട്ട് വന്ന വഴിയില്‍ ചേരുകയും ചെയ്തു ... ഇടക്കൊരു ചായ ഒക്കെ കുടിച്ച്, ഒരു 6 മണിക്ക് ഗുണ്ഡിയ ചെക്ക്-പോസ്റ്റിലെത്തി, 7 മണി ആയപ്പോഴേക്കും ബെംഗ്ലൂര്‍ക്ക് നേരിട്ടു ബസ്സും കിട്ടി ... എല്ലാം ശുഭം!

ഒമ്പത്തു ഗുഡ്ഡ എത്താന്‍ പറ്റിയില്ലെങ്കിലും ഈ വഴി കണ്ടു പിടിച്ചത് ഒരു നേട്ടം തന്നെ :) മിക്ക ആള്‍ക്കാര്‍ക്കും വഴി തെറ്റാന്‍ കാരണവും ഇതു തന്നെ. കബ്ബിനലെ ഹോളെയുടെ അരികിലു‌ടെ നടന്നാല്‍ ഒമ്പത്തു ഗുഡ്ഡ പുഴ തുടങ്ങുന്നിടത്തെത്തും. ഇവിടെ പുഴ കടന്ന് ഒമ്പത്തു ഗുഡ്ഡ പുഴയുടെ ഇടത്ത് വശത്തെ കാട്ടിലൂടെ കുറച്ചു മേലോട്ടു നടന്നാല്‍ മാപ്പിലുള്ള വഴിയിലെത്താം. അല്ലെങ്കില്‍ കബ്ബിനലെ എത്തുന്നതിനു മുന്നേ, ഒരു പുല്‍മേടുണ്ട്, ദൂരെയുള്ള മലകള്‍ കാണാവുന്ന ഒരിടം. ഇവിടുന്നു ഇടത്തോട്ടു പോകുന്ന വഴിയില്‍ നടന്നാലും കബ്ബിനലെ എത്തും. ഇവിടെ വെച്ചു കബ്ബിനലെ കടന്നു നേരെ കാണുന്ന വഴിയിലു‌ടെ നടന്നാലും മതി :) ഈ വഴി വെള്ളച്ചാട്ടം വരെ എന്തായാലും വഴി തെറ്റില്ല. പിന്നങ്ങോട്ട്‌, മാപ്പ് അനുസരിച്ച്, അരുവിയുടെ പുറകെ പോകാതെ, അരുവി കടന്ന് കുറച്ചു കൂടെ മുന്നോട്ടു നടന്നാല്‍ തിരിച്ച് ഒമ്പത്തു ഗുഡ്ഡ പുഴയിലെത്തും. ഇവിടുന്നങ്ങോട്ടും ഒരു വഴി കാണണം ... ഇതിപ്പോ അടുത്ത പോക്കിനു കണ്ടു പിടിക്കാം :)

എന്തായാലും മഴ നിന്നിട്ടു ഒന്നും കൂടെ പോവണം :) ഇപ്രാവശ്യം നല്ല സ്പീഡില്‍ നടക്കാന്‍ പറ്റിയതിനാല്‍ വയസ്സ് കൂടുതലൊന്നും ആയില്ല എന്ന് മനസ്സിലായി ... സമാധാനം ... ഇപ്പോഴും ചെറുപ്പം തന്നെ :)

Monday, June 02, 2008

നിങ്ങളെന്നെ ബൂര്‍ഷ്വയാക്കി!

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ നായകന്മാര്‍ പൊതുവെ തട്ടിപ്പുകാരായിരുന്നു. കടം വാങ്ങിച്ചിട്ട് തിരിച്ചു കൊടുക്കാനാകാതെ നാടു വിടുന്നതാണ്‌ ഇവരുടെ ഒരു പ്രഥാന വിനോദം! പണം കടം കൊടുത്തത് തിരിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന, പണക്കാരനും ബൂര്‍ഷ്വയും ആയ ബ്ലേഡ് മുതലാളി ആയിരിക്കും മിക്കവാറും സിനിമകളില്‍ വില്ലന്‍. സിമ്പതി വോട്ടുകള്‍ എപ്പോഴും നായകന് ആണ് കിട്ടാറ്‌. ഈയടുത്ത് ഞാന്‍ കസ്തൂരി മാന്‍ എന്നൊരു സിനിമ കാണാനിടയായി. അതിലെ നായകന്‍ ലക്ഷങ്ങളോളം രൂപ കടം വാങ്ങിയിട്ട് 5-6 കൊല്ലങ്ങളായി പലിശ പോലും കൊടുക്കാതെ മുങ്ങി നടക്കുകയാണ്. എന്നാലും ബ്ലേഡ് കമ്പനിക്കാരന്‍ ബൂര്‍ഷ്വ ആണ് ദുഷ്ടന്‍ ... കശ്മലന്‍ ... കണ്ണില്‍ ചോരയില്ലത്തവന്‍! നായകന്‍ പരമ സാത്വികന്‍!

ഇങ്ങനൊരു നായകനെ ഞാന്‍ ഈയടുത്തു കണ്ടു മുട്ടി. ആള്‍ പരമ സാത്വികന്‍. നീണ്ട നരച്ച താടിയും, നിസ്കാര തഴമ്പും, നല്ല വെളുത്ത ചിരിയും, ആരെയും വീഴ്ത്തുന്ന സംസാരവും. ഞാന്‍ അമേരിക്കന്‍ ഐക്യ നാടുകളില്‍ പണിയൊന്നുമില്ലാതെ വെറുതെ നടക്കുമ്പോഴാണ് നായകന്‍ "വീടു വാടകക്ക് കൊടുക്കാനുണ്ടോ" എന്ന് ചോദിച്ചു അച്ഛനെ വിളിച്ചത്. വലിയ ബിസിനസ്സുകാരന്‍ എന്നൊക്കെ കേട്ടപ്പോള്‍ അച്ഛന്‍ വീണു പോയി. ബീച്ചിനടുത്തുള്ള എന്‍റെ ഒരു ഫ്ലാറ്റ്‌ ഇയാള്‍ക്ക് വാടക്കക്കും കൊടുത്തു. ഞാന്‍ തിരിച്ചെത്തിയ ഉടനെ "നല്ലൊരു ദൈവ ദൂതന് വീടു വാടകക്ക് കൊടുത്തു" എന്ന സമാധാനത്തില്‍ അച്ഛന്‍ എന്‍റെ കൂടെ ബെംഗ്ലൂരിലേക്ക് പോരുകയും ചെയ്തു.

നാല് മാസം കഴിഞ്ഞു നാട്ടില്‍ വന്നപ്പോളാണ് ദൈവദൂതന്‍ വാടകയൊന്നും തന്നിട്ടില്ല എന്നറിയുന്നത്! പിന്നെ മൊബൈല് വെള്ളത്തില്‍ പോയി, സാരിക്ക് തീ പിടിച്ചു പോയി എന്നൊക്കെ ഓരോ കാരണങ്ങളും! ആറു മാസത്തിനു ശേഷമാണ് ആദ്യമായി വാടക കിട്ടുന്നത്. പിന്നത്തെ 5 മാസത്തേക്ക് വാടകയില്ല. ഇടക്കൊരു വണ്ടിചെക്കും തന്നു കക്ഷി. പിന്നെ ... വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല, വീട്ടിലേക്ക് വിളിച്ചാല്‍ കക്ഷി സ്ഥലത്തില്ല .... അങ്ങനെ പോയി കാര്യങ്ങള്‍ ... അവസാനം എഗ്രിമെന്റ് കാലാവധി കഴിയാറായി ... രണ്ടു മാസത്തിനുള്ളില്‍ പുതിയ ഫ്ലാറ്റ്‌ തയ്യാറാവും, അത്രയും കാലത്തേക്ക് എഗ്രിമെന്റ് നീട്ടിത്തരണം എന്ന് കക്ഷി ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ സുരേഷ് ഗോപി സ്റ്റയിലില്‍ കുറച്ചു ചീത്ത വിളിച്ചു. രണ്ടു മാസം പോയിട്ട്‌ ഒരു ദിവസം പോലും നീട്ടിത്തരില്ല എന്നും പ്രഖ്യാപിച്ചു.

ആളുടെ ഒന്നു രണ്ടു ചങ്ങാതിമാരും മുതലാളിമാരും (ഇവരൊക്കെ വലിയ വലിയ ആള്‍ക്കാരായിരുന്നു എന്ന് ഈയുള്ളവന്‍ പിന്നീടാണ് മനസ്സിലാക്കിയത്‌!) "അയ്യോ പാവം ... അയാള്‍ക്ക് പറക്കമുറ്റാത്ത 5 (അതോ ആറോ?) പിള്ളേരെയും കൊണ്ടു പോവാന്‍ സ്ഥലമില്ല" എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ പഴയ ഉത്തരം തന്നെ ആവര്‍ത്തിച്ചു. അങ്ങനെ ഞാനും ഒരു ബൂര്‍ഷ്വ ആയി എന്ന് അഭിമാനിക്കുകയും ചെയ്തു :)

എഗ്രിമെന്റ് കാലാവധി തീരുന്നതിന്റെ രണ്ടു ദിവസം മുമ്പെ ഞാന്‍ നാട്ടിലെത്തി. ആദ്യം കണ്ടത് ഒരു വലിയ ക്യൂ ആണ്. പാല്‍ക്കാരനും, ഇറച്ചിക്കാരനും മുതല്‍ എ സി ഘടിപ്പിച്ച ആള്‍ വരെ കാശിനായി കാത്ത് നില്ക്കുന്നു! ഇതിനിടക്ക് ടിയാന്‍ ഒരു തീവ്രവാദി ആണെന്ന് വരെ കഥകള്‍ കേട്ടു തുടങ്ങി. ഒന്നും ആലോചിച്ചില്ല ... നേരെ കറണ്ടിന്റെ ഫ്യുസ് ഊരി! കോഴിക്കോട്ടെ ചൂടത്ത്‌ കറണ്ട് ഇല്ലാതെ ഒരാള്‍ക്ക് പിടിച്ചു നില്കാനാകില്ല എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സ്ഥലം എസ് ഐയുടെ ഫോണ്‍ വരുന്നത്. നമ്മുടെ പാവം കഥാനായകന്‍ നല്ലയാളാണെന്നും അയാള്‍ക്ക് ഒരു മാസത്തെ അവധി കൊടുക്കണമെന്നും പറഞ്ഞു. ഊരിയ ഫ്യുസ് തിരിച്ചിടീക്കാന്‍ വീട്ടില്‍ പോലീസും എത്തി! ഒട്ടും പതറാതെ ഒരു മറുപരാതി ഞാനും കൊടുത്തു. ബൂര്‍ഷ്വ മുതലാളി പതറാന്‍ പാടില്ലല്ലോ???

വലിയ വായില്‍ സഹായിക്കാം എന്ന് വീമ്പു പറഞ്ഞ എല്ലാവരും സമയമായപ്പോള്‍ മുങ്ങി. ബൂര്‍ഷ്വ ആയ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ ഉടനെ നല്ല തല്ല് കിട്ടുമെന്നു വേണ്ടപ്പെട്ട ചിലരും പറഞ്ഞു. രണ്ടു ദിവസത്തെ ലീവ് നാല് ദിവസം ആവുകയും, സര്‍ക്കിള്‍‍ ഇന്‍സ്പെക്ടര്‍ ഒരു മാസത്തെ അവധി കൊടുക്കുന്നതാണ് നല്ലതെന്നു ഉപദേശിക്കുകയും ചെയ്തപ്പോള്‍ ഉള്ള ധൈര്യം പകുതിയായി :( ഇതിനൊക്കെ പിന്നാലെ ഒരു കോടതി നോട്ടീസ് കൂടെ വന്നപ്പോഴാണ് അഭിനവ ബുര്‍ഷ്വ മുതലാളി ശരിക്കും നടുങ്ങിയത്‌. പരാതിക്കാരനായ എന്‍റെ കക്ഷിക്ക് ആംഗലേയം വായിക്കാനറിയില്ലെന്നും, പ്രതിയായ ബൂര്‍ഷ്വ മുതലാളിയും അച്ഛനും അയാളെ ബലമായി ഏതോ ഒരെഗ്രിമെന്റില്‍ ഒപ്പിടീചിരിക്കുകയാണെന്നും, കാലാകാലമായി അയാള്‍ക്ക് താമസിക്കാനുള്ളതാണെന്ന് വിചാരിച്ചു കൃത്യമായി വാടക കൊടുക്കുന്നുണ്ടെന്നും ഒക്കെയാണ് വക്കീല്‍ വെച്ചു കീച്ചിയിരിക്കുന്നത്.

പിറ്റേന്നെങ്കിലും ജോലിക്ക് ബെംഗ്ലൂരു തിരിച്ചെത്തിയില്ലെങ്കില്‍ ലീവോക്കെ തീരും ... നേരെ പോയി സര്‍ക്കിള്‍ ഇന്‍സ്പെക്ടരുടെ കാലില്‍ വീണു. വെളുത്ത വസ്ത്രം ധരിച്ച്, വെളുത്തു തുടങ്ങിയ നീണ്ട താടിയും, അതിലും വെളുത്ത ചിരിയും, നെറ്റിയില്‍ നിസ്കാര തഴമ്പും ഒക്കെയായി പാവം പരാതിക്കാരനും എത്തി. ഒരു മാസം കൂടെ അവധി, സൌകര്യമുള്ളപ്പോള്‍ ബാക്കി വാടക ... എന്നൊക്കെ ആംഗലേയം അറിയാത്ത പരാതിക്കാരന്‍, ദി കിംഗ്‌, ദി ട്രൂത്ത് എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയേയും, ഏകലവ്യന്‍, കമ്മീഷണര്‍ ചിത്രങ്ങളില്‍ സുരേഷ് ഗോപിയെയും നാണിപ്പിക്കുന്ന ആംഗലേയത്തില്‍ തകര്‍ക്കുമ്പോള്‍ തീയേറ്ററില്‍ നിലക്കാത്ത കയ്യടിയായിരുന്നു!

ഇതൊക്കെ കഴിഞ്ഞു കോഴിക്കോട്ടെ ചൂടത്ത്‌ വിയര്‍ത്തൊലിച്ചു വീട്ടില്‍ എത്താറായപ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത് ... "ധാത്രി എണ്ണ വാങ്ങിച്ചോ?" ... അയ്യോ ഇല്ല ... കഴിഞ്ഞ രണ്ടു ദിവസത്തെ സംഭവങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ "നന്നായിപ്പോയി ... അയാള്‍ ആദ്യം ഒരു മാസം എന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കാമായിരുന്നില്ലേ?" എന്ന് മറുചോദ്യം! ഈ നാട്ടില്‍ ബൂര്‍ഷ്വ ആവാന്‍ പാടില്ല! ഒരു ചോട്ടാ നേതാവോ മതമൌലിക വാദിയോ ആവുന്നതാണ് നല്ലത്! വില്ലനാണെങ്കില്‍ നരസിംഹമോ, രാവണപ്രഭുവോ, മിനിമം ഒരു ആടുതോമയെങ്കിലുമോ ആവണം! നിങ്ങളെന്തിനെന്നെ ബൂര്‍ഷ്വയാക്കി?