Thursday, November 20, 2008

രണ്ടാമിന്നിങ്സ് തുടങ്ങുന്നു ... ഉടനെ!

കൂട്ടുകാരെ ... അവസാനം ഞാന്‍ ഒന്നാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാമിന്നിങ്സ് ഈ നവംബര്‍ 23, 2008, ഞായറാഴ്ച, ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചു തുടങ്ങുന്നതാണ്. രാവിലെ 9.30നും 10.30നും ഇടക്ക് മുഹൂര്‍ത്തം.

ഇനിയങ്ങോട്ടുള്ള ഡബിള്‍സ് പാര്‍ട്ണര്‍ പ്രീത. കൊച്ചു കൊച്ചു കാര്യങ്ങളെക്കുറിച്ചെഴുതുന്ന, വര്‍ണപ്പൊട്ടുകള്‍ തേടുന്ന ഒരു ബൂലോകവാസിയാണ്. ചിലര്‍ക്കെങ്കിലും അറിയേണ്ടതാണ് :)

ഒന്നാമിന്നിങ്സ് സംഭവബഹുലമായിരുന്നു. അടിച്ചു പൊളിച്ചു കടന്നു പോയ 30 വര്‍ഷങ്ങള്‍. സന്തോഷങ്ങളും, സങ്കടങ്ങളും, നിരാശകളും, നിരാശപ്പെടുത്തലും, പക്ഷെ ഇപ്പോള്‍ ഡിക്ലയര്‍ ചെയ്യാന്‍ സമയം ആയിരിക്കുന്നു... ഒരു വലിയ ഇന്നിങ്സ് കൂടെ കളിക്കാനാവും എന്ന പ്രതീക്ഷയോടെ ബാറ്റിങ്ങ് തുടങ്ങട്ടെ :)

Tuesday, November 18, 2008

സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും ...

നമ്മുടെ കൊച്ചു കേരളത്തിലെ സ്തംഭന വിദഗ്ധരായ വീരസഖാക്കളുടെ കര്‍ണാടകത്തിലെ ഏറ്റവും അടുത്ത ബന്ധു ദേവ ഗൌഡ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നലെയോടെ ആ വിശ്വാസം ഊട്ടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യ - ഇംഗ്ലണ്ട് ക്രിക്കറ്റ് മല്‍സരങ്ങള്‍ കാരണം ആവണം, ഞാന്‍ ഇന്നലെ പത്രത്തിലെ സ്പോര്‍ട്സ് പേജ് മാത്രമെ നോക്കിയിട്ടുള്ളു എന്ന് തോന്നുന്നു. എന്തായാലും കുമാരസ്വാമി ജെ ഡി എസ്സിന്‍റെ പുതിയ തലൈവന്‍ ആവുന്ന വമ്പന്‍ ചടങ്ങിനെക്കുറിച്ച് ഞാന്‍ അറിഞ്ഞതേയില്ല. അത് കൊണ്ടു തന്നെ, ഇന്നലെ വൈകുന്നേരം ഒരു ഏഴ് മണിയോടെ ഒരു ചിന്ന ഷോപ്പിങ്ങ് കഴിഞ്ഞു ഞാനും പ്രീതുവും വീട്ടിലേക്ക് തിരിക്കുമ്പോള്‍ "ജാഥ കാരണം മേഖ്രി സര്‍കിളില്‍ തിരക്കാണ്, റിങ്ങ് റോഡ് വഴി പോവുക" എന്ന മെസ്സേജ് കണ്ടപ്പോള്‍, "എന്തര് ജാഥ?" എന്നായിരുന്നു എന്‍റെ പ്രതികരണം.

കണ്ണിങ്ഹാം റോഡില്‍ കയറിയപ്പോള്‍ മനസ്സിലായി ഈ ജാഥ ആള് വമ്പനാണെന്ന്. അര മണിക്കൂറോളമെടുത്തു ഇന്ത്യന്‍ എക്സ്പ്രസ്സ് ജങ്ക്ഷന്‍ വരെ എത്താന്‍. അവിടെ ഇങ്ങനെ നില്‍ക്കുമ്പോളാണ് മുന്നിലുള്ള തിരക്ക് കണ്ടു അന്ധാളിച്ചത്. പക്ഷെ ഞാനാരാ മോന്‍. നേരെ യൂ - ടേണ്‍ എടുത്തു. ചെറിയ ഊടു വഴികളിലൂടെ ശിവാജി മെയിന്‍ റോഡില്‍ എത്തി. അവിടുന്നു ക്യൂന്‍സ് റോഡ് കയറി, വീണ്ടും ചെറിയ ഊടു വഴികളിലൂടെ കന്റ്റോണ്മെന്റ്റ് എത്താം എന്നാണു വിചാരിച്ചത്. ക്യൂന്‍സ് റോഡ് എത്തുന്നതിനു മുന്നേ ഒരു ഊടു വഴി വേറെയുണ്ട്. അതിലെ പോയാല്‍ കന്റ്റോണ്മെന്റ്റിലെ ജങ്ക്ഷനും ഒഴിവാക്കി ജയമഹല്‍ വരെയെത്താം. എന്തിന് വെറുതെ വൃത്തി കെട്ട ഊടു വഴികളിലൂടെ പോണം എന്ന് വിചാരിച്ചു അതിലെ പോയില്ല. പക്ഷെ, ക്യൂന്‍സ് റോഡ് എത്തിയപ്പോള്‍ അവിടുന്നു കന്റ്റോണ്മെന്റ്റ് പോവാനുള്ള വഴിയും ബ്ലോക്ക്. പക്ഷെ .... നിങ്ങള്‍ക്കറിയാമല്ലോ ... ഞാന്‍ ആരാ മോന്‍? ആ വഴി വിട്ടു വേറെയൊരു വഴിയിലൂടെ കയറി കന്റ്റോണ്മെന്റ്റിന്‍റെ അടുത്തു വരെ എത്തി. അവിടുന്നങ്ങോട്ട് പിന്നെ നല്ല കഥയായിരുന്നു.

ആദ്യം ഞാന്‍ വിചാരിച്ചു ക്യൂന്‍സ് റോഡ് വരാതെ നേരെ ജയമഹല്‍ എത്തുന്ന ഊടു വഴി എടുക്കാഞ്ഞത് അബദ്ധം ആയെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി, എത്ര വലിയ മോന്‍ ആയാലും, ഏത് വഴിക്ക് പോയാലും ഇന്നു വീട്ടിലെത്തുന്ന കാര്യം പോക്ക് തന്നെ. നിരങ്ങി നിരങ്ങിയാണ് ജയമഹല്‍ റോഡില്‍ എത്തിയത്. അപ്പോള്‍ തന്നെ സമയം 8.30. നോക്കെത്താ ദൂരം വരെ വാഹനങ്ങള്‍. ഒരു സൂചി കുത്താന്‍ ഇടമില്ല. ബൈക്കില്‍ ഇരുന്നിരുന്നു പൃഷ്ഠം വേദനിച്ചു തുടങ്ങി. ക്ലെച്ചും ബ്രേക്കും പിടിച്ചു പിടിച്ചു കയ്യും, പിന്നെ വെറുതെയിരുന്ന് ബോറടിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്ന കുറെ ചേട്ടന്‍മാര്‍ കാരണം ചെവിയും. ബുദ്ധിയുള്ള ആള്‍കാര്‍, ബസ്സ് ഒക്കെ വിട്ടു വീട്ടിലേക്ക് നടക്കുന്നു. വേറെ ചിലര്‍ പൊതിച്ചോര്‍ അഴിച്ചു തീറ്റ തുടങ്ങി. ഒരു അഞ്ചു - പത്തു മിനിട്ട് കഴിയുമ്പോള്‍ എല്ലാ വണ്ടികളും ഒരു 5 മീറ്റര്‍ വച്ചു നീങ്ങും. വണ്ടിയാണെങ്കില്‍ ചൂടായി എന്‍റെ പറയാന്‍ പറ്റാത്ത ഭാഗങ്ങളൊക്കെ പൊള്ളാന്‍ തുടങ്ങി. ആകെ ഒരു സമാധാനം കാറുകളില്‍ ഇരിക്കുന്നവരെ കാണുമ്പോളാണ്. ചില കാറുകള്‍ ഒരു മൂന്നു മണിക്കൂറെങ്കിലുമായി ഇവിടെ കിടപ്പാണ്. ഒരു ബസ്സുകാരന്‍ പറയുന്നു അയാള്‍ ഒരഞ്ചു മണിക്കൂറായി ഇവിടെ കുടുങ്ങിയിരിപ്പാണെന്ന്.

ഒരു വ്യായാമം ആയിക്കോട്ടെ എന്ന് വിചാരിച്ചു ഞാന്‍ വണ്ടി നിര്‍ത്തി ഉന്താന്‍ തുടങ്ങി. പ്രീതു കുറച്ചു നേരം ഇറങ്ങി നടന്നു. എന്തായാലും സ്റ്റാര്‍ട്ട് ആക്കി മുന്നോട്ട് നീക്കുന്നതിനെക്കാളും എളുപ്പമായിരുന്നു ഉന്താന്‍ :) കുറെ നേരം ഉന്തി കഴിഞ്ഞപ്പോള്‍ മടുത്തു. പിന്നെ കുറച്ചു നേരം പെട്രോള്‍ കത്തിച്ചു. ഇടക്കൊന്നു മീറ്റര്‍ നോക്കിയപ്പോള്‍ പെട്രോള്‍ തീരാന്‍ ആയിരിക്കുന്നു. ഈശ്വരാ ... കഴിഞ്ഞാഴ്ച ഫുള്‍ ടാങ്ക് അടിച്ചതെ ഉള്ളൂ!!! എന്തായാലും, ഏകദേശം 9.30 മണിയോടെ നിരങ്ങി നിരങ്ങി ഞങ്ങള്‍ ഫണ്‍ വേള്‍ഡിനടുത്തെത്തി. പിന്നെ ജെ സി നഗര്‍ വഴി കുറച്ചു തിരക്കും കൂടെ താണ്ടിയ ശേഷം ഒരു 10 മണിയോടെ വീട്ടിലും.

വീട്ടിലെത്തി ടി വി വെച്ചപ്പോള്‍ മനസ്സിലായി, ഞാന്‍ കണ്ട തിരക്ക് ചെറിയ തിരക്കാണെന്ന്. ബെല്ലാരി റോഡിലൊക്കെ ആള്‍കാര്‍ ബോറടിച്ചിട്ടു ചീട്ടു കളി വരെ തുടങ്ങിയത്രേ. വേറെ ചിലര്‍, ബസ്സില്‍ നിന്നിറങ്ങി അടുത്തുള്ള ബന്ധു വീട്ടില്‍ പോയി ചായ കുടിച്ചു വന്നിട്ട് അതേ ബസ്സില്‍ തന്നെ വന്നു കയറിയെന്ന്. സ്കൂള്‍ കുട്ടികളൊക്കെ വൈകിയാണത്രേ വീട്ടിലെത്തിയത്. വിമാനത്താവളത്തിലേക്ക് പോവുന്ന ആള്‍കാര്‍, വിമാനം പോയി ഒരു അഞ്ചു മണിക്കൂറൊക്കെ കഴിഞ്ഞാണത്രേ എത്തിയത്. ശുമ്പന്‍മാര്‍‍, വൈകി എന്നറിഞ്ഞാല്‍ പിന്നെ അവര്‍ക്ക് തിരിച്ചു പോയി കിടന്നുറങ്ങിക്കൂടായിരുന്നോ? അത്രയും തിരക്ക് കുറഞ്ഞു കിട്ടിയേനെ!

എന്തായാലും ബെംഗളൂരുവിനെ സ്തംഭിപ്പിക്കാന്‍ മാത്രം ഉള്ള ആള്‍ബലം കുമാരേട്ടന്‍റെയും ദേവ ഗൌഡയുടെയും പാര്‍ട്ടിക്കുണ്ട്. ഈ ആള്‍ബലം കണ്ടിട്ട് ഇവിടെയുള്ള ആള്‍കാരും, ബി ജെ പി, കോണ്‍ഗ്രസ് പാര്‍ട്ടികളും പേടിച്ചു വിറച്ചു എന്നാണു കേള്‍വി. അടുത്ത തിരഞ്ഞെടുപ്പിന് കുമാരസ്വാമി തന്നെ ജയിക്കും!!!

പാലസ് ഗ്രൌണ്ടിന്‍റെ ചുറ്റുമുള്ള റോഡുകളെല്ലാം തിരക്കായിരിക്കും എന്ന് എല്ലാ പ്രാദേശിക പത്രങ്ങളിലും വാര്‍ത്ത‍ കൊടുത്തിരുന്നു എന്ന് കുമാരസ്വാമി. എന്നെ പോലെ ഇംഗ്ലിഷ് പത്രങ്ങള്‍ മാത്രം വായിക്കുന്ന ബൂര്‍ഷ്വാസികള്‍ അത് കാണാഞ്ഞതിനു അദ്ദേഹം എന്ത് ചെയ്യാന്‍??? ബി ജെ പി സര്‍ക്കാറിന് ഈ ദിവസം അവധി പ്രഖ്യാപിക്കാമായിരുന്നില്ലേ??? ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും അനാസ്ഥ തന്നെ. റാലി നഗരത്തില്‍ തന്നെ വേണമായിരുന്നോ എന്നാണ് വേറൊരു ചോദ്യം. 1994ലെ ജനതാ പരിവാര്‍ എകികരണ ചടങ്ങ് നടന്നത് പാലസ് ഗ്രൗണ്ടില്‍ വെച്ചായിരുന്നത്രേ. അതില്‍ പിന്നെ അവര്‍ തിരഞ്ഞെടുപ്പ് ജയിക്കുകയും ചെയ്തു. ഇത്തവണയും അങ്ങനെ തന്നെ നടക്കും എന്നാണത്രേ കുമാരേട്ടന്‍റെ പ്രതീക്ഷ.

എന്തായാലും എനിക്ക് ഒരു കാര്യം മനസ്സിലായി. കന്നഡ പത്രങ്ങള്‍ വായിക്കാത്തത് കാരണം ആണ് എനിക്കീ പറ്റു പറ്റിയത്. ഒരു പക്ഷെ, വായിക്കുന്ന ഇംഗ്ലിഷ് പത്രം ശരിക്കും വായിച്ചാലും മതിയായിരുന്നു. കുറഞ്ഞത് ഒരു 10 മണി വരെ ഓഫീസില്‍ ഇരുന്നു ബ്ലോഗ് വായിക്കാമായിരുന്നു!

Wednesday, November 12, 2008

പക്ഷി പിടിത്തവും, നിരീക്ഷണവും...

പിടിത്തം എന്നാല്‍ പടം പിടിത്തം ആണ് ഉദ്ദേശിച്ചത് ട്ടോ :) ഇത്തവണ കോഴിക്കോട്ടെ വീട്ടില്‍ പോയപ്പോള്‍ രാവിലെ തന്നെ ക്യാമറ എടുത്തിറങ്ങി - പുഴക്കരയിലേക്ക്. കുറെ കാലമായി അവിടത്തെ പക്ഷികളോടു ഹലോ പറഞ്ഞിട്ട്.


ഈ സുന്ദരിപ്പക്ഷിയെ ആണ് ആദ്യം കണ്ടത്. സാധാരണ മീന്‍കൊത്തികളുടെ അത്ര വര്‍ണപകിട്ട് ഇതിനില്ല, വലുപ്പവും. പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന ഒരു മരക്കൊമ്പിലിരുന്ന് മീനുകളെ നോക്കി വെള്ളമിറക്കുകയാണ് പുള്ളി. ഞാന്‍ ഫോട്ടോ എടുക്കുന്നതൊന്നും അറിഞ്ഞതേ ഇല്ല :) ഒരു മൂന്നു മീറ്റര്‍ അടുത്തു വരെ പോയി നിന്നിട്ടും ഒരു കുഴപ്പവുമില്ല. അവസാനം ബോറടിച്ചപ്പോള്‍ ഞാന്‍ പോയി :)

ഈ ചിത്രത്തില്‍ ഒരു കുളക്കൊക്കിനെ കാണുന്നുണ്ടോ? ഇവനും (അതോ ഇവളോ?) മീനുകളെ നോക്കി വെള്ളമിറക്കല്‍ തന്നെ പണി. പൊന്മ(മീന്‍കൊത്തി)യുടെ അത്ര വേഗത ഇല്ലാത്തത് കൊണ്ടാവും വെള്ളത്തിന്‍റെ നേരെ മുകളിലുള്ള കൊമ്പിലിരിക്കുന്നെ.

പിറ്റേ ദിവസം വീട്ടിലെ ടെറസ്സിന്‍റെ മുകളില്‍ വായ നോക്കി നടക്കുമ്പോള്‍ കുറെ അധികം പക്ഷികളെ കണ്ടു.


ഒരു കൃഷ്ണപ്പരുന്തും കാക്കകളും തമ്മില്‍ ശണ്ട. കാക്കളെ ഓടിച്ചു വിട്ടിട്ട് 'ഇനി ആരെങ്കിലും ഉണ്ടോടാ?' എന്ന ഭാവത്തില്‍ ഇരിപ്പാണ് ഈ പരുന്ത്.

കുറച്ചപ്പുറത്ത്‌ ഓലയില്‍ തൂങ്ങി കളിക്കുകയായിരുന്നു ഈ പക്ഷി. ഇവന്‍റെ മലയാളത്തിലെ പേര് എനിക്കറിയില്ല. ഓലേഞ്ഞാലി എന്ന് പറയുന്നത് ഇതിനെ ആണോ? ഗൂഗിളില്‍ തപ്പി നോക്കിയപ്പോള്‍ ഇന്ത്യന്‍ ട്രീപൈ (Indian Treepie) എന്ന് കണ്ടു. പക്ഷി വിദഗ്ദ്ധന്‍ ആയ ഒരു സുഹൃത്തിനോട് (പേരു ഗൌതം) ചോദിച്ചപ്പോള്‍ റൂഫുസ് ട്രീപൈ (Rufous Treepie) എന്ന് പറഞ്ഞു. എനിക്കിതു രണ്ടും ഒന്നു തന്നെ :)
ഇവന്‍റെ പേരു മലയാളത്തില്‍ വാനമ്പാടി എന്നാണോ? എന്തായാലും ഇംഗ്ലീഷില്‍ ഡ്രോന്‍ഗോ (Drongo) ആണ്. നേരത്തെ പറഞ്ഞ ബുജി ഗൌതമിനോടു ചോദിച്ചപ്പോള്‍ റാക്കറ്റ് ടെയില്‍ഡ് ഡ്രോന്‍ഗോ (Racket Tailed Drongo) എന്നാണു മുഴുവന്‍ പേരത്രേ. ഈ വാലിനു നല്ല നീളമാണ്. റിബ്ബണ്‍ കെട്ടി വെച്ച പോലെ. ഓലയുടെ മറവില്‍ ആയിപ്പോയി.

ഈ പക്ഷിയെ ഞാന്‍ ആദ്യമായാണ്‌ കാണുന്നെ. ഗൌതം കണ്ട പാടെ ഗോള്‍ഡന്‍ ഓറിയോളെ (Golden Oriole) എന്ന് പറഞ്ഞു തന്നു. മലയാളം പേര് ആര്‍ക്കെങ്കിലും അറിയുമോ?

ഇനിയും ഒരു പാടു പക്ഷികള്‍ ഉണ്ടായിരുന്നവിടെ. നല്ല നിറപ്പകിട്ടുള്ള ഒരു മീന്‍കൊത്തി, ഒരു പച്ചക്കുട്ടുറുവന്‍ (ഇംഗ്ലീഷില്‍ ഗ്രീന്‍ ബാര്‍ബറ്റ് - Green Barbet), അങ്ങനെ പലതും. ഈ രണ്ടു പക്ഷികളെ ഞാന്‍ മുമ്പൊരിക്കല്‍ ഫോട്ടോ ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട് ഇവിടെയും, ഇവിടെയും. പോയി നോക്കാന്‍ ഞാന്‍ പറയുന്നില്ല. കഴിഞ്ഞ പ്രാവശ്യം പറഞ്ഞതിന്‍റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല :)

തിരിച്ചു ബെംഗളൂരുവിലേക്ക് പോകാനുള്ള സമയം ആയത്‌ കൊണ്ടു തല്‍കാലം ക്യാമറ കെട്ടിപ്പൂട്ടി വെച്ചു. ബാക്കി പക്ഷി പിടുത്തം അടുത്ത വരവിനാവാം അല്ലേ?

Sunday, November 02, 2008

വഴിയോരക്കാഴ്ചകള്‍ ... വടക്കെ കര്‍ണാടകത്തില്‍ നിന്നും

ഹംപിയും വടക്കെ കര്‍ണാടകത്തിലെ മറ്റു ചില സ്ഥലങ്ങളും പോയി വന്നപ്പോഴേ വിചാരിച്ചതാ കുറച്ചു ചിത്രങ്ങള്‍ ഇവിടെ ഇടണം എന്ന്. പക്ഷെ, ആദ്യം തന്നെ വന്നത് വികട കവിത ആണ്. അതോടെ ഈ ബ്ലോഗ് ആരും വായിക്കാതെയായി :) ഒരു യാത്ര വിവരണവും ഫോട്ടോ ബ്ലോഗില്‍ വേറെ കുറച്ചു ചിത്രങ്ങളും ഇട്ടു. ഇപ്പോഴാണ്‌ ബാക്കിയുള്ള ചിത്രങ്ങളൊക്കെ എടുത്തു നോക്കുന്നത്.


ഈ യാത്രയിലെ തന്നെ ഏറ്റവും നല്ല ഭാഗം ബാഗല്‍ക്കോട്ടെ പാടങ്ങളാണ്. ഈ ഭാഗത്തെ കൃഷിക്കാരോക്കെ നല്ല അദ്ധ്വാനികള്‍ ആണെന്ന് തോന്നുന്നു. അവിടെ സുര്യകാന്തി മുതല്‍, എള്ള്, ഉള്ളി, ചോളം ... എല്ലാം കാണാമായിരുന്നു. ബാദാമി (പണ്ടത്തെ പേരു വാതാപി), കഴിഞ്ഞു കുള്‍ഗേരി പോവുന്ന വഴിക്കായിരുന്നു ഞാന്‍ ആദ്യമായി ഇത്രയും ഉള്ളി ഒരുമിച്ചു കാണുന്നത്. ഒന്നു രണ്ടു സ്ഥലത്തു ഇതു തന്നെ കണ്ടപ്പോള്‍, നിര്‍ത്തി ചോദിച്ചു. അണ്ണന്മാരെ, ചേച്ചിമാരെ എന്താ ഈ ചെയ്യുന്നേ എന്ന്? അവര് വലിയ ഉള്ളിയും ചെറിയ ഉള്ളിയും വേറെ വേറെ ചാക്കിലാക്കുകയാണത്രേ. നമ്മടെ കൊച്ചു കേരളത്തിലെക്കൊക്കെ ഉള്ളി വരുന്നതു ഇവിടുന്നാണെന്ന് തോന്നുന്നു.


കുള്‍ഗേരി കഴിഞ്ഞു, എന്‍ എച്ച് 218 ലേക്ക് കയറിയിട്ടാണ്‌ ബാക്കിയുള്ള കാഴ്ചകള്‍. ഈ ഭാഗത്ത് ബസ്സിനെക്കാളും കൂടുതല്‍ കാളവണ്ടികള്‍ ആണെന്ന് തോന്നുന്നു. റോഡുകള്‍ ഒക്കെ കാലിയായിരുന്നു. ആകെയുള്ളത് കാള വണ്ടികള്‍ ആയിരുന്നു. ഇതാ അതിലൊരെണ്ണം.


കുറച്ചും കൂടെ കഴിഞ്ഞാണ് ഈ പാടം കാണുന്നത്. ഇവരിവിടെ ചോളം നടുകയാണത്രേ. ഈ കറുത്ത മണ്ണ് കണ്ടില്ലേ. വളരെ ഫലഫൂയിഷ്ടം ആണെന്ന് പറയപ്പെടുന്നു.


പക്ഷെ സൂര്യകാന്തി പാടങ്ങളായിരുന്നു ഏറ്റവും കൂടുതല്‍. ഈ ചിത്രം എടുത്തത് ജെവാര്‍ഗി എന്ന സ്ഥലത്തിനടുത്ത് വെച്ചാണ്. ബിജാപൂര്‍ (വിജാപുര എന്നും പറയപ്പെടുന്നു) നിന്നും ഗുല്‍ബര്‍ഗ (പുതിയ പേരു കല്‍ബുര്‍ഗി) പോകുന്ന വഴിക്ക്.

കുറെ കാലത്തിനു ശേഷമുള്ള ഈ നീണ്ട യാത്ര ഒരു മനോഹരമായ അനുഭവം ആയിരുന്നു. ഇനിയെപ്പോഴാണാവോ പറ്റുക?

വേറെയും ചില പടങ്ങള്‍ ഇവിടെയും, ഇവിടെയും, ഇവിടെയും, ഇവിടെയും, പിന്നെ ഇവിടെയും ആയി ഇട്ടിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ?