Tuesday, January 06, 2009

കുറച്ചു സിനിമ വിശേഷങ്ങള്‍

കഴിഞ്ഞ രണ്ടാഴ്ചയില്‍ ഞങ്ങള്‍ നാലു സിനിമകളാണ് കണ്ടു കളഞ്ഞത്: ലോലിപ്പോപ്പ്, അമീര്‍ ഖാന്‍റെ ഗജിനി, ട്വന്റ്റി ട്വന്റ്റി, പിന്നെ ഷാരൂഖിന്‍റെ റബ് നെ ബനാ ദി ജോഡി.

ലോലിപ്പോപ്പിനു പോയത് കോഴിക്കോട് വെച്ചാണ്‌. അച്ഛന്‍, അമ്മ, ചേട്ടന്‍, ചേട്ടത്തിയമ്മ, പ്രീതു, സുനില്‍, അമ്മായി ... അങ്ങനെ വലിയ ഗാങ്ങ് ആയിട്ടാ പോയത്. ട്വന്റ്റി ട്വന്റ്റി വേണോ, ലോലിപ്പോപ്പ് വേണോ എന്ന് ചോദിച്ചപ്പോള്‍ ചേട്ടനാ പറഞ്ഞത്, ലോലിപ്പോപ്പിനു പോവാം എന്ന്. പുള്ളി ട്വന്റ്റി ട്വന്റ്റി കണ്ടതാണേ. കാശ് പോയി എന്ന് പറഞ്ഞാല്‍ പോരെ? ഒന്നോ രണ്ടോ തമാശകള്‍ മാത്രം ചിരിപ്പിച്ചു. ബാക്കിയൊക്കെ അക്രമം ആണ്. പ്രിഥ്വി രാജ് ഒരു 6-പാക്ക് ഒക്കെ ഉണ്ടാക്കിയെടുത്തു എന്ന് മനസ്സിലായി. മണി രത്നത്തിന്‍റെ പുതിയ ചിത്രത്തിന് വേണ്ടി ആണ് പോലും. പയ്യന്‍ രക്ഷപ്പെടുന്ന കോളൊക്കെയുണ്ട്.

തമിഴിലെ ഗജിനിയില്‍ രണ്ടു പോരായ്മകള്‍ ആണ് തോന്നിയിരുന്നത്. മലയാളത്തിന്‍റെ സ്വന്തം നയന്‍ താരയും, അവസാനത്തെ അര മണിക്കൂറും. നയന്‍ താരക്ക് ആവശ്യത്തിലധികം പ്രാധാന്യം കൊടുത്ത പോലെ തോന്നി. ഗ്ലാമര്‍ എന്ന പേരില്‍ കക്ഷി നന്നായി വൃത്തികേടാക്കുകയും ചെയ്തു. വെള്ള ടാങ്ക് ടോപ്പും, മിനിയും ഒക്കെ ഇട്ടു മഴ നനയുമ്പോള്‍, ഇത്തിരി തടി കുറക്കാമായിരുന്നില്ലേ എന്ന് ചോദിച്ചു പോയി ഞാന്‍. അവസാനത്തെ ഒരു അര മണിക്കൂര്‍ പടം ഡയരക്ടറുടെ കൈ വിട്ടു പോവുകയും ചെയ്തു. ഹിന്ദിയില്‍ ഈ കുറവുകളൊക്കെ നികത്തിയിട്ടുണ്ട്. ജിയക്ക്‌ ആരും ഒന്നും തിന്നാന്‍ കൊടുക്കാറില്ലേ എന്നാണ്‌ ഇപ്രാവശ്യം ആളുകള്‍ ചോദിച്ചു കേട്ടത്. പക്ഷെ, ജിയക്ക്‌ വലിയ പ്രാധാന്യം ഇല്ല എന്നതാണ് സത്യം. സൂക്ഷിച്ചു നോക്കിയില്ലെങ്കില്‍ കണ്ടില്ല എന്നും വരാം! ക്ലൈമാക്സില്‍ ആണ് കാര്യമായ മാറ്റം. തമിഴില്‍ ഉള്ളതില്‍ നിന്നു മാറി, കുറച്ച് ഉദ്യേകജനകം ആക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊന്നു കഴിഞ്ഞാല്‍ മതി എന്ന് തോന്നില്ല എന്ന് മാത്രമല്ല, നെഞ്ചിടിപ്പ് അല്പം കൂടുക തന്നെ ചെയ്യും. കൂടുതല്‍ പറഞ്ഞാല്‍ സസ്പെന്‍സ് പോവും എന്നതിനാല്‍ അത് ചെയ്യുന്നില്ല :) പാട്ടുകളും, അസിനും, തുടക്കത്തിലെ കുറച്ച് സീനുകളും തമിഴില്‍ ആണ് നന്നായത് എന്നാണ്‌ പൊതു അഭിപ്രായം. അമീര്‍ ഖാന്‍റെ മസിലുകള്‍ ഭയങ്കരം. ഈ ശരീരം വെച്ച് അദ്ദേഹം ഒരു നൂറു പേരെ അടിച്ചു വീഴ്ത്തിയാലും കുറ്റം പറയാന്‍ പറ്റില്ല. അത് കൊണ്ടു തന്നെ, ആക്ഷന്‍ സീനുകള്‍ ഒക്കെ നന്നായിട്ടുണ്ട്.

ട്വന്റ്റി ട്വന്റ്റി കാണാന്‍ പോയത് മടിച്ചു മടിച്ചാണ്. മറ്റൊരു ഹരികൃഷ്ണന്‍സ് ആവും എന്നാണ്‌ വിചാരിച്ചത്. പക്ഷെ പ്രതീക്ഷിച്ചതിനെക്കാളും ഒക്കെ നന്നായി. മമ്മൂട്ടിക്കും, മോഹന്‍ ലാലിനും, സുരേഷ് ഗോപിക്കും എന്ന് വേണ്ട, ഒട്ടു മിക്ക എല്ലാവര്‍കും ചേരുന്ന റോളുകളാണ് കൊടുത്തത്. യുവ നിരയെ ഒരു പാട്ടില്‍ ഒതുക്കിയതും, ദിലീപ് കോളേജ് കുമാരന്‍ ആയതുമാണ് കല്ലുകടി ആയത്‌. സ്വന്തം കാര്യം വന്നപ്പോള്‍, ഒരു നിര്‍മാതാവ് എന്ന നിലയില്‍ ദിലീപ് പക്ഷപാതം കാണിച്ചു എന്ന് പറയാതിരിക്കാന്‍ വയ്യ. തുടക്കത്തിലെ കുറച്ച് തറ കോമഡി ചെത്തിക്കളഞ്ഞ്, യുവനിരക്ക് അല്പം കൂടെ പ്രാഥാന്യം കൊടുക്കാമായിരുന്നു. പ്രിഥ്വി, ജയസുര്യ, കുഞ്ചാക്കോ ബോബന്‍, ഇവരില്‍ ആര്‍ക്കെങ്കിലും കൊടുക്കാമായിരുന്നു ദിലീപ് ചെയ്ത റോള്‍. മഞ്ജുചേച്ചിയെ വീട്ടിലിരുത്തി, കോളേജ് കുമാരന്‍ ചമഞ്ഞു, ഭാവനയുടെ കൂടെ ചുറ്റി നടക്കുന്നത് മോശമല്ലേ ദിലീപ് ചേട്ടാ? ഇതൊക്കെയാണെങ്കിലും, മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി ഒരുമിച്ചു കയ്യടി വാങ്ങുന്ന ഒരു സിനിമ ആദ്യമായാണെന്ന് തോന്നുന്നു.

റബ് നെ ബനാ ദി ജോഡി കാണാന്‍ പോവുന്നവര്‍ 'ഒരു മീശ വടിച്ച്‌, കണ്ണട മാറ്റിയപ്പോഴെക്ക്, അവള്‍ക്ക് സ്വന്തം ഭര്‍ത്താവിനെ മനസ്സിലായില്ലേ??' എന്നൊന്നും ചോദിച്ചു കളയരുത്. തലച്ചോറ് വീട്ടില്‍ വെച്ചിട്ട് വരുക, പൈങ്കിളിയും, തമാശകളും, പാട്ടുകളും ആസ്വദിക്കുക, ഷാരൂഖിന് വയസ്സായി എന്നൊന്നും ആലോചിക്കാതിരിക്കുക. അത്ര തന്നെ. എന്‍റെ പ്രിയ ഭാര്യക്ക് ഈ പടം ഇഷ്ടമാവുകയും, പടം കാണുന്നതിനിടെ കണ്ണീര്‍ പൊഴിക്കുകയും ചെയ്ത സ്ഥിതിക്ക് എനിക്കും ഇഷ്ടമായി! ഞാന്‍ ഇതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല :)

വാല്‍കഷ്ണം: ഗജിനിയിലെ നയന്‍താരയെ ഇഷ്ടമായില്ല എന്ന് പറഞ്ഞതിന് നയന്‍ ആരാധകര്‍ വാളെടുക്കണ്ട. ബില്ലയിലും, എന്തിന് ട്വന്റ്റി ട്വന്റ്റിയില്‍ പോലും നയന്‍ തകര്‍ത്തു :) ഗജിനിയിലെ സന്ദര്‍ഭവുമായി നയന്‍റെ ഗ്ലാമര്‍ അത്ര ചേരുന്നില്ല എന്നേയുള്ളു.

വാല്‍കഷ്ണം 2: ഇതിനിടക്ക് ഞങ്ങള്‍ ഒരു ട്രെക്കിനും പോയി. ശിവഗംഗക്ക്. യാത്രാവിവരണം ആംഗലേയത്തിലാണ്: ശിവഗംഗ ട്രെക്ക്.

3 Comments:

Blogger sandeep salim (Sub Editor(Deepika Daily)) said...

ഉണ്ണി..... സിനിമാക്കഥ വായിച്ചു....... ദിലീപ്‌ ചെയ്‌ത ആ കഥാപാത്രം വേറെ ആരെങ്കിലും ചെയ്‌താല്‍ നന്നാവുമായിരുന്നോ എന്നൊരു സംശയം ചോദിച്ചോട്ടേ............
മംഗളാശംസകളോടെ
സന്ദീപ്‌ സലിം

January 17, 2009 1:16 PM  
Blogger Bindhu Unny said...

സിനിമാ റിവ്യൂകള്‍ വായിച്ചു. 20:20 മാത്രമേ ഞങ്ങള്‍ കണ്ടുള്ളൂ. ബാക്കിയൊക്കെ ഇനി കാണാതിരിക്കാമല്ലോ :-)

ശിവഗംഗ ട്രെക്കും വായിച്ചു രസിച്ചു. :-)

(അവിടെയെന്താ കമന്റിടാന്‍ സൌകര്യമില്ലാത്തത്?‌)

January 28, 2009 11:51 AM  
Blogger സന്ദീപ്‌ ഉണ്ണിമാധവന്‍ said...

സന്ദീപ് സലിം ചേട്ടാ: ദിലീപ് ചെയ്തത് ശരിയായില്ല എന്നാണ് എന്‍റെ അഭിപ്രായം. വേറെ ആര് എന്ന് ചോദിച്ചാല്‍, കോളേജ് കുമാരന്‍ ആയി തോന്നാവുന്ന ആരെങ്കിലും. ഒരു ചളുവടിക്കാരന്‍ കഥാപാത്രം ആയത്‌ കൊണ്ടു ജയസുര്യക്ക് ചെര്‍ന്നേനേ എന്ന് തോന്നുന്നു. കുറച്ചു കൂടെ സീരിയസ് ആക്കിയിരുന്നെങ്കില്‍ പ്രിത്ഥ്വി രാജ്.

ബിന്ദു ചേച്ചി: ഗജ്ജിനി കണ്ടില്ലെങ്കില്‍ കണ്ടോളൂ! യാത്രാ വിവരണങ്ങള്‍ സാധാരണ പേജ് ആണ്. ബ്ലോഗ് ഒന്നും അല്ലെ. വിവരങ്ങള്‍ പങ്കു വെക്കാന്‍ കുറെ മുന്നേ ഉണ്ടാക്കിയതാണ്. അതങ്ങിനെ തന്നെ കിടന്നോട്ടെ എന്ന് വിചാരിച്ചു :)

February 9, 2009 12:11 PM  

Post a Comment

<< Home