Monday, February 02, 2009

ഒരു ചാമ്പ്യന്‍റെ പതനം?

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സമ്മാന ദാനത്തിനിടെ റോജര്‍ ഫെഡറര്‍ വിതുമ്പിയപ്പോള്‍ കുറഞ്ഞത് അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കെങ്കിലും സഹിച്ചു കാണില്ല. ടൈംസ്‌ ഓഫ് ഇന്ത്യയുടെ ബോബിള്ളി വിജയ കുമാര്‍ എഴുതിയത് ഇങ്ങനെ: "ലോകാന്ത്യത്തിന്‍റെ വക്താക്കള്‍ നീണാള്‍ വാഴട്ടെ. യന്ത്രം ഒരിക്കല്‍ കൂടെ വിജയിച്ചിരിക്കുന്നു! ... ലോക ടെന്നീസ് ഇനി നദാല്‍ അടക്കി വാഴാന്‍ പോവുന്നു. ഫെഡററെ പോലെ വെല്‍വെറ്റ് കയ്യുറ കൊണ്ടല്ല, തന്‍റെ ഉരുക്ക് മുഷ്ടി കൊണ്ട്."

ഫെഡററുടെ സുന്ദരമായ ടെന്നിസിന്‍റെ ഒരു കറ തീര്‍ന്ന ആരാധകന്‍ ആണെങ്കിലും, നദാലിനെ ഒരു യന്ത്രം എന്ന് എഴുതിത്തള്ളാന്‍ ഞാന്‍ തയ്യാറല്ല. സ്റ്റെഫിയെ തോല്പിച്ച മോണിക്കയെ ഞാന്‍ അങ്ങനെ വിളിച്ചേനെ, നവരത്തിലോവയെയും. കളിക്കുന്നത് ആര്‍ക്കെതിരെ ആയാലും ഇവാനിസെവിച്ചിനെയും അങ്ങനെ വിളിക്കാം. പക്ഷെ നദാല്‍? നദാലിനെതിരെ എല്ലാ പോയിന്റുകളും മൂന്നു തവണ നേടണമത്രേ. പോയിന്റ് ഉറപ്പെന്ന് കരുതുന്ന ഷോട്ടുകളും എങ്ങിനെയെങ്കിലും തിരിച്ചു മറു കോര്‍ട്ടില്‍ എത്തിക്കാന്‍ ഉള്ള കഴിവ് തന്നെ കാരണം. പിഴവുകള്‍ അധികം വരുത്താത്തതാവാം 'യന്ത്രം' എന്ന വിശേഷണത്തിന് പിന്നില്‍. ഒരിക്കലും തളരാത്ത ശരീരവും, തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാത്ത മനസ്സും കൂടെയാവുമ്പോള്‍, റാഫേല്‍ നദാല്‍ ഏറെക്കുറെ അജയ്യനാകുന്നു.

ഇത്രയൊക്കെ ആണെങ്കിലും, വര്‍ഷങ്ങളോളം ലോക ടെന്നീസ് അടക്കി വാണ, മറ്റെല്ലാ കളിക്കാരെയും നിഷ്പ്രഭനാക്കുന്ന, ഫെഡറര്‍ എന്ന മായാജാലക്കാരന്‍ / കലാകാരന്‍ നദാലിന് മുന്നില്‍ മാത്രം കവാത്ത് മറക്കുന്നത് തനിക്ക് ജയിക്കാന്‍ ആവില്ല എന്ന വിശ്വാസം കൊണ്ട് കൂടിയാണെന്ന് കരുതാതിരിക്കാന്‍ വയ്യ. വിംബിള്‍ഡണ്‍ നദാലിന് അടിയറവു പറയുന്നതു വരെ ഇങ്ങനെയായിരുന്നില്ല. ഫെഡറര്‍ - നദാല്‍ ഏറ്റു മുട്ടലുകള്‍ തുല്യ ശക്തികളുടെ പോരാട്ടങ്ങള്‍ ആയിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ അജയ്യനെന്നു പൊതുവെ കരുതപ്പെട്ടിരുന്നെങ്കിലും, എന്നെങ്കിലും ഫെഡറര്‍ നദാലിനെ കീഴടക്കി ഫ്രഞ്ച് ഓപ്പണ്‍ കിരീടവും, ഗ്രാന്‍ഡ്‌ സ്ലാമും നേടും എന്ന് തന്നെ ഞാന്‍ വിശ്വസിച്ചിരുന്നു. ഫെഡററെ പോലെ മഹാനായ ഒരു കളിക്കാരന്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഗ്രാന്‍ഡ്‌ സ്ലാമും അര്‍ഹിക്കുന്നില്ലേ?

വിംബിള്‍ഡണിലെ നദാലിന്‍റെ വിജയം ആണ് എല്ലാം മാറ്റി മറിച്ചത്. ആ വിജയത്തിന് പിന്നാലെ ലോക ഒന്നാം നമ്പര്‍ പദവിയും, ഇപ്പോഴിതാ ഓസ്ട്രേലിയന്‍ ഓപ്പണും നദാല്‍ നേടിക്കഴിഞ്ഞു. എല്ലാ പ്രതലങ്ങളിലും നദാലിന് ഫെഡററിനു മുകളിലുള്ള ആദിപത്യം ഇതോടെ പൂര്‍ത്തിയായിരിക്കുന്നു. ഇനിയൊരു തിരിച്ചുവരവ് കഴിഞ്ഞേക്കില്ല എന്ന് തിരിച്ചറിയുമ്പോള്‍ ഫെഡററും ആരാധകരും എങ്ങനെ വിതുമ്പാതിരിക്കും. ഇനിയൊരിക്കല്‍ കൂടെ നദാലിനെ തോല്‍പ്പിക്കാനുള്ള മനോധൈര്യം ഫെഡറര്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല! അതിന് കഴിയാതെ ഫ്രഞ്ച് ഓപ്പണും ഗ്രാന്‍ഡ്‌ സ്ലാമും വിദൂര സ്വപ്നങ്ങള്‍ മാത്രം.

എല്ലാ പ്രതലങ്ങളിലും ഗ്രാന്‍ഡ് സ്ലാം വിജയിച്ച, വിരലില്‍ എണ്ണാവുന്ന ഇതിഹാസങ്ങളുടെ നിരയിലേക്ക് നദാല്‍ ഉയര്‍ന്നു കഴിഞ്ഞു. യു എസ് ഓപ്പണും, ഗ്രാന്‍ഡ് സ്ലാമും നേടാന്‍ തീര്‍ച്ചയായും അദ്ദേഹത്തിന് കഴിയേണ്ടതാണ്. ഈ വര്‍ഷം തന്നെ അതുണ്ടായേക്കാം! ഇല്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍. ഒരു ചാമ്പ്യന്‍റെ പതനവും, മറ്റൊരു ഇതിഹാസ താരത്തിന്‍റെ അജയ്യമായ കുതിപ്പിന്‍റെ തുടക്കവും ആണോ നമ്മള്‍ ഇന്നലെ കണ്ടത്?

"ഈ കളിയെ ഞാന്‍ അതിരറ്റ് സ്നേഹിക്കുന്നു. അത് കൊണ്ടു തന്നെ ഈ തോല്‍വി വിഷമിപ്പിക്കുന്നതാണ്" - വിതുമ്പിപ്പോയതിനെ കുറിച്ചു ഫെഡററുടെ പ്രതികരണം ഇതായിരുന്നു. സ്വന്തം മനസ്സിലെ പ്രേതങ്ങളെ കീഴടക്കാനും, 14 ഗ്രാന്‍ഡ് സ്ലാം എന്ന സംപ്രസ്സിന്‍റെ റിക്കാര്‍ഡ് തകര്‍ക്കാനും, ഒരിക്കലെങ്കിലും നദാലിനെ തോല്‍പ്പിച്ച് ഫ്രഞ്ച് ഓപ്പണ്‍ നേടാനും അദ്ദേഹത്തിനാവട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം. ഏകപക്ഷീയമായ ഫെഡറര്‍ - നദാല്‍ മല്‍സരങ്ങള്‍ നമുക്കു വേണ്ട. ഇനിയുമൊരു പാട് ആവേശം കൊള്ളിക്കുന്ന ഫെഡറര്‍ - നദാല്‍ പോരാട്ടങ്ങള്‍ക്ക് ഫെഡററുടെ തിരിച്ചു വരവ് വഴിയൊരുക്കട്ടെ.

5 Comments:

Blogger കവിത - kavitha said...

even i was a great federer fan, and watched most of the match. looks like federer is having a mental block against nadal. Hope he wont give up and comes back and beat nadal.

February 2, 2009 4:00 PM  
Blogger സുദേവ് said...

ഒരു അപ്പ്രൂവല്‍ പരിപാടിയുടെ ആവശ്യമുണ്ടോ സന്ദീപേ? അത് ഒരു നല്ല ചര്‍ച്ചക്ക് തടസ്സമാവില്ലേ ? ഇതിപ്പോള്‍ സന്ദീപിന്റെ സൈഡ് മാത്രമല്ലേ അറിയാന്‍ കഴിയൂ..

February 5, 2009 11:06 AM  
Blogger സുദേവ് said...

ഇന്ത്യാ മഹാരാജ്യത്ത് ക്രികറ്റില്‍ നിന്നും വേറിട്ട ഒരു ചിന്ത!!!!!ഒരു നല്ല പോസ്റ്റ് ...പക്ഷെ സന്ദീപ് ....ടെന്നിസില്‍ എന്നും ഒരു രാജാവ് ഉണ്ടാകും ..ഒരാള്‍ കഴിഞ്ഞാല്‍ അടുത്തയാള്‍ ..ഇനി അത് നദാല്‍ ആണെന്ന് തന്നെ തോന്നുന്നു. !!!

February 5, 2009 11:04 AM  
Blogger mumsy-മുംസി said...

ഫെഡറര്‍ ബേസ് ലൈനില്‍ കളിക്കുന്നത് കാണുമ്പോള്‍ തോന്നിപ്പോകും അഗാസിയല്ലേയെന്ന് , അതേ ആളു തന്നെ നെറ്റിലേക്ക് പാഞ്ഞടുക്കുമ്പോള്‍ സംപ്രാസായി തോന്നും. എനിക്ക് നദാലിനെ വെറുപ്പാണ്‌, ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തന്റെ നാട്ടുകാരാനോട് വിയര്‍ത്തു നേടിയ അന്‍ചു സെറ്റു മറ്റ്സരത്തില്‍, ശൂന്യതയില്‍ നിന്നെന്നോണം വന്ന് മടക്കിയ ഒരു റിട്ടേണിനെ ഇഷ്ടപ്പെട്ടു പോയെങ്കിലും...!.

February 5, 2009 10:41 PM  
Blogger സന്ദീപ്‌ ഉണ്ണിമാധവന്‍ said...

കവിത: നമുക്കങ്ങനെ തന്നെ പ്രതീക്ഷിക്കാം

സുദേവ്: രാജാവിനെക്കാള്‍ നല്ലത് കുറച്ചു നല്ല കളിക്കാരും കുറെ നല്ല കളികളും അല്ലെ :) എനിക്കങ്ങനെ ഇന്നത് എന്നൊന്നുമില്ല. ക്രിക്കറ്റും കാണും :) സ്പാം ശല്യം കാരണം ചെയ്തതാണ്. വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒരു ബുദ്ധിമുട്ട് പിടിച്ച പണി ആവാറുണ്ട് ചിലപ്പോള്‍ :) ഇതിപ്പോ ഞാന്‍ ബുദ്ധിമുട്ടിയാല്‍ മതിയല്ലോ. പിന്നെ എല്ലാ അഭിപ്രായങ്ങളും അപ്പ്രൂവ് ചെയ്യാറുണ്ട്. നല്ലത് മാത്രമല്ല :) കഴിയുന്നതും പെട്ടെന്ന് തന്നെ.

മുംസി: എനിക്കും കുറെയൊക്കെ ഈ അഭിപ്രായം ആണ്. പക്ഷെ ഫെഡററുടെ കളിയുടെ അത്ര ഭംഗിയില്ലെങ്കിലും നദാലും നല്ല കളിക്കാരനല്ലേ? ശൂന്യതയില്‍ നിന്നും വരുന്ന ഒരു പാടു റിട്ടേണുകള്‍ അയാള്‍ക്ക് മാത്രം കഴിയുന്നതാണ്. വെറുപ്പൊന്നുമില്ല :)

February 9, 2009 1:10 PM  

Post a Comment

<< Home