Sunday, June 07, 2009

സോഡെര്‍ലിങ്ങിനു നന്ദി!

റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ ഈ വിജയം ഫെഡറര്‍ എത്ര മാത്രം കൊതിച്ചതാണ് എന്ന് ഊഹിക്കാവുന്നതെയുള്ളു. അവസാനത്തെ പോയിന്റ്‌ നേടിയ ശേഷം റോജര്‍ ഫെഡറര്‍ ഒരിക്കല്‍ കൂടെ കരഞ്ഞു. പക്ഷെ, ഇത്തവണ അതൊരു പരാജിതന്‍റെ വിതുമ്പല്‍ ആയിരുന്നില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള മധുരമായ വിജയത്തിന്റെതായിരുന്നു.


കഴിഞ്ഞ നാല് ഫ്രഞ്ച് ഓപ്പണിലും ഫെഡററുടെ ആധിപത്യം തല്ലിത്തകര്‍ത്ത റാഫേല്‍ നദാലിന് ഇത്തവണ അതിന് അവസരം കിട്ടിയില്ല. നാലാം റൌണ്ടില്‍ സോഡെര്‍ലിങ്ങിനോട് തോറ്റ് നദാല്‍ പുറത്തായതാണ് ഫെഡററുടെ വിജയത്തിന് വേദിയൊരുക്കിയത് എന്ന് തന്നെ പറയാം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ 6-1, 6-3, 6-0ന്‍റെ നാണം കെട്ട തോല്‍വിക്ക് ശേഷം ഫെഡററുടെ ആത്മവിശ്വാസം പാടെ തകര്‍ന്നിരുന്നു. ആ തോല്‍വിക്ക് പിന്നാലെ വിമ്പിള്‍ഡണും ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയന്‍ ഓപ്പണും നദാലിന് അടിയറവു പറഞ്ഞതോടെ ഫെഡറര്‍ക്ക് ലോക ഒന്നാം നമ്പര്‍ പദവിയും നഷ്ടമായി. സോഡെര്‍ലിങ്ങിന്‍റെ അപ്രതീക്ഷിത വിജയം ആണ് ഫെഡററെ ഇത്ര ദൂരം എത്തിച്ചത് എന്ന് സമ്മതിക്കാതെ വയ്യ :)

ഇപ്പോഴും ഫെഡറര്‍ മികച്ച ഫോമില്‍ ആണെന്ന് പറയാന്‍ വയ്യ. ഡെല്‍ പോര്‍ട്ടോക്കെതിരെ സെമി ഫൈനലില്‍ തട്ടി മുട്ടിയാണ് ജയിച്ചത്‌. പക്ഷെ ഫൈനലില്‍ ഫെഡറര്‍ തന്‍റെ വിശ്വരൂപം പുറത്തെടുത്തു. തിരിച്ചു വരാന്‍ ഇട കൊടുക്കാത്ത വിധം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ ഫൈനല്‍ ജയിച്ചത്‌. നാലാം റൌണ്ടില്‍ നദാലിനെ തോല്പിച്ച സോഡെര്‍ലിങ്ങിനെതിരെയാണ് ഈ വിജയം എന്നത് അതിനല്‍പമെങ്കിലും മധുരം കൂട്ടിയിരിക്കും.

14 ഗ്രാന്‍ഡ്‌ സ്ലാം കിരീടം നേടിയ ഫെഡറര്‍ സംപ്രസ്സിന്‍റെ ലോക റിക്കാര്‍ഡിനൊപ്പമെത്തി. നാല് ഗ്രാന്‍ഡ്‌ സ്ലാം വേദികളിലും - മെല്‍ബണ്‍ പാര്‍ക്ക്‌, റോളണ്ട് ഗാരോസ്, ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ്, ഫ്ലഷിംഗ് മീഡോവ്സ് - കിരീടം ചൂടുന്ന അഞ്ചാമത്തെ മാത്രം പുരുഷ താരവുമായി. ഇതോടെ ഫെഡററുടെ ആത്മവിശ്വാസം തിരിച്ചു വരും എന്ന് നമുക്കു പ്രതീക്ഷിക്കാം. ആത്മവിശ്വാസം തകര്‍ന്ന ഫെഡററെ നദാല്‍ കശാപ്പ് ചെയ്യുന്നത് എനിക്ക് കണ്ടു നില്‍ക്കാന്‍ വയ്യ. കഴിഞ്ഞ 20 ഗ്രാന്‍ഡ്‌ സ്ലാം ടൂര്‍ണമെന്റിലും ഒന്നൊഴിയാതെ സെമിയിലെത്തിയ ഈ ചാമ്പ്യന്‍ അതിലും കൂടുതല്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്. ഇനിയുമൊരു പാടു തീ പാറുന്ന നദാല്‍ - ഫെഡറര്‍ പോരാട്ടങ്ങള്‍ക്ക് ഗ്രാന്‍ഡ്‌ സ്ലാം ഫൈനലുകള്‍ വേദിയൊരുക്കട്ടെ.

4 Comments:

Blogger കവിത - kavitha said...

നടാലിനെക്കാള്‍ മുമ്പേ കാരിയര്‍ സലാം കിട്ടണം എന്ന എന്റെ ആഗ്രഹം നടന്നു. നദാലിനോട് മധുരമായി പ്രതികാരം ചെയ്യാന്‍ ഇനിയും അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കാം.

June 8, 2009 2:09 PM  
Blogger Dhanush Gopinath said...

ഒന്നുകൂടി കടത്തി ചിന്തിച്ച് നോക്കുമ്പോള്‍. നദാലിനെ തോല്പിച്ചിരുന്നുവെങ്കില്‍ എന്നു തോന്നിപ്പോകുന്നു. എങ്കിലും ഇതു മതി ആ ആത്മവിശ്വാസത്തിന് കരുത്താര്‍ജ്ജിക്കാന്‍.

June 8, 2009 10:11 AM  
Blogger ജിവി/JiVi said...

yes, me too love Federar, waiting to see him crown the 15th title

June 8, 2009 9:58 PM  
Blogger Prakash said...

I dont think No.1 matters to Federer anymore; or it should not matter! He should concentrate only on grand slams. As far as Nadal is concerned, i have doubts on how long he can carry forward his laborious style of playing! Would he be able to play with as much consistency as Federer when he is 27? Federer did defeat Nadal in Madrid Open which was just before the French Open in straights sets! That plus this win should be enough to boost his confidence. Watch this interesting analysis
http://www.youtube.com/watch?v=AxGTrmTI36o&feature=fvst

June 10, 2009 9:31 AM  

Post a Comment

<< Home