Wednesday, February 18, 2009

ബന്ദിപ്പൂരിലെ ആനകള്‍

ഇത്തവണ വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ബന്ദിപ്പൂര്‍ വച്ച് ആനകളെ കണ്ടു. എട്ടോളം ആനകളുടെ ഒരു കൂട്ടം. ഒന്നു രണ്ടു കുട്ടിയാനകളും, ഒരു കുട്ടിക്കൊമ്പനും. ഉടനെ ക്യാമറ കയ്യിലെടുത്തു ചാടിയിറങ്ങി. ശാന്തസ്വഭാവക്കാരായ ആനകളുടെ കൂട്ടം ആയത്‌ കൊണ്ടു കുഴപ്പം ഒന്നും ഉണ്ടായില്ല. പാവം ... പയ്യന്‍ പടം പിടിച്ചോട്ടെ എന്ന് വിചാരിച്ചു കാണും.


[കൊമ്പ് കണ്ടാല്‍ കുട്ടിയാണെന്ന് പറയില്ല. അല്ലെ?]


[കുട്ടിയാനയും അമ്മയും]


[ഈ പിടി ആണ് സംഘത്തിന്‍റെ നേതാവ് എന്ന് തോന്നുന്നു]


[അവരിങ്ങനെ പുല്ലു തിന്നു പുല്ലു തിന്നു റോഡിനടുത്തേക്കു വരുന്നുണ്ടായിരുന്നു]

വഴിയേ പോവുന്ന ആള്‍കാര്‍ ഒക്കെ ആനകളെ കണ്ടപ്പോള്‍ അവിടെ നിര്‍ത്തുന്നുണ്ടായിരുന്നു. ഏറ്റവും പുറകില്‍ ഉള്ള വണ്ടിയല്ലേ ആനക്ക് കിട്ടൂ? അവരില്‍ ആരെങ്കിലും ഒരാളെക്കാളും സ്പീഡില്‍ അവിടുന്നു ഓടി രക്ഷപ്പെടാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ കുറെ നേരം അവിടെ നിന്നു പടം പിടിച്ചു :) അമ്മയ്ക്കും അച്ഛനും ആ ആത്മവിശ്വാസം ഇല്ലാഞ്ഞതിനാല്‍ അവര്‍ വണ്ടിയില്‍ തന്നെ ഇരുന്ന് എന്നെ വിളിച്ചു കൊണ്ടിരുന്നു.

എന്തായാലും, കുറച്ചു കഴിഞ്ഞ്, ചില പിള്ളേര്‍സ് ആ വഴിക്ക് വന്നതോടെ സ്ഥിതി മാറി. ആനകളെ കണ്ടതും അവര്‍ വണ്ടി നിര്‍ത്തി, പിന്നെ പൂച്ചകരച്ചിലും, ചിഹ്നം വിളികളും, കൂക്ക് വിളികളും ... ശുംഭന്മാര്‍. ആ പിള്ളേരുടെ കൂടെ ഇനി അവിടെ നിന്നാല്‍ ആന കയറി ഇറങ്ങാന്‍ സാദ്ധ്യത ഉള്ളത് കൊണ്ടു വേഗം സ്ഥലം വിട്ടു!

Saturday, February 14, 2009

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും

ദക്ഷിണ മേഖലയും മദ്ധ്യ മേഖലയും തമ്മില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചു നടന്ന ദുലീപ് ട്രോഫി മത്സരത്തിനിടക്ക് എടുത്തതാണീ ചിത്രങ്ങള്‍:

ഞങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ തന്നെ മദ്ധ്യ മേഖലയുടെ ഒരു വിക്കറ്റ് വീണു. ദക്ഷിണ മേഖലയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോറിന്‍റെ 70ഓളം റണ്‍സ് പുറകിലായിരുന്നു അവര്‍. 7 വിക്കറ്റും പോയിരിക്കുന്നു. ആ സ്ഥിതിയിലാണ് മുരളി കാര്‍ത്തിക്കും പീയുഷ് ചൌളയും ഒന്നിച്ചത്. നമ്മുടെ ശ്രീശാന്തടക്കം എല്ലാ ബൌളര്‍മാര്‍ക്കും കണക്കിന് കിട്ടി. മുരളി കാര്‍ത്തിക്കിന്‍റെ ഒരു തകര്‍പ്പന്‍ ബൌണ്ടറി ഷോട്ട് താഴെ.


താരനിബിഡമായ ദക്ഷിണ മേഖല അല്പം പരുങ്ങിയ സമയം ആയിരുന്നിത്. സ്ലിപ്പില്‍ നിന്ന ദ്രാവിഡ് ഒരു ക്യാച്ചും വിട്ടു. ക്യാപ്റ്റന്‍ ലക്ഷ്മണും കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും ആണ് ഈ ചിത്രത്തില്‍ ദ്രാവിഡിന്‍റെ കൂടെ.


ബാലാജി ആയിരുന്നു കൂട്ടത്തില്‍ നന്നായി ബൌള്‍ ചെയ്തത്. ശ്രീശാന്ത്‌ ഇടക്കൊരു ബൌണ്‍സറും ചെയ്തു. പീയുഷ് ചൌള കഷ്ട്ടിച്ചാണ് ഒഴിഞ്ഞു മാറിയത്.ദക്ഷിണ മേഖലയുടെ സ്കോറിന് 6 റണ്‍സ് പുറകില്‍ പീയുഷ് ചൌള സിക്സ് അടിക്കാന്‍ നോക്കി ഉയര്‍ത്തിയടിച്ചു ക്യാച്ച് കൊടുത്തു പുറത്തായതോടെ എല്ലാം തകിടം മറഞ്ഞു.


പിന്നീട് വന്ന ആര്‍ പി സിങ്ങിന്‍റെ ബാറ്റിനു ചുറ്റും ഫീല്‍ഡര്‍മാര്‍ പൊതിഞ്ഞു. കുറച്ചു നേരം പിടിച്ചു നിന്നെങ്കിലും അവസാനം ബാലാജി ആര്‍ പി സിങ്ങിനെ പുറത്താക്കി. ദക്ഷിണ മേഖലയുടെ സ്കോറിന്‍റെ മൂന്നു റണ്‍സ് പുറകില്‍. പിറ്റേ ദിവസം രണ്ടു പന്തുകള്‍ക്കുള്ളില്‍ ബാലാജി അവസാന വിക്കറ്റ് കൂടെ വീഴ്ത്തിപ്പോള്‍ ദക്ഷിണ മേഖല കഷ്ടിച്ച് ഒന്നാം ഇന്നിങ്ങ്സ് ലീഡും അത് വഴി അടുത്ത റൌണ്ടിലേക്ക് പ്രവേശനവും നേടി.

അവസാനം ബാലാജി തന്നെ താരം! ശ്രീശാന്തിനെ പിന്തള്ളി ബാലാജി ടീമില്‍ കയറിയത് വെറുതയല്ല അല്ലേ?

Monday, February 02, 2009

ഒരു ചാമ്പ്യന്‍റെ പതനം?

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സമ്മാന ദാനത്തിനിടെ റോജര്‍ ഫെഡറര്‍ വിതുമ്പിയപ്പോള്‍ കുറഞ്ഞത് അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കെങ്കിലും സഹിച്ചു കാണില്ല. ടൈംസ്‌ ഓഫ് ഇന്ത്യയുടെ ബോബിള്ളി വിജയ കുമാര്‍ എഴുതിയത് ഇങ്ങനെ: "ലോകാന്ത്യത്തിന്‍റെ വക്താക്കള്‍ നീണാള്‍ വാഴട്ടെ. യന്ത്രം ഒരിക്കല്‍ കൂടെ വിജയിച്ചിരിക്കുന്നു! ... ലോക ടെന്നീസ് ഇനി നദാല്‍ അടക്കി വാഴാന്‍ പോവുന്നു. ഫെഡററെ പോലെ വെല്‍വെറ്റ് കയ്യുറ കൊണ്ടല്ല, തന്‍റെ ഉരുക്ക് മുഷ്ടി കൊണ്ട്."

ഫെഡററുടെ സുന്ദരമായ ടെന്നിസിന്‍റെ ഒരു കറ തീര്‍ന്ന ആരാധകന്‍ ആണെങ്കിലും, നദാലിനെ ഒരു യന്ത്രം എന്ന് എഴുതിത്തള്ളാന്‍ ഞാന്‍ തയ്യാറല്ല. സ്റ്റെഫിയെ തോല്പിച്ച മോണിക്കയെ ഞാന്‍ അങ്ങനെ വിളിച്ചേനെ, നവരത്തിലോവയെയും. കളിക്കുന്നത് ആര്‍ക്കെതിരെ ആയാലും ഇവാനിസെവിച്ചിനെയും അങ്ങനെ വിളിക്കാം. പക്ഷെ നദാല്‍? നദാലിനെതിരെ എല്ലാ പോയിന്റുകളും മൂന്നു തവണ നേടണമത്രേ. പോയിന്റ് ഉറപ്പെന്ന് കരുതുന്ന ഷോട്ടുകളും എങ്ങിനെയെങ്കിലും തിരിച്ചു മറു കോര്‍ട്ടില്‍ എത്തിക്കാന്‍ ഉള്ള കഴിവ് തന്നെ കാരണം. പിഴവുകള്‍ അധികം വരുത്താത്തതാവാം 'യന്ത്രം' എന്ന വിശേഷണത്തിന് പിന്നില്‍. ഒരിക്കലും തളരാത്ത ശരീരവും, തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാത്ത മനസ്സും കൂടെയാവുമ്പോള്‍, റാഫേല്‍ നദാല്‍ ഏറെക്കുറെ അജയ്യനാകുന്നു.

ഇത്രയൊക്കെ ആണെങ്കിലും, വര്‍ഷങ്ങളോളം ലോക ടെന്നീസ് അടക്കി വാണ, മറ്റെല്ലാ കളിക്കാരെയും നിഷ്പ്രഭനാക്കുന്ന, ഫെഡറര്‍ എന്ന മായാജാലക്കാരന്‍ / കലാകാരന്‍ നദാലിന് മുന്നില്‍ മാത്രം കവാത്ത് മറക്കുന്നത് തനിക്ക് ജയിക്കാന്‍ ആവില്ല എന്ന വിശ്വാസം കൊണ്ട് കൂടിയാണെന്ന് കരുതാതിരിക്കാന്‍ വയ്യ. വിംബിള്‍ഡണ്‍ നദാലിന് അടിയറവു പറയുന്നതു വരെ ഇങ്ങനെയായിരുന്നില്ല. ഫെഡറര്‍ - നദാല്‍ ഏറ്റു മുട്ടലുകള്‍ തുല്യ ശക്തികളുടെ പോരാട്ടങ്ങള്‍ ആയിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ അജയ്യനെന്നു പൊതുവെ കരുതപ്പെട്ടിരുന്നെങ്കിലും, എന്നെങ്കിലും ഫെഡറര്‍ നദാലിനെ കീഴടക്കി ഫ്രഞ്ച് ഓപ്പണ്‍ കിരീടവും, ഗ്രാന്‍ഡ്‌ സ്ലാമും നേടും എന്ന് തന്നെ ഞാന്‍ വിശ്വസിച്ചിരുന്നു. ഫെഡററെ പോലെ മഹാനായ ഒരു കളിക്കാരന്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഗ്രാന്‍ഡ്‌ സ്ലാമും അര്‍ഹിക്കുന്നില്ലേ?

വിംബിള്‍ഡണിലെ നദാലിന്‍റെ വിജയം ആണ് എല്ലാം മാറ്റി മറിച്ചത്. ആ വിജയത്തിന് പിന്നാലെ ലോക ഒന്നാം നമ്പര്‍ പദവിയും, ഇപ്പോഴിതാ ഓസ്ട്രേലിയന്‍ ഓപ്പണും നദാല്‍ നേടിക്കഴിഞ്ഞു. എല്ലാ പ്രതലങ്ങളിലും നദാലിന് ഫെഡററിനു മുകളിലുള്ള ആദിപത്യം ഇതോടെ പൂര്‍ത്തിയായിരിക്കുന്നു. ഇനിയൊരു തിരിച്ചുവരവ് കഴിഞ്ഞേക്കില്ല എന്ന് തിരിച്ചറിയുമ്പോള്‍ ഫെഡററും ആരാധകരും എങ്ങനെ വിതുമ്പാതിരിക്കും. ഇനിയൊരിക്കല്‍ കൂടെ നദാലിനെ തോല്‍പ്പിക്കാനുള്ള മനോധൈര്യം ഫെഡറര്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല! അതിന് കഴിയാതെ ഫ്രഞ്ച് ഓപ്പണും ഗ്രാന്‍ഡ്‌ സ്ലാമും വിദൂര സ്വപ്നങ്ങള്‍ മാത്രം.

എല്ലാ പ്രതലങ്ങളിലും ഗ്രാന്‍ഡ് സ്ലാം വിജയിച്ച, വിരലില്‍ എണ്ണാവുന്ന ഇതിഹാസങ്ങളുടെ നിരയിലേക്ക് നദാല്‍ ഉയര്‍ന്നു കഴിഞ്ഞു. യു എസ് ഓപ്പണും, ഗ്രാന്‍ഡ് സ്ലാമും നേടാന്‍ തീര്‍ച്ചയായും അദ്ദേഹത്തിന് കഴിയേണ്ടതാണ്. ഈ വര്‍ഷം തന്നെ അതുണ്ടായേക്കാം! ഇല്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍. ഒരു ചാമ്പ്യന്‍റെ പതനവും, മറ്റൊരു ഇതിഹാസ താരത്തിന്‍റെ അജയ്യമായ കുതിപ്പിന്‍റെ തുടക്കവും ആണോ നമ്മള്‍ ഇന്നലെ കണ്ടത്?

"ഈ കളിയെ ഞാന്‍ അതിരറ്റ് സ്നേഹിക്കുന്നു. അത് കൊണ്ടു തന്നെ ഈ തോല്‍വി വിഷമിപ്പിക്കുന്നതാണ്" - വിതുമ്പിപ്പോയതിനെ കുറിച്ചു ഫെഡററുടെ പ്രതികരണം ഇതായിരുന്നു. സ്വന്തം മനസ്സിലെ പ്രേതങ്ങളെ കീഴടക്കാനും, 14 ഗ്രാന്‍ഡ് സ്ലാം എന്ന സംപ്രസ്സിന്‍റെ റിക്കാര്‍ഡ് തകര്‍ക്കാനും, ഒരിക്കലെങ്കിലും നദാലിനെ തോല്‍പ്പിച്ച് ഫ്രഞ്ച് ഓപ്പണ്‍ നേടാനും അദ്ദേഹത്തിനാവട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം. ഏകപക്ഷീയമായ ഫെഡറര്‍ - നദാല്‍ മല്‍സരങ്ങള്‍ നമുക്കു വേണ്ട. ഇനിയുമൊരു പാട് ആവേശം കൊള്ളിക്കുന്ന ഫെഡറര്‍ - നദാല്‍ പോരാട്ടങ്ങള്‍ക്ക് ഫെഡററുടെ തിരിച്ചു വരവ് വഴിയൊരുക്കട്ടെ.